തൃശൂര്‍: ശങ്കരംകുളങ്ങര ക്ഷേത്രത്തില്‍ ഗജശ്രേഷ്ഠന്‍ മണികണ്ഠന്റെ ശില്പഭംഗി തുളുമ്പുന്ന പൂര്‍ണകായപ്രതിമ അനാഛാദനം ചെയ്തു. അഞ്ചരപതിറ്റാണ്ടിലധികം കാലം പൂരനഗരിയില്‍ നിറസാന്നിധ്യമായിരുന്ന കൊമ്പന് മണികണ്ഠന് ഓര്‍മയായിട്ട്് ഒരു വര്‍ഷം തികയുന്നദിനത്തിലായിരുന്നു പൂര്‍ണകായപ്രതിമയുടെ അനാഛാദനവും നടത്തിയത്. പുറനാട്ടുകര ശ്രീകൃഷ്ണാശ്രമം മഠാധിപതി സ്വാമി സദ്ഭാവനന്ദജി പ്രതിമ അനാഛാദനം ചെയ്തു. ശില്പി സൂരജ് നമ്പ്യാട്ടിനെയും, പ്രതിമയുടെ നിര്‍മാണത്തില്‍ പങ്കെടുത്ത കലാകാരന്മാരെയും, മണികണ്ഠന്റെ പാപ്പാന്മാരെയും ചടങ്ങില്‍ ആദരിച്ചു.
ആന ചികിത്സാ വിദഗ്ധന്‍ ഡോ.പി.ബി.ഗിരിദാസ്, ശങ്കരംകുളങ്ങര ദേവസ്വം ഭാരവാഹികളായ പ്രശാന്ത് മറുവഞ്ചേരി, ഡോ.രതീഷ് മേനോന്, മരുതുര്‍ നന്ദകുമാര്‍, മൈലാത്ത് ഗിരീഷ് മേനോന്, ദിനേഷ്.കെ.രാമദാസ്
എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. തുടര്‍ന്ന് ആനയൂട്ടും നടത്തി.
നിലമ്പൂര്‍ കോവിലകത്തിന്റെ വാരിക്കുഴിയില്‍ വീണ കുട്ടിക്കൊമ്പനെ 1966 ഫെബ്രുവരി 5ന് ശങ്കരംകുളങ്ങര ദേവസ്വം സ്വന്തമാക്കുകയായിരുന്നു.
പൂരങ്ങളുടെ നാട്ടിലെ ആദ്യത്തെ കുട്ടിക്കൊമ്പനായ ശങ്കരംകുളങ്ങര മണികണ്ഠന് അന്‍പത് വര്‍ഷത്തിലേറെക്കാലം തൃശൂര്‍ പൂരത്തില്‍ പങ്കെടുത്തു.