കൊച്ചി: ആധ്യാത്മിക പ്രഭാഷണങ്ങളിലൂടെ ഭക്തമനസ്സുകളില്‍ ഇടം നേടിയ ഡോ. എന്‍. ഗോപാലകൃഷ്ണന്‍ അന്തരിച്ചു. 68 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാത്രി ഒന്‍പത് മണിയോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ലളിതമായ അദ്ധ്യാത്മിക പ്രഭാഷണങ്ങളിലൂടെ ശ്രദ്ധപിടിച്ചു പറ്റിയ അദ്ദേഹം 6000-ല്‍ അധികം പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്. യുഎസ്, കാനഡ, യുകെ, മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ അദ്ദേഹം നിരവധി തവണ സന്ദര്‍ശിച്ചു. ഇന്ത്യന്‍, വിദേശ സര്‍വകലാശാലകളില്‍ നിരവധി പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്.
അദ്ദേഹവും സഹപ്രവര്‍ത്തകരും ചേര്‍ന്ന് 1999-ല്‍ തിരുവനന്തപുരത്ത് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് സ്ഥാപിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപക ഡയറക്ടറായ അദ്ദേഹം ഇന്ത്യന്‍ ശാസ്ത്ര പൈതൃകം പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനുമായി മുഴുവന്‍ സമയവും നീക്കി വെച്ചു. സംസ്‌കൃതത്തിലെ ഗവേഷണത്തിനും പഠനത്തിനും ഡി.ലിറ്റ് ലഭിച്ച ഏക ശാസ്ത്രജ്ഞനാണ് അദ്ദേഹം.
28 വര്‍ഷത്തെ ഗവേഷണ പരിചയമുള്ള ഡോ. എന്‍ ഗോപാലകൃഷ്ണന്‍ ദേശീയ അന്തര്‍ദേശീയ ശാസ്ത്ര ജേണലുകളില്‍ 50 ശാസ്ത്ര ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 7 പേറ്റന്റുകള്‍, ശാസ്ത്ര ഗവേഷണത്തിനുള്ള 6 അവാര്‍ഡുകള്‍, ഇന്ത്യയിലും വിദേശത്തുനിന്നും 9 ശാസ്ത്ര ജനകീയവല്‍ക്കരണ അവാര്‍ഡുകള്‍, രണ്ട് ഫെലോഷിപ്പുകള്‍ എന്നിവ നേടി. 60 പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ് അദ്ദേഹം.