പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ മേനോൻ എയ്ഡഡ് സ്കൂൾ അദ്ധ്യാപകനായിരിക്കെ തന്റെ ഇരുപത്തിയഞ്ചാം വയസ്സിൽ ഹെഡ്മാസ്റ്ററായി റെക്കോർഡ് സൃഷ്ടിച്ചു
കൊച്ചി: മുതിർന്ന സിപിഎം നേതാവും മുൻ ധനകാര്യ മന്ത്രിയുമായിരുന്ന ശിവദാസമേനോൻ, 90, അന്തരിച്ചു.
ഇന്നുച്ചയ്ക്ക് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ന്യൂമോണിയ ബാധിച്ച് ചികിത്സയിലിരിക്കെ രണ്ടു ഹൃദയാഘാതങ്ങൾ ഉണ്ടായ ശേഷമായിരുന്നു അദ്ദേഹത്തിൻറെ മരണം.
പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ മേനോൻ എയ്ഡഡ് സ്കൂൾ അദ്ധ്യാപകനായിരിക്കെ തന്റെ ഇരുപത്തിയഞ്ചാം വയസ്സിൽ ഹെഡ്മാസ്റ്ററായി റെക്കോർഡ് സൃഷ്ടിച്ചു.
സ്കൂളിൽ കെമിസ്ട്രിയാണ് ശിവദാസമേനോൻ പഠിപ്പിച്ചിരുന്നത്. കേരളത്തിലെ എയ്ഡഡ് സ്കൂൾ അധ്യാപകരെ സംഘടിപ്പിക്കുന്നതിന് അദ്ദേഹം മുഖ്യ പങ്കുവഹിച്ചു. കല്ലുവാതുക്കൽ മദ്യ ദുരന്തം 2000 ത്തിൽ സംഭവിച്ചപ്പോൾ നായനാർ മന്ത്രിസഭയിൽ ശിവദാസമേനോൻ ധനം – എക്സൈസ് മന്ത്രിയായിരുന്നു.
കർക്കശക്കാരനായ പാർട്ടി പ്രവർത്തകൻ ആയിരുന്നെങ്കിലും തീർത്തും സൗഹാർദ്ദപരമായി ആളുകളുമായി ഇടപെട്ടു.
വൈദ്യുതി, ഗ്രാമവികസന മന്ത്രിയായും ശിവദാസ് മേനോൻ പ്രവർത്തിച്ചിട്ടുണ്ട്.
കടുത്ത പിണറായി വിജയൻ പക്ഷക്കാരനായ മേനോൻ മൂന്നുതവണ മലമ്പുഴ നിയോജക മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1984 പാലക്കാട് നിന്ന് ലോകസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
ഇംഗ്ലീഷിൽ നല്ല പരിജ്ഞാനം ഉണ്ടായിരുന്ന മേനോൻ എകെജി സെന്ററിൽ വരുന്ന വിദേശികളെ സ്വീകരിച്ച് പാർട്ടി പ്രവർത്തനങ്ങളെ പറ്റി വിശദീകരിച്ചിരുന്നു. നായനാർ മുഖ്യമന്ത്രിയായിരുന്ന സമയത്ത് നിയമ മന്ത്രിയായിരുന്ന ഇ. ചന്ദ്രശേഖരൻ നായരോടൊപ്പം മുഖ്യമന്ത്രിയുടെ പത്രസമ്മേളനങ്ങളിൽ പങ്കെടുത്തു ചോദ്യങ്ങൾക്ക് ഇംഗ്ലീഷിൽ മറുപടി പറയുന്ന അദ്ദേഹത്തിൻറെ രീതി ശ്രദ്ധേയമായിരുന്നു.
അവസാന നാളുകളിൽ മഞ്ചേരിയിലുള്ള മകളുടെ കൂടെയായിരുന്നു താമസം.