Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

പടിഞ്ഞാറേ കോട്ടയിലെ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചവർക്ക് വിഷബാധ

തൃശൂർ: പടിഞ്ഞാറേ കോട്ടയിലെ ഹോട്ടലിൽ നിന്ന് ചൊവ്വാഴ്ച വൈകിട്ട് ഭക്ഷണം കഴിച്ച് ഏഴു പേർക്ക് ഭക്ഷ്യ വിഷബാധയേറ്റു. വിഷബാധയേറ്റ അവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. സംഭവം അതീവ ഗുരുതരമായ വിഷയമാണെന്ന് നഗരാസൂത്രണ കാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ജോൺ ഡാനിയൽ പറഞ്ഞു.  തൃശൂരിൽ കോർപ്പറേഷന്റെ  പരിശോധന കാര്യ ക്ഷമമല്ലെന്ന് നേരത്തെ തന്നെ പരാതി ഉന്നയിച്ചിരുന്നു. എന്നാൽ ഇതു ബന്ധപ്പെട്ടവർ മുഖവിലക്കെടുത്തില്ല എന്നതിന്റെ തെളിവാണ് ഹോട്ടലിലെ ഭക്ഷണം കഴിച്ചുണ്ടായ ഭക്ഷ്യ വിഷബാധ.  പരിശോധന കാര്യക്ഷമല്ലായിരുന്നു എന്നതിന്റെ തെളിവാണ് ഇക്കാലയളവിൽ ഒരു ഹോട്ടൽ പോലും പരിശോധനയുടെ പേരിൽ നടപടി നേരിട്ടില്ല എന്നത്. ജനങ്ങളുടെ ജീവൻ വെച്ചാണ് കോർപ്പറേഷൻ  നിസ്സംഗത തുടരുന്നത്.

നഗര പരിധിയിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ കുറ്റവാളി കോർപ്പറേഷൻ ഭരണനേതൃത്വമാണ്. കാസർകോട് ഷവർമ കഴിച്ച് വിദ്യാർഥി മരിക്കാനിടയായ സാഹചര്യത്തിൽ മുഴുവൻ ഭക്ഷ്യ-ശീതള പാനീയ വിൽപ്പന കേന്ദ്രങ്ങളിലും കർശനമായ പരിശോധനക്കും നടപടിക്കും സർക്കാർ നിർദേശം നൽകിയിട്ടും തൃശൂർ നഗരത്തിൽ പരിശോധന കാര്യക്ഷമമായിരുന്നില്ല.

പരിശോധനാ നിർദേശം കോർപ്പറേഷൻ അട്ടിമറിച്ചതായും അടിയന്തരമായി ഇടപെടാൻ ആവശ്യപ്പെട്ട് മെയ് ഒമ്പതിന് രേഖാമൂലം മേയർക്ക് കത്ത് നൽകിയിട്ടും മുഖവിലക്കെടുക്കാതെ അപകടസാഹചര്യം വരുത്തിവെച്ച മേയറുടെയും ഭരണനേതൃത്വത്തിന്റെയും കുറ്റകരമായ അനാസ്ഥയാണ് ഇപ്പോൾ ഹോട്ടലിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റെന്ന വിവരം പുറത്ത് വരുന്നതിന് പിന്നിൽ.

സംസ്ഥാനത്തിൻറെയും ജില്ലയുടെയും വിവിധ ഭാഗങ്ങളിൽ നിന്നും പഴകിയ ഭക്ഷണ പദാർഥങ്ങൾ പിടികൂടിയതിന്റെയും പരിശോധനയുടെയും വിവരങ്ങൾ ദിവസവും മാധ്യമങ്ങളിലൂടെ പുറത്ത് വന്നപ്പോഴും കോർപ്പറേഷൻ പരിധിയിൽ പരിശോധനയോ പഴകിയ ഭക്ഷണ സാധനങ്ങൾ കണ്ടെത്തിയതോ സംബന്ധിച്ച് ഒരു വിവരവും പുറത്ത് വന്നിരുന്നില്ല. കഴിഞ്ഞ ദിവസമാണ് കോർപ്പറേഷൻ പരിധിയിൽ ഗവ.എൻജിനിയറിങ് കോളേജ് ഹോസ്റ്റലിലെ വിദ്യാർഥിക്ക് ഷിഗെല്ല സ്ഥിരീകരിച്ച സംഭവമുണ്ടാകുന്നത്. അടുത്ത ദിവസം ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും നടത്തിയ പരിശോധനയിൽ ഇവിടെ ബേക്കറിയിൽ ദിവസങ്ങളോളം പഴക്കമുള്ള വസ്തുക്കൾ കണ്ടെത്തിയത് കോർപ്പറേഷൻ ആരോഗ്യ വിഭാഗം പരിശോധന നടത്തിയിട്ടില്ലെന്ന കാര്യം സ്ഥിരീകരിക്കുന്നതാണ്. പടിഞ്ഞാറേക്കോട്ടയിലെ അൽ മദീന ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ഇപ്പോൾ ഭക്ഷ്യവിഷബാധയേറ്റതെന്നാണ് പറയുന്നത്. ഭരണ കെടുകാര്യസ്ഥതയിൽ നാട്ടിൽ ദുരന്തമൊരുക്കാനാണ് കോർപ്പറേഷൻ ശ്രമിക്കുന്നത്. സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മേയറും ഭരണസമിതിയും രാജിവെക്കണം എന്ന് ഡാനിയൽ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *