തൃശൂര്‍: സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ അഭിനയശൈലിയുടെ സ്വാധീനത്താല്‍ കുറച്ചുകാലം താനും പുകവലി ശീലമാക്കിയിരുന്നുവെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍.ഇളങ്കോ പറഞ്ഞു. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരത്തിന്റെ ഭാഗമായി തേക്കിന്‍കാട് മൈതാനത്ത് തൃശൂര്‍ സിറ്റി പോലീസ് സംഘടിപ്പിച്ച ലഹരിവിരുദ്ധറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പത്ത് വര്‍ഷം മുന്‍പാണ് താന്‍ പുകവലി നിര്‍ത്തിയത്. പുകവലി ശീലം കുറച്ചുകാലം മാത്രമായിരുന്നു.
ലഹരിക്കടമിയാകുന്നവര്‍ എത്ര ഉന്നതനായാലും അവരെ പൊതുസമൂഹം വെറുക്കപ്പെട്ടവരായാണ് കാണുന്നത്. മദ്യലഹരിയില്‍ പൊതുനിരത്തില്‍ വീണ യുവാവിനെ സഹായിക്കാനെത്തിയവര്‍ അയാള്‍ മദ്യപിച്ചെന്നറിഞ്ഞതോടെ അവജ്ഞയോടെ പിന്‍മാറിയത് കാണാനിടയായതോടെയാണ് താന്‍ പുകവലി ശീലം നിര്‍ത്തിയെന്നും അദ്ദേഹം പറഞ്ഞു.
തെക്കേഗോപുര നടയില്‍ നിന്ന് തുടങ്ങിയ ലഹരിവിരുദ്ധ റാലി തൃശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ ആര്‍. ഇളങ്കോ ഫ്‌ളാഗ് ഓഫ് ചെയ്തു. തൃശൂര്‍ ടൗണ്‍ ഈസ്റ്റ് എസ്.എച്ച്..ഒ സുജിത് സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്റ്റുഡന്റ് പോലീസ്, നിര്‍ഭയ വളണ്ടിയേഴ്‌സ്, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരടക്കം മൂന്നൂറോളം പേര്‍ ലഹരിവിരുദ്ധറാലിയില്‍ അണിനിരന്നു. റാലി സ്വരാജ് റൗണ്ട് ചുറ്റി വിദ്യാര്‍ത്ഥി കോര്‍ണറില്‍ സമാപിച്ചു.