തൃശ്ശൂര്‍:: സംഗീതനാടക അക്കാദമി ശോകമൂകമായിരുന്നു. വിരഹഗാനത്തിന്റെ നൊമ്പരമുള്‍ക്കൊണ്ട മനസ്സുമായി ആയിരങ്ങള്‍ ഭാവഗായകനെ അവസാനമായി ഒരു നോക്കു കാണാനെത്തി. കടന്നുപോയ കാലമത്രയും ഹൃദയം തൊട്ടുണര്‍ത്തിയ രാഗവിലോല ഗാനങ്ങള്‍ പാടിയ പ്രിയഗായകനെ അന്ത്യപ്രണാമങ്ങളര്‍പ്പിക്കാന്‍ മന്ത്രിമാരടക്കം എത്തി. രാവിലെ 9.30 മണിക്ക് ശേഷമാണ് അമല ആശുപത്രിയില്‍ നിന്ന് ജയചന്ദ്രന്റെ ഭൗതിക ശരീരം സഹോദരിയുടെ വീടായ പൂങ്കുന്നം ചക്കാമുക്കില്‍ തോട്ടേക്കാട് മണ്ണത്ത് ഹൗസിലെത്തിച്ചത്. പത്തര മണിയോടെ സംഗീത നാടക അക്കാദമിയില്‍ പൊതുദര്‍ശനം തുടങ്ങി.
റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍, ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. ആര്‍. ബിന്ദു, എം.എല്‍എമാരായ പി. ബാലചന്ദ്രന്‍, എ.സി മൊയ്തീന്‍, മുരളി പെരുനെല്ലി, വി.കെ ശ്രീകണ്ഠന്‍ എം.പി, തൃശ്ശൂര്‍ മേയര്‍ എം.കെ വര്‍ഗ്ഗീസ്, മുന്‍ മന്ത്രി വി.എസ് സുനില്‍കുമാര്‍, ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി, അക്കാദമി വൈസ് ചെയര്‍മാന്‍ പി.ആര്‍. പുഷ്പവതി, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ്, ലളിതകലാ അക്കാദമി സെക്രട്ടറി എന്‍. ബാലമുരളീകൃഷ്ണന്‍, സാഹിത്യ അക്കാദമി സെക്രട്ടറി സി.പി അബൂബക്കര്‍, കേരള കലാമണ്ഡലം രജിസ്ട്രാര്‍ ഡോ. രാജേഷ്‌കുമാര്‍, കേരള ഫോക്ലോര്‍ അക്കാദമിക്കുവേണ്ടി പെരിങ്ങോട് ചന്ദ്രന്‍, ബാലചന്ദ്രമേനോൻ, മനോജ് കെ ജയൻ, വിദ്യാദരൻ മാസ്റ്റർ, ഔസേപ്പച്ചൻ, സത്യൻ അന്തിക്കാട്, സിബി മലയിൽ, ജയരാജ് വാര്യർ, അനൂപ് ശങ്കർ, കലാമണ്ഡലം ക്ഷേമാവതി തുടങ്ങിയവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു. പൊതുദര്‍ശനത്തിന് ശേഷം 1.30 മണിയോടെ ഭൗതിക ശരീരം തിരികെ പൂങ്കുന്നത്തെ വസതിയിലെത്തിച്ചു. നാളെ ജന്മദേശമായ നോര്‍ത്ത് പറവൂര്‍ ചേന്ദ്രമംഗലം പാലിയത്തേക്ക് കൊണ്ടുപോകും. പാലിയത്തെ തറവാട്ടില്‍ നാളെ രാവിലെ 9 മുതല്‍ പൊതുദര്‍ശനം ഒരുക്കിയിട്ടുണ്ട്. നാളെ ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് പറവൂര്‍ ചേന്ദമംഗലം പാലിയത്ത് വീട്ടിലായിരിക്കും സംസ്‌കാരം. ഇന്നലെ വൈകിട്ട് വീട്ടില്‍ കുഴഞ്ഞു വീണതിന് പിന്നാലെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഏഴേമുക്കാലോടെ അന്ത്യം സംഭവിക്കുകയായിരുന്നു.