കൊച്ചി: ലഹരിക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട നടൻ ഷൈൻ ടോം ചാക്കോ ജാമ്യം കിട്ടി പുറത്തിറങ്ങി. എൻഡിപിഎസ് 27 (ബി), 29 വകുപ്പുകളും ഭാരതീയ നിയമ സംഹിതയിലെ 237, 238 പ്രകാരം തെളിവ് നശിപ്പിക്കലും എന്നീ കുറ്റങ്ങളാണ് ഷൈനെതിരെ ചുമത്തിയിട്ടുള്ളത്. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനും ശാസ്ത്രീയ വൈദ്യ പരിശോധനകൾക്കും ശേഷമാണ് ഷൈന്‍ പുറത്തിറങ്ങിയത്. ഷൈൻ തെളിവ് നൽകാതിരിക്കാൻ രക്ഷപ്പെട്ടെന്നാണ് എഫ്ഐആറില്‍ പറയുന്നത്. താരം മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു എന്നു ഉത്തമ വിശ്വാസം വന്നു. ജാമ്യം കിട്ടി പുറത്തിറങ്ങിയ ഷൈൻ അതിവേഗം കാറിൽ കയറി മടങ്ങുകയായിരുന്നു. . ഷൈൻ വെളിപ്പെടുത്തിയിട്ടുള്ള കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസിന്റെ തുടര്‍ നീക്കങ്ങളാകും ഇത് തീരുമാനിക്കുക. അതേസമയം, വിൻസിയുടെ പരാതിക്ക് അടിസ്ഥാനമില്ലെന്നും ഈഗോയുടെ പുറത്ത് വന്നതാണെന്നുമാണ് ഷൈൻ പൊലീസിനോട് പറഞ്ഞത്. വിൻസി കുടുംബ സുഹൃത്താണെന്നും ഷൈൻ ടോം ചാക്കോ പറഞ്ഞു. താൻ അപമര്യാദയായി പെരുമാറിയെന്ന് പറയുന്നത് തെറ്റാണ്. ഇക്കാര്യം സൂത്രവാക്യം സിനിമയുടെ സംവിധായകനോ നിര്‍മാതാവോ ശരിവെയ്ക്കില്ലെന്നും ഷൈൻ ടോം ചാക്കോ പൊലീസിനോട് പറഞ്ഞു. സിനിമയുടെ സെറ്റിൽ താൻ രാസലഹരി ഉപയോഗിച്ചിട്ടില്ലെന്നും ഷൈൻ മൊഴി നൽകി.
ആലപ്പുഴയിൽ അറസ്റ്റിലായ ലഹരി കച്ചവടക്കാരി തസ്ലിമയുമായി ബന്ധമുണ്ടെന്ന് ഷൈൻ സമ്മതിച്ചു. കൂടാതെ, മെത്താഫിറ്റമിനും കഞ്ചാവും ഉപയോഗിക്കുമെന്നും ഷൈൻ തുറന്ന് പറഞ്ഞു.