Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

പ്രതിയായ അസി.പ്രിസണ്‍ ഓഫീസറുടെ ജാമ്യാപേക്ഷ തള്ളി

പണം വാങ്ങി ജയിലിലെ തടവുകാര്‍ക്ക് ബീഡിയും ഹാന്‍സും നല്‍കി

തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിനുള്ളില്‍ പണം വാങ്ങി തടവുകാര്‍ക്ക് ബീഡിയും, ഹാന്‍സും വാങ്ങിക്കൊടുത്ത കേസില്‍ പ്രതിയും വിയ്യൂര്‍ ജയിലിലെ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസറുമായ കാലടി സ്വദേശി  എ.എച്ച്.അജുമോന്റെ  (40)  മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി തൃശ്ശൂര്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ജി. ഗിരീഷ് ഉത്തരവായി. കേസില്‍ പ്രതി ചേര്‍ത്തതറിഞ്ഞ് അജുമോന്‍ ഒളിവില്‍ പോയിരുന്നു. ഒളിവിലിരിക്കെയാണ് പ്രതി ജില്ലാ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞ മാസം  25ന്  ജയില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ കിച്ചന്‍ ബ്ലോക്കിനടുത്തു നിന്നും, സെല്ലുകള്‍ക്കടുത്തു നിന്നും 12 ബണ്ടില്‍ ബീഡിയും, 12 ബണ്ടില്‍ ഹാന്‍സും കണ്ടെടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍  ഡ്യൂട്ടിയിലുണ്ടായിരുന്ന അസി. പ്രിസണ്‍ ഓഫീസറായ അജുമോന്‍ തടവുകാരുടെ ബന്ധുക്കളില്‍ നിന്നും ഗൂഗിള്‍ പേ വഴി പണം വാങ്ങി ഇത്തരം നിരോധിതവസ്തുക്കള്‍ ജയിലിലെ തടവുകാര്‍ക്ക് നല്‍കുന്നതായി തെളിഞ്ഞു. ചില തടവുകാര്‍ ജയിലിലെ മറ്റൊരു അസി. പ്രിസണ്‍ ഓഫീസറായ  ഡി.എസ്. രാഹുലിനെ ഇക്കാര്യം അറിയിച്ചിരുന്നു.  തുടര്‍ന്ന് ഇതു സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് വിയ്യൂര്‍ ജയില്‍ സൂപ്രണ്ട് വിയ്യൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ജയില്‍ സൂപ്രണ്ടിന്റെ അന്വേഷണത്തെ തുടര്‍ന്ന് നിരോധിതവസ്തുക്കള്‍ ഉപയോഗിച്ച തടവുകാര്‍ ജയില്‍ സൂപ്രണ്ടിന് മാപ്പപേക്ഷ നല്‍കുകയുണ്ടായി. തുടര്‍ന്ന് അജുമോന്റെ ഗൂഗിള്‍ പേയുമായി ബന്ധപ്പെട്ട ബാങ്കില്‍ നിന്നും  തുക കൈമാറ്റം സംബന്ധിച്ച രേഖകള്‍ അന്വേഷണ സംഘം ശേഖരിച്ചിരുന്നു. അതില്‍നിന്നും പ്രതികളുടെ ബന്ധുക്കളും അജുമോനും നിരന്തരം ചില ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തി. ജയിലിലെ ശിക്ഷാ തടവുകാരായ 1, 2, 4 പ്രതികളുടെ സഹായത്തോടെ ജയിലിനുള്ളില്‍ നിരോധിതവസ്തുക്കള്‍ കച്ചവടം നടത്തിവന്നിരുന്നതായും, ആയതിലേക്ക് തടവുകാരുടെ ഭാര്യമാര്‍ വഴി മറ്റ് രണ്ട് ഫോണ്‍ നമ്പറുകളിലേക്ക് ഗൂഗിള്‍ പേ മുഖേനെ പണം നല്‍കിയതായും പ്രസ്തുത രണ്ട് നമ്പറുകളിലേക്ക് അസി. പ്രിസണ്‍ ഓഫീസര്‍ അജുമോന്‍ നിരന്തരം ബന്ധപ്പെട്ടിരുന്നതായും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് അജുമോനെ കേസില്‍ 5-ാം പ്രതിയാക്കിയിട്ടുള്ളതാണ്. ജയിലിലെ തടവുകാരെ കുറ്റകൃത്യങ്ങളില്‍ നിന്ന് പിന്തിരിപ്പിച്ച്  മാനസാന്തരം വരുത്തുന്നതിന് പ്രവര്‍ത്തിക്കേണ്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ പ്രതി മയക്കു മരുന്നും ബീഡിയും പണം വാങ്ങി തടവുകാര്‍ക്ക് നല്‍കിയതിന് ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന്്്്  പ്രോസിക്യൂഷനു വേണ്ടി ഹാജരായ  ജില്ലാ പബ്ലിക്  പ്രോസിക്യൂട്ടര്‍ അഡ്വ. കെ.ബി. സുനില്‍കുമാര്‍ കോടതിയെ അറിയിച്ചു.  മാതൃകാപരമായി ജോലി ചെയ്യേണ്ട ഒരു ഉദ്യോഗസ്ഥന്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചത് ഒരു കാരണവശാലും ന്യായീകരിക്കാനാകില്ലെന്നും അദ്ദേഹം ബോധിപ്പിച്ചു.  
അന്വേഷണം പൂര്‍ത്തിയായിട്ടില്ലാത്ത കേസില്‍ മറ്റു പ്രതികളെ സംബന്ധിച്ച് അറിയുന്നതിന് അജുമോനെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ആയതിനാല്‍ യാതൊരു കാരണവശാലും പ്രതിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും  അഡ്വ. കെ.ബി. സുനില്‍കുമാര്‍ വാദിച്ചു. പബ്ലിക് പ്രോസിക്യൂട്ടറുടെ  വാദം പരിഗണിച്ചാണ് കോടതി മുന്‍കൂര്‍ജാമ്യാപേക്ഷ തള്ളിയത്.
……………………….

Leave a Comment

Your email address will not be published. Required fields are marked *