തൃശൂര്‍: ജില്ലയില്‍ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ തുടങ്ങിയ 72 മണിക്കൂര്‍ സമ്പൂര്‍ണ പണിമുടക്ക് പൂര്‍ണം. ആദ്യ ദിവസം തന്നെ ആശുപത്രികളുടെ പ്രവര്‍ത്തനം താളം തെറ്റി. രാവിലെ നടന്ന കളക്ടറേറ്റ് മാര്‍ച്ചില്‍ ആയിരങ്ങള്‍ അണിനിരന്നു. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ അഖിലേന്ത്യാ പ്രസിഡണ്ട് ജാസ്മിന്‍ ഷാ കളക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് ഷോബി ജോസഫ് അധ്യക്ഷനായി. എ.ഐ.ഡി.വൈ.ഒ സംസ്ഥാന പ്രസിഡണ്ട് വി..എസ്.പ്രകാശ് മുഖ്യപ്രഭാഷണം നടത്തി. അഖിലേന്ത്യാ സെക്രട്ടറി സുധീര്‍.എം.വി, രശ്മി പരമേശ്വരന്‍, ദിവ്യ നിതിന്‍മോന്‍ സണ്ണി, ടിന്റു തോമസ്, ജിനു ജോസ്, ജിഷ തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി. 3 ദിവസവും കളക്ടറേറ്റിന് മുന്നില്‍ കുത്തിയിരിപ്പ് സമരവും നടത്തുന്നുണ്ട്.
നഴ്സുമാരുടെ സമരത്തില്‍ നിന്ന് ആറ് സ്വകാര്യ ആശുപത്രികളെ ഒഴിവാക്കി. അമല, ജൂബിലി മിഷന്‍, ദയ, വെസ്റ്റ് ഫോര്‍ട്ട്, സണ്‍, മലങ്കര മിഷന്‍, അശ്വനി ആശുപത്രികള്‍ വേതനം വര്‍ധിപ്പിച്ചതോടെയാണിത്. ഈ ആശുപത്രികളില്‍ 50% ഇടക്കാലാശ്വാസം നല്‍കാന്‍ ധാരണയായി. അന്‍പത് ശതമാനം ഇടക്കാലാശ്വാസം പ്രഖ്യാപിക്കുന്ന ആശുപത്രികളെ സമ്പൂര്‍ണ പണിമുടക്കില്‍ നിന്ന് ഒഴിവാക്കുമെന്ന് അസോസിയേഷന്‍ അറിയിച്ചിരുന്നു.
11,12,13 തീയതികളിലാണ് ജില്ലയിലെ സ്വകാര്യ ആശുപത്രികളിലാണ് സമ്പൂര്‍ണ പണിമുടക്ക് നടത്തുന്നത്. ജില്ലയിലെ 24 ആശുപത്രികളിലാണ് പണിമുടക്ക്. വര്‍ധിപ്പിക്കുന്ന വേതനത്തിന്റെ 50 ശതമാനം ഇടക്കാല ആശ്വാസം നല്‍കണമെന്നതാണ് പ്രധാന ആവശ്യം. തീവ്രപരിചരണ വിഭാഗത്തിലും നഴ്സുമാര്‍ ജോലിയ്ക്ക് കയറില്ല. അടിയന്തര ചികിത്സയ്ക്കു രോഗികളെ മറ്റു ആശുപത്രികളില്‍ എത്തിക്കാന്‍ ആശുപത്രി കവാടത്തില്‍ യു.എന്‍.എയുടെ അംഗങ്ങള്‍ ആംബുലന്‍സുമായി എത്തിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളില്‍ നിര്‍ബന്ധിത ഡിസ്ചാര്‍ജ് തുടങ്ങി.
വെന്റിലേറ്റര്‍, ഐ.സി.യു രോഗികളെ ഡിസ്ചാര്‍ജ് ചെയ്ത് അയല്‍ ജില്ലകളിലെ ആശുപത്രികളിലേക്ക് മാറ്റാനാണ് നിര്‍ദേശം. അതേസമയം
ജില്ലയിലെ മിക്ക സ്വകാര്യ ആശുപത്രികളുടെയും പ്രവര്‍ത്തനം പൂര്‍ണമായും സ്തംഭിപ്പിച്ച നിലയിലാണ്. അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും ശമ്പളപരിഷ്‌കരണം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് സമരം.
പ്രതിദിനവേതനം 1,500 രൂപയെങ്കിലുമാക്കുക, കോണ്‍ട്രാക്ട്, ഡെയ്‌ലി വെയ്ജസ് നിയമനങ്ങള്‍ അവസാനിപ്പിക്കുക, ലേബര്‍ നിയമങ്ങള്‍ നടപ്പിലാക്കുക, ശമ്പള വര്‍ധനവ് വരുന്നത് വരെ അടുത്ത മാസം മുതല്‍ ശമ്പളത്തിന്റെ അമ്പത് ശതമാനമെങ്കിലും ഇടക്കാലാശ്വാസം നല്‍കുക തുടങ്ങിയ നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
പ്രശ്‌നപരിഹാരമായില്ലെങ്കില്‍ മെയ് 1 മുതല്‍ സംസ്ഥാനമൊട്ടാകെ അനിശ്ചിതകാല പണിമുടക്ക് നടത്തും.
നഴ്‌സുമാരുടെ സമരം തടയാനാകില്ലെന്ന് കേരള ഹൈക്കോടതി നിലപാടെടുത്തിരുന്നു. 72 മണിക്കൂര്‍ സമ്പൂര്‍ണ സമരമാണ് നഴ്സുമാരുടെ സംഘടനയായ യു.എന്‍.എ ആഹ്വാനം ചെയ്തത്. ഇതിനെതിരെ സ്വകാര്യ ആശുപത്രി മാനേജ്മെന്റ് അസോസിയേഷനാണ് കോടതിയെ സമീപിച്ചത്. നിര്‍ബന്ധിത സേവനം ഉറപ്പാക്കുന്ന എസ്മ ചട്ടത്തിന് കീഴില്‍ നഴ്‌സുമാരെ കൊണ്ടുവരണമെന്ന് ആശുപത്രി മാനേജ്മെന്റുകള്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇതില്‍ ഉപഹര്‍ജിയായാണ് തൃശ്ശൂരിലെ സമരത്തിനെതിരായി ഹര്‍ജി സമര്‍പ്പിച്ചത്. വെക്കേഷന് ശേഷം കേസ് പരിഗണിക്കാമെന്ന് ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ വ്യക്തമാക്കി. ഹര്‍ജി സ്ഥിരമായി പരിഗണിക്കുന്ന ബെഞ്ച് അവധി ആയതിനാലാണ് ഈ ബെഞ്ചില്‍ കേസ് എത്തിയത്.