തൃശൂര്‍: വെടിക്കെട്ട് നിയന്ത്രണത്തില്‍ ഇളവ് വേണമെന്ന് തിരുവമ്പാടി ദേവസ്വം ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ തൃശൂര്‍ പൂരം ഓര്‍മ മാത്രമാകും. വെടിക്കെട്ട് നിയന്ത്രണത്തില്‍ തിരുത്തല്‍ വേണം. ഇപ്പോഴത്തെ നിയന്ത്രണം അപ്രായോഗികമെന്നും സെക്രട്ടറി കെ.ഗിരീഷ്‌കുമാര്‍ പറഞ്ഞു.
വെടിക്കെട്ടിനെതിരായ കേന്ദ്ര ഏജന്‍സി പെസോ പുറത്തിറക്കിയ ഉത്തരവില്‍ പൂരപ്രേമികള്‍ ആശങ്കയിലാണ്. 35 നിയന്ത്രണങ്ങളാണ് ഉത്തരവില്‍ പറഞ്ഞിട്ടുള്ളത്. 200 മീറ്ററാണ് വെടിക്കെട്ട് നടക്കുന്ന സ്ഥലവും ഫയര്‍ലൈനും തമ്മിലുള്ള അകലമായി ഉത്തരവിലുള്ളത്. തേക്കിന്‍കാട് മൈതാനത്ത് ഈ കണക്ക് പാലിക്കാനാകില്ല. ഫയല്‍ലൈനും ആളുകളും തമ്മിലെ അകലം 100 മീറ്റര്‍ വേണമെന്നും ഉത്തരവിലുണ്ട്. തേക്കിന്‍കാട് മൈതാനത്തില്‍ ഇതിന് വേണ്ട സൗകര്യങ്ങളില്ല. പുതിയ നിയന്ത്രണം പ്രകാരം സ്വരാജ് റൗണ്ടിലടക്കം ആളെ നിര്‍ത്താന്‍ കഴിയില്ല.
വെടിക്കെട്ട് നടത്തുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രം ഇറക്കിയ ഉത്തരവ് തൃശൂര്‍ പൂരം വെടിക്കെട്ടിന്റെ എല്ലാ മനോഹാരിതയും നശിപ്പിക്കുന്നതാണെന്നും പൂരത്തെ തകര്‍ക്കാനുള്ള നീക്കമായെ ഇതിനെ കാണാനാകുകയുള്ളുവെന്നുമാണ് റവന്യു മന്ത്രി കെ രാജന്റെ നിലപാട്. അകലം 60 മുതല്‍ 70 മീറ്റര്‍ വരെയായി കുറയ്ക്കണം. താല്‍ക്കാലികമായി ഉപയോഗിക്കുന്ന ഷെഡ്ഡും ഫയര്‍ലൈനും തമ്മിലെ അകലം 100 മീറ്ററാക്കി. ഇത് 15 മീറ്ററാക്കി കുറയ്ക്കണം. ആശുപത്രി, സ്‌കൂള്‍, നഴ്‌സിംഗ് ഹോം എന്നിവയില്‍ നിന്നും 250 മീറ്റര്‍ അകലെ ആയിരിക്കണം വെടിക്കെട്ടുകള്‍ നടക്കേണ്ടതെന്ന എന്ന നിബന്ധനയും മാറ്റണം.
ഇതില്‍ സ്‌കൂളുകള്‍ എന്നത് പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ ആക്കണം. ഹോസ്പിറ്റലില്‍ നിന്നും നഴ്‌സിംഗ് ഹോമില്‍ നിന്നും നോ ഒബ്‌ജെക്ഷന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങണം എന്ന നിബന്ധന വെക്കണം. വെടിക്കെട്ടിനെ കുറിച്ച് യാതൊരു അറിവും ഇല്ലാത്തവരാണ് ഇത്തരം ഉത്തരവുകള്‍ ഉണ്ടാക്കിയിരിക്കുന്നത്. ഇത് കേരളത്തിനോടും പൂര പ്രേമികളോടും ഉള്ള വെല്ലുവിളികളാണ്. പ്രധാനമന്ത്രിക്കും ബന്ധപ്പെട്ട മന്ത്രിയ്ക്കും കേരളത്തില്‍ നിന്നുമുള്ള രണ്ട് എം.പിമാര്‍ക്കും വിഷയത്തിന്റെ ഗൗരവം കാണിച്ച് കത്ത് നല്‍കുമെന്നും മന്ത്രി വിശദീകരിച്ചു.