Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

മഴക്കെടുതികള്‍ നേരിടാന്‍ സംസ്ഥാനം സജ്ജം; ജനങ്ങള്‍ ജാഗ്രത പാലിക്കണം- മന്ത്രി കെ രാജന്‍

മഴക്കെടുതികള്‍ നേരിടാന്‍ സംസ്ഥാനം സര്‍വ സജ്ജമാണെന്നും ഇതിനായി എല്ലാ ഏജന്‍സികളെയും കൂട്ടിയോജിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ നേതൃത്വം നല്‍കിവരികയാണെന്നും റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചു. നിലവിലെ ശക്തമായ മഴ 24 മുതല്‍ 36 മണിക്കൂര്‍ വരെ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ കേരള തീരം വരെയുള്ള പ്രദേശങ്ങളില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദ പാത്തി അതേനിലയില്‍ തുടരുകയാണ്. ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന പ്രവചനം ഗൗരവത്തോടെ കാണേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. 

നിലവില്‍ സംസ്ഥാനത്ത് 91 ക്യാംപുകളിലായി 651 കുടുംബങ്ങളില്‍ നിന്നുള്ള 2096 പേരാണ് ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നത്. കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് രണ്ടര ലക്ഷം പേരെയും അല്ലാതെ നാലര ലക്ഷം പെരെയും മാറ്റിപ്പാര്‍പ്പിക്കാനുള്ള സൗകര്യങ്ങള്‍ സജ്ജമാണെന്നും മന്ത്രി പറഞ്ഞു. 

തൃശൂര്‍ ജില്ലയുടെ ചില പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം നേരിയ ഭൂകമ്പം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും റിക്ടര്‍ സ്‌കെയിലില്‍ മൂന്നിന് താഴെ മാത്രമാണ് തീവ്രത രേഖപ്പെടുത്തിയതെന്നാണ് പരിശോധനയില്‍ ബോധ്യമായത്. ഇത്തരം ചെറുചലനങ്ങള്‍ അപകടകാരികളല്ലെന്നു മാത്രമല്ല, ഭൂമിക്കടിയിലെ മര്‍ദ്ദം കുറയ്ക്കാന്‍ ഇത് സഹായകമാവും എന്നാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ വിലയിരുത്തലെന്നും മന്ത്രി പറഞ്ഞു. 

ഇത്തവണ മലയോര മേഖലകളിലുണ്ടായിട്ടുള്ള ശക്തമായ മഴ ഗൗരവത്തോടെ കാണേണ്ടതുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഇതുവഴി മണ്ണ് വലിയ രീതിയില്‍ മൃദുവാകാനും സോയില്‍ പൈപ്പിംഗ് പോുള്ള പ്രതിഭാസങ്ങള്‍ക്കും മണ്ണിടിച്ചിലിനും കാരണമാവാനിടയുണ്ട്. അതുകൊണ്ട് തന്നെ നല്ല രീതിയിലുള്ള ജാഗ്രത ആവശ്യമാണ്. അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയിട്ടുണ്ട്. മഴക്കെടുതികള്‍ നേരിടുന്നതിനായി ഏഴ് ജില്ലകളില്‍ എന്‍ഡിആര്‍എഫ് സംഘങ്ങള്‍ ഇതിനകം എത്തിയിട്ടുണ്ട്. കാലവര്‍ഷവുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ജില്ലാ കലക്ടര്‍മാരുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. 

അണക്കെട്ടുകളിലെ വെള്ളം കൃത്യമായ മാനദണ്ഡങ്ങള്‍ക്കനുസൃതമായി ഘട്ടംഘട്ടമായി തുറന്നുവിടുന്നതിനാല്‍ അക്കാര്യത്തില്‍ ആശങ്കയ്ക്കിടമില്ല. തൃശൂരിലെ പൊരിങ്ങല്‍ക്കുത്ത് അണക്കെട്ടില്‍ ബ്ലൂ അലര്‍ട്ട് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മഴ ശക്തമായി തുടരുകയാണെങ്കില്‍ വെള്ളം തുറന്നുവിടേണ്ടിരുമെന്നും മന്ത്രി അറിയിച്ചു. ഇടുക്കി ജില്ലയിലെ നാല് അണക്കെട്ടുകള്‍ ചെറിയ രീതിയില്‍ തുറന്നുവിടാന്‍ തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. കുട്ടനാട് പ്രദേശങ്ങളില്‍ വെള്ളം കയറുന്ന സാഹചര്യത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. 

മഴ ശക്തമായി തുടരുന്ന ഇടുക്കി, കോട്ടയം, വയനാട്, കണ്ണൂര്‍ പ്രദേശങ്ങളില്‍ ഉള്‍പ്പെടെ മലയോര മേഖലകളിലൂടെയുള്ള അനാവശ്യ യാത്രകള്‍ പൂര്‍ണമായും ഒഴിവാക്കണം. 10 ജില്ലകളിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍ കുട്ടികള്‍ കുളിക്കാനും മീന്‍പിടിക്കാനുമൊക്കെയായി പുഴകളിലും കുളങ്ങളിലും മറ്റും ഇറങ്ങുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ജാഗ്രത വേണമെന്നും മന്ത്രി പറഞ്ഞു. 

മഴക്കെടുതികളുമായി ബന്ധപ്പെട്ട് പഴയ ചിത്രങ്ങളടക്കം സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് ജനങ്ങള്‍ക്കിടയില്‍ അനാവശ്യ ഭീതി വളര്‍ത്തുന്ന കേസുകള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അത്തരക്കാര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നല്ലാതെയുള്ള ഇത്തരം പോസ്റ്റുകള്‍ ഷെയര്‍ ചെയ്യാതിരിക്കാന്‍ ആളുകള്‍ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. സി ബാലചന്ദ്രന്‍ എംഎല്‍എ, ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണ തേജ, സബ് കലക്ടര്‍ മുഹമ്മദ് ശഫീഖ് തുടങ്ങിയവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

ReplyForward

Leave a Comment

Your email address will not be published. Required fields are marked *