കോഴിക്കോട് : താമരശ്ശേരിയിലെ പത്താംക്ലാസ് വിദ്യാര്‍ഥി ഷഹബാസിനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ഒരു വിദ്യാര്‍ഥികൂടെ പിടിയില്‍. പത്താംക്ലാസ് വിദ്യാര്‍ഥിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇന്ന്്് രാവിലെയാണ് ഈ വിദ്യാര്‍ഥിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥിയെയാണ് കസ്റ്റഡിയിലെടുത്തത് എന്നാണ് പോലീസ് പറയുന്നത്. കുട്ടിയെ വിശദമായി ചോദ്യംചെയ്യും.
മുഹമ്മദ് ഷഹബാസിനെ കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ വിദ്യാര്‍ഥികളുടെ പങ്ക് അന്വേഷിക്കുന്നതിനിടയിലാണ് ഒരാള്‍ കൂടി പിടിയിലായിരിക്കുന്നത്. നേരിട്ട് പങ്കെടുത്തത് അഞ്ച് വിദ്യാര്‍ഥികളാണെങ്കിലും കൂടുതല്‍ പേര്‍ ആസൂത്രണം ചെയ്തതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന. കൊലപാതകം നടക്കുന്ന സമയത്ത് ഉണ്ടായിരുന്നവരുടെയും വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ഉള്‍പ്പെട്ടിരുന്ന കുട്ടികളെ കുറിച്ചും പൊലീസ് അന്വേഷിച്ച് വരികയാണ്.
എസ്എസ്എല്‍സി പരീക്ഷ നടക്കുന്നതിനാല്‍ വിദ്യാര്‍ഥികളില്‍ നിന്ന് വിവരങ്ങള്‍ തേടുന്നതിന് പരിമിതി ഉണ്ട്. അതേസമയം ഇതുവരെയുള്ള അന്വേഷണത്തില്‍ കുട്ടികളുടെ മാതാപിതാക്കളുടേയും മുതിര്‍ന്നവരുടേയും പങ്ക് കണ്ടെത്താനായിട്ടില്ല. ഇന്‍സ്റ്റാഗ്രാമിലെയും വാട്സ്ആപ്പിലെയും ഗ്രൂപ്പ് ചാറ്റുകള്‍ പുറത്തുവന്നിരുന്നു. ഇതില്‍ നിലവില്‍ കസ്റ്റഡിയിലുള്ള അഞ്ച് വിദ്യാര്‍ഥികളെ കൂടാതെ ആസൂത്രണത്തില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ക്വട്ടേഷന്‍ബന്ധമുണ്ടെന്ന് ആരോപണം നേരിടുന്ന വ്യക്തി ഉള്‍പ്പെടെയുള്ളവര്‍ക്ക് അക്രമത്തില്‍ നേരിട്ട് പങ്കുണ്ടോയെന്നതാണ് അന്വേഷണസംഘം പരിശോധിക്കുന്നത്.
മുഹമ്മദ് ഷഹബാസിന്റെ തലയോട്ടി അടിച്ചുതകര്‍ക്കാനുപയോഗിച്ച നഞ്ചക്ക് കുറ്റാരോപിതരില്‍ പ്രധാനിയുടെ രക്ഷിതാവ് ഉപയോഗിക്കുന്നതാണെന്ന് പോലീസിന് നേരത്തേ സൂചന ലഭിച്ചിരുന്നു. ഇദ്ദേഹത്തിന്റെ വീട്ടില്‍ നിന്നാണ് കരാട്ടെ പരിശീലനത്തിനുപയോഗിക്കുന്ന ഈ ആയുധം അന്വേഷണസംഘം കണ്ടെത്തിയതും. നഞ്ചക്ക് ഫോറന്‍സിക് സര്‍ജന്റെ നേതൃത്വത്തില്‍ ശാസ്ത്രീയപരിശോധനയ്ക്ക് വിധേയമാക്കി..