തൃശൂർ : വിവാദക്കുരുക്കിലകപ്പെടാതിരിക്കാനുള്ള കരുതലുമായാണ് ബി.ജെ.പി നേതാവും നടനുമായ സുരേഷ്‌ഗോപി ഓട്ടോഡ്രൈവര്‍മാര്‍ക്കായി നടുവിലാലില്‍ നടത്തിയ എസ്.ജി കോഫീ ടൈംസ് പരിപാടിയ്‌ക്കെത്തിയത്.
നാടിന്റെ പ്രശ്‌നങ്ങളിലൂന്നിമാത്രമാണ് അദ്ദേഹം നഗരത്തിലെ ഓട്ടോഡ്രൈവര്‍മാരുമായി സംവദിച്ചത്.
തകര്‍ന്ന റോഡുകളിലൂടെയും, ഗതാഗതക്കുരുക്കിലും ദുരിതസവാരി നടത്തുന്ന ഓട്ടോഡ്രൈവര്‍മാര്‍ക്ക് ആവേശവും, ആശ്വാസവുമായി സുരേഷ്‌ഗോപിയുടെ സാമീപ്യം.
രൂക്ഷമായ ഗതാഗതക്കുരുക്കായിരുന്നു നാട്ടില്‍ നെട്ടോട്ടമോടുന്ന ഓട്ടോഡ്രൈവര്‍മാരുടെ പ്രധാന പ്രശ്‌നം. ഗതാക്കുരുക്ക് പരിഹരിക്കാന്‍ മണ്ണുത്തിയില്‍ നിന്ന് കുന്നംകുളത്തേക്ക് ബൈപാസ് റോഡുണ്ടായാല്‍ മതിയെന്ന് സുരേഷ് ഗോപി പറഞ്ഞു. ഇതിന്റെ പദ്ധതി രേഖ കേന്ദ്രത്തിന് മേയര്‍ അയച്ചുകഴിഞ്ഞുവെന്നും അദ്ദേഹം അറിയിച്ചു.
ശൗചാലയങ്ങളുടെ കുറവുകളും, വെള്ളക്കെട്ടും, മാലിന്യപ്രശ്‌നവും എല്ലാം ഓട്ടോക്കാര്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. അപകടങ്ങള്‍ പതിവായ തൃശൂര്‍-കൊടുങ്ങല്ലര്‍ റൂട്ടില്‍ ആശുപത്രി സംവിധാനം വേണമെന്നും, നഗരത്തില്‍ അഴുക്കുചാല്‍ പദ്ധതി വേണമെന്നും ആവശ്യമുയര്‍ന്നു. ഓട്ടോഡ്രൈവര്‍മാര്‍ക്ക്് ഇ.എസ്.ഐ ആവശ്യത്തിന് സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തും.
അടിസ്ഥാന പ്രശ്‌നങ്ങള്‍ അറിയാനാണ് ഇത്തരമൊരു പരിപാടിയെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി ജില്ലാ പ്രസിഡണ്ട് കെ.കെ.അനീഷ്‌കുമാര്‍, രഘുനാഥ്.സി.മേനോന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
അഞ്ചുവര്‍ഷത്തേക്ക് തൃശ്ശൂര്‍ മാത്രം തന്നാല്‍ പോര, കേരളംകൂടി തരണമെന്ന് സുരേഷ് ഗോപി അഭ്യര്‍ത്ഥിച്ചു. അഞ്ചുവര്‍ഷംകൊണ്ട് പറ്റുന്നില്ലെങ്കില്‍ അടിയും തന്ന് പറഞ്ഞുവിട്ടോളൂ എന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രഭരണം കൈയിലിരിക്കുമ്പോള്‍ത്തന്നെ കേരളവും തൃശ്ശൂരും തരണമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
https://youtu.be/ld6mhQmVY0c?si=_h-VAUN1Y8vzUwgk