ന്യൂഡല്‍ഹി: ആശാവര്‍ക്കര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന്റെ സഹായം തേടും. ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ഇന്ന് വീണ്ടും ഡല്‍ഹിയിലെത്തും. രാവിലെ ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന മന്ത്രി, അവിടെ നിന്നും കേരള ഹൗസിലേക്ക് പോകും. ഉച്ചയ്ക്ക് ശേഷം കേന്ദ്ര ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ചക്ക് സമയം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉച്ചയ്ക്ക് 2 നും മൂന്നിനുമിടയില്‍ കൂടിക്കാഴ്ച നടക്കുമെന്നാണ് കരുതുന്നത്.
കഴിഞ്ഞ തവണ ക്യൂബന്‍ സംഘത്തെ കാണാന്‍ ദില്ലിയിലെത്തിയ ആരോഗ്യമന്ത്രി ജെ പി നദ്ദയുമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടിയിരുന്നെങ്കിലും പാര്‍ലമെന്റ് നടക്കുന്ന സമയമായതിനാല്‍ ലഭിച്ചില്ല. തുടര്‍ന്ന് രണ്ട് നിവേദനങ്ങള്‍ ആരോഗ്യമന്ത്രി കേന്ദ്ര മന്ത്രിയുടെ ഓഫീസിലേക്ക് നല്‍കിയിരുന്നു. ആശമാരുടെ ഇന്‍സെന്റീവ് വര്‍ധിപ്പിക്കണമെന്നാണ് ഈ നിവേദനത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ തടഞ്ഞുവെച്ച 637 കോടി രൂപ എത്രയും വേഗം നല്‍കണം, എയിംസ് അനുവദിക്കണം, കാസര്‍കോടും വയനാടും മെഡിക്കല്‍ കോളേജിന് സഹായം നല്‍കണം തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തില്‍ ആവശ്യപ്പെട്ടത്.