തൃശൂര്‍: വയനാട് പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ ആരോപണവിധേയനായ ഡീന്‍ എം.കെ.നാരായണന്റെ കൊക്കാലെയിലെ ക്വാര്‍ട്ടേഴ്‌സിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ക്വാര്‍ട്ടേഴ്‌സിലെത്തും മുന്‍പ് മാര്‍ച്ച് പോലീസ് തടഞ്ഞു. ഇതിനിടെ പ്രതിഷേധക്കാര്‍ക്ക് നേരെ പ്രയോഗിച്ച ജലപീരങ്കി ദിശ തെറ്റി. വെള്ളം ചീറ്റിയത് പോലീസുകാരും മാധ്യമപ്രവര്‍ത്തകരും നിന്നിരുന്ന ഭാഗത്തേക്കായിരുന്നു. രണ്ട് പോലീസുകാര്‍ ജലപീരങ്കി പ്രയോഗത്തില്‍ നിലത്തുവീണു. നിരവധി പോലീസ് ഉദ്യോഗസ്ഥരും സ്‌പെഷല്‍ ബ്രാഞ്ച് പോലീസുകാരും വെള്ളത്തില്‍ നനഞ്ഞുകുതിര്‍ന്നു. വീഡിയോ ക്യാമറകളും നനഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെയാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
വെറ്ററിനറി സര്‍വ്വകലാശാല പൂക്കോട് കോളേജ് ഡീനായ എം.കെ. നാരായണന്‍ വയനാട് പൂക്കോടും, തൃശൂരിലെ കൊക്കാലെയിലും രണ്ട് ക്വാര്‍ട്ടേഴ്‌സുകള്‍ കൈവശം വെച്ചിരുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. കൊക്കാലയിലെ ക്വാര്‍ട്ടേഴ്‌സ് ഇവിടെ പ്രവര്‍ത്തിക്കുന്ന മൃഗാശുപത്രിയിലെ റസിഡന്റ് ഡോക്ടര്‍ക്ക് നല്‍കേണ്ടതായിരുന്നു. ക്വാര്‍ട്ടേഴ്‌സ് എം.കെ. നാരായണന്‍ കൈവശം വച്ചതിനാല്‍ ആശുപത്രിയില്‍ 24 മണിക്കൂര്‍ ചികിത്സ മുടങ്ങിയെന്ന പരാതി സര്‍വ്വകലാശാലയ്ക്ക് ലഭിച്ചിരുന്നു