Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

പരസ്യപ്രചരണം തീർന്നു: മുന്നണികൾ പ്രതീക്ഷയിൽ

ചേലക്കര: വയനാട് ലോകസഭാ മണ്ഡലത്തിലും, ചേലക്കര നിയമസഭാ മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പില്‍ ഇന്ന് ആവേശനിറവില്‍ കൊട്ടിക്കലാശം. നാലാഴ്ച്ച നീണ്ട പരസ്യപ്രചാരണം ഇന്ന് തീരും.  പരസ്യപ്രചാരണത്തിന്റെ  അവസാന മണിക്കൂറുകളിലും എല്ലാ മുന്നണികളും പ്രതീക്ഷയിലാണ്.
നാളത്തെ നിശബ്ദ പ്രചാരണത്തിന് ശേഷം 13-ാം തീയതിയാണ് വയനാട്ടിലും ചേലക്കരയിലും വോട്ടെടുപ്പ്. കല്‍പാത്തി രഥോത്സവത്തിന്റെ പശ്ചാത്തലത്തില്‍ പാലക്കാട് വോട്ടെടുപ്പ് 20നും മൂന്നിടങ്ങളിലെയും ഫലപ്രഖ്യാപനം 23 നും നടക്കും.

വയനാട്ടില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിയും മുന്‍ വയനാട് എം.പി രാഹുല്‍ ഗാന്ധിയും പങ്കെടുക്കുന്ന റോഡ് ഷോ ബത്തേരിയിലും, തിരുവമ്പാടിയിലും നടന്നു. എന്‍.ഡി.എ. സ്ഥാനാര്‍ഥി നവ്യ ഹരിദാസ് ബത്തേരി ചുങ്കത്തും എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി സത്യന്‍ മൊകേരി കല്‍പ്പറ്റയിലും കലാശക്കൊട്ടില്‍ പങ്കെടുത്തു. ചേലക്കരയില്‍, ബസ് സ്റ്റാന്‍ഡില്‍ മൂന്ന് മുന്നണികളുടേയും തിരഞ്ഞെടുപ്പ് പ്രചാരണ വാഹനങ്ങള്‍ എത്തി. ബസ് സ്റ്റാന്‍ഡിന്റെ  മൂന്നു ഭാഗത്തായാണ് മൂന്ന് കൂട്ടര്‍ക്കും സ്ഥലം അനുവദിച്ചത്.
ഭരണ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി ,വിവാദങ്ങളില്‍ കരുതലോടെ പ്രതികരിച്ചുമായിരുന്നു സിറ്റിംഗ് സീറ്റ് നിലനിര്‍ത്താനുള്ള ഇടതുമുന്നണിയുടെ പ്രചാരണം. ഭരണ വിരുദ്ധ വികാരത്തിലൂന്നി, നേതാക്കള്‍ മുഴുവന്‍ സമയവും ബൂത്ത് തലം വരെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുമായിരുന്നു യു.ഡി.എഫ് ക്യാമ്പ് നീങ്ങിയത്.

ചേലക്കരയില്‍ ശനിയാഴ്ചയും, ഇന്നലെയും മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടെത്തി ഇടതുമുന്നണിയുടെ പ്രചാരണത്തിന് ഊര്‍ജം പകര്‍ന്നു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളില്‍ പ്രചാരണം ശക്തമാക്കുകയാണ് വയനാട്ടിലും ചേലക്കരയിലും സ്ഥാനാര്‍ത്ഥികള്‍. ചേലക്കരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ് ഞായറാഴ്ച തിരുവില്വാമലയില്‍ പര്യടനം നടത്തി. വള്ളത്തോള്‍നഗറിലും പാഞ്ഞാളിലും പ്രദേശങ്ങളിലായിരുന്നു എല്‍.ഡി.എഫ് സ്ഥാനാര്‍ഥി യു.ആര്‍ പ്രദീപിന്റെ പ്രചരണം. എന്‍.ഡി.എ സ്ഥാനാര്‍ഥി കെ ബാലകൃഷ്ണന്‍ പഴയന്നൂര്‍ പഞ്ചായത്ത് കേന്ദ്രീകരിച്ചായിരുന്നു പര്യടനം നടത്തിയത്.
മന്ത്രിമാരായ പി രാജീവ്, മുഹമ്മദ് റിയാസ്, കെ രാജന്‍, വി അബ്ദുറഹ്‌മാന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, വീണാ ജോര്‍ജ്, ആര്‍ ബിന്ദു, സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍, മുന്‍ മന്ത്രി തോമസ് ഐസക്ക്, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കെസി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍, രമേശ് ചെന്നിത്തല, കെ മുരളീധരന്‍, പി.കെ. കുഞ്ഞാലിക്കുട്ടി, എം.കെ. മുനീര്‍, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ തുടങ്ങി മൂന്ന് മുന്നണിയിലെയും നേതാക്കള്‍ മണ്ഡലത്തില്‍ ഒരാഴ്ചയായി പ്രചാരണത്തിരക്കിലായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *