തൃശൂർ : 63-മത് സംസ്ഥാന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വിജയകിരീടം നേടിയ തൃശ്ശൂര്‍ ജില്ലയിലെ കലാപ്രതിഭകള്‍ക്ക് റവന്യു വകുപ്പ് മന്ത്രി കെ. രാജന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. കൊരട്ടിയില്‍ നിന്നും തുടങ്ങി ചാലക്കുടി, പുതുക്കാട്, ഒല്ലൂര്‍, തൃശ്ശൂര്‍ മോഡല്‍ ഗേള്‍സ് സ്‌കൂള്‍ എന്നീ കേന്ദ്രങ്ങളിലായി സ്വീകരണം ഏറ്റുവാങ്ങി സ്വീകരണ പരിപാടി റവന്യുവകുപ്പ് മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്തു.
കലോത്സവത്തില്‍ കുട്ടികള്‍ അവതരിപ്പിച്ച കലാസപര്യ ജില്ലയിലെ എല്ലാവര്‍ക്കും കണ്ടാസ്വദിക്കാന്‍ കഴിയുന്നവിധം വിജയമാഘോഷിക്കാന്‍ തൃശ്ശൂരിന്റെ ഒരു സുവര്‍ണ്ണോത്സവം സംഘടിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
290 ഇനങ്ങളിലാണ് ലോകത്തെതന്നെ ഏറ്റവും വലിയ സ്‌കൂള്‍ കുട്ടികളുടെ കലോത്സവമായ സംസ്ഥാന സ്‌കൂള്‍ കലോത്സവ മത്സരം നടന്നത്. അതില്‍ 289 ഇനങ്ങളിലും പങ്കെടുത്ത് ചരിത്രത്തിലാദ്യമായി 280 ഇനങ്ങളില്‍ എ ഡ്രേും 9 ഇനങ്ങളില്‍ ബി ഗ്രേഡുമായി 289 ഇനങ്ങളിലും സമ്മാനം വാങ്ങിയ ജില്ല തൃശ്ശൂരാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. ചരിത്രത്തിലാദ്യമായി കലാമാമാങ്കത്തില്‍ 1008 പോയിന്റ് കേരളത്തിലാദ്യമായി നേടിയ ജില്ലയാണ് തൃശ്ശൂര്‍. 1008 ഓവറോള്‍ പോയിന്റ് നേടി ഹയര്‍ സെക്കണ്ടറിയിലും ഹൈസ്‌കൂളിലും ഒന്നാമതായി. സംസ്‌കൃതോത്സവത്തിലും അറബി കലോത്സത്തിലും തൃശ്ശൂരിനഭിമാനമായ പ്രകടനം കാഴ്ചവെച്ചു. കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശ്ശൂര്‍ ഇനി അറിയപ്പെടാന്‍ പോകുന്നത് കലോത്സവ കിരീടം തൃശ്ശൂരിലേക്കെത്തിച്ച കലാപ്രതിഭകളുടെ പേരിലായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
തൃശ്ശൂര്‍ ടൗണ്‍ഹാളില്‍ നടത്തിയ സ്വീകരണ പരിപാടിയില്‍ പി. ബാലചന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ചടങ്ങിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് സ്വാഗതവും ജില്ലാ വിദ്യഭ്യാസ ഉപ ഡയറക്ടര്‍ എ.കെ അജിതകുമാരി നന്ദിയും പറഞ്ഞു. എം.എല്‍.എ മാരായ സേവ്യര്‍ ചിറ്റിലപ്പിള്ളി, യു.ആര്‍ പ്രദീപ്, ജില്ലാ പഞ്ചായത്തംഗം ജോസഫ് ടാജറ്റ്, തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ ഷാജന്‍, എഡിഎം ടി. മുരളി, ഡി.എച്ച്.എസ്.ഇ ആര്‍.ഡി.ഡി പി.ജി ദയ, തൃശ്ശൂര്‍ ജി.എം.ജി.എച്ച്.എസ് എച്ച്.എം കെ.പി ബിന്ദു തുടങ്ങിയവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.