തൃശൂര്‍ : സഹകരണ ബാങ്കുകളിലെപ്പോലെ തന്നെ കേരളത്തില്‍ ദേവസ്വം ബോര്‍ഡുകളിലും അഴിമതിയും ക്രമക്കേടുമുണ്ടെന്ന് സുരേഷ് ഗോപി പത്രസമ്മേളനത്തില്‍ ആരോപിച്ചു. ഇവിടെയും ഏകീകൃത കേന്ദ്ര നിയമം വേണം. അതിനായി ശ്രമം നടത്തുന്നുണ്ട്. കേന്ദ്രത്തിലും ദേവസ്വം മന്ത്രിയുണ്ടാകും.
കരുവന്നൂര്‍ സമരം മനുഷ്യത്വത്തിന്റെ വിഷയമാണ്. രാഷ്ട്രീയമില്ല.
തൃശൂരില്‍ തനിക്ക് മത്സരിക്കാന്‍ വേണ്ടിയാണ് ഇ.ഡി റെയ്ഡുകള്‍ നടത്തുന്നതെന്ന സി.പി.എം ആരോപണങ്ങളില്‍ വാസ്തവമില്ല.ഒരു വര്‍ഷത്തിന് മുന്‍പ് തന്നെ താന്‍ കരുവന്നൂരിലെ ഇരകളുടെ വീട്ടില്‍ എത്തിയിരുന്നു.
സഹകരണ സംഘങ്ങള്‍ നിലനില്‍ക്കണം. സഹകരണ സംഘങ്ങളില്‍ പണം നിക്ഷേപിച്ചവരുടെ താത്പര്യങ്ങളും സംരക്ഷിക്കപ്പെടണം. എന്നാല്‍ നിയമാനുസൃതമായിരിക്കണം ഈ പ്രവര്‍ത്തനങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
80 കളിലും 90 കളിലും കമ്യൂണിസ്റ്റുകള്‍ ബലമായി സഹകരണ സംഘങ്ങള്‍ പിടിച്ചെടുത്തതിന് ശേഷമാണ് ഇത്തരം ക്രമക്കേടുകള്‍ വ്യാപകമായത്.
കള്ളപ്പണത്തിന്റേയും തട്ടിപ്പിന്റേയും കേന്ദ്രമായി സഹകരണ സംഘങ്ങളെ മാറ്റിക്കൂടാ. സഹകരണ മേഖലയില്‍ ഏകീകൃത കേന്ദ്ര നിയമം നടപ്പാക്കണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.
പദയാത്ര ഡ്രാമയെന്ന് വിമര്‍ശിക്കുന്നവര്‍ കമ്മ്യൂണിസത്തിന്റെ തിമിരം ബാധിച്ചവരാണ്.. ഞാന്‍ പഴയ എസ്.എഫ്.ഐക്കാരനാണെന്ന്. മുഖ്യമന്ത്രിക്കും, നായനാര്‍ക്കും അറിയാം. പക്ഷേ ഗോവിന്ദനറിയില്ലെന്നായിരുന്നു കരുവന്നൂരില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നടത്തിയ ഇ.ഡി വരുന്നത് സുരേഷ് ഗോപിയെ സഹായിക്കാനാണെന്ന ആരോപണത്തില്‍ സുരേഷ് ഗോപിയുടെ പ്രതികരണം.
പദയാത്രയുടെ ചില വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പദയാത്രയ്ക്ക് ശരീരം പൂര്‍ണ്ണമായും വഴങ്ങിയിരുന്നില്ല. അതുമാത്രമാണ് ഉണ്ടായ അസ്വസ്ഥത’ മറ്റിടങ്ങളിലും പദയാത്രകള്‍ക്കൊപ്പമുണ്ടാകുമെന്നും സുരേഷ് ഗോപി അറിയിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പിന് ഇനിയും ആറ് മാസം കൂടിയുണ്ടെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.