തൃശൂര്‍: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആരവങ്ങള്‍ ഉയര്‍ന്നപ്പോള്‍ സംസ്ഥാനത്ത് ആദ്യം പ്രചാരണം തുടങ്ങിയത് തൃശൂരില്‍ കോണ്‍ഗ്രസ് നേതാവ് ടി.എന്‍. പ്രതാപന് വേണ്ടിയായിരുന്നു. ഇരുപതോളം സ്ഥലങ്ങളില്‍ ചുവരെഴുതി. നഗരത്തിലുടനീളം ശിവരാത്രി ആശംസകള്‍ അറിയിച്ച് പ്രതാപന്റെ ചിത്രവുമായി ഫ്‌ളക്‌സ് ബോര്‍ഡുകളും സ്ഥാപിച്ചിരുന്നു.
എന്നാല്‍ ഇന്നലെ രാത്രിയോടെ പ്രതാപന് സീറ്റ് നിഷേധിക്കപ്പെട്ട അപ്രതീക്ഷിത തീരുമാനം വന്നത് അണികളില്‍ ഞെട്ടലുണ്ടാക്കി. പ്രതാപന് സീറ്റ് നിഷേധിക്കപ്പെട്ടതിനെതിരായ അണികളുടെ രോഷം തണുപ്പിക്കാനുള്ള ഭഗീരഥശ്രമത്തിലാണ് ഡി.സി.സി. നേതൃത്വം.
ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് രാവിലെ തന്നെ കെ.മുരളീധരന് വേണ്ടി ടി.എന്‍.പ്രതാപന്റെ നേതൃത്വത്തില്‍ ചുവരെഴുത്ത് തുടങ്ങി. അണികളുടെ അതൃപ്തി മാറ്റുകയാണ് ലക്ഷ്യം.
സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ച പ്രതാപന്‍ രണ്ടാഴ്ച മുന്‍പ് തന്നെ പ്രചാരണം സജീവമാക്കിയിരുന്നു. സ്‌നേഹസന്ദേശയാത്രയും നടത്തി.
മണ്ഡലത്തില്‍ പ്രതാപന് വേണ്ടി എഴുതിയ ചുവരെഴുത്തുകളെല്ലാം മായ്ക്കുന്ന തിരക്കിലാണിപ്പോള്‍ അണികള്‍. മൂന്നര ലക്ഷം പോസ്റ്ററുകളാണ് പ്രതാപന്റെ പ്രചാരണത്തിനായി മണ്ഡലത്തില്‍ തയ്യാറാക്കിയത്. ബൂത്തുകളില്‍ തുകയും വിതരണം ചെയ്തിരുന്നു.
പ്രതാപന്റെ മാറ്റിയതിന്റെ പേരില്‍ നാട്ടിക, ഗുരുവായൂര്‍, മണലൂര്‍ തുടങ്ങിയ തീരദേശ മണ്ഡലങ്ങളില്‍ തിരിച്ചടിയുണ്ടാകുമെന്ന ആശങ്കയിലാണ് കോണ്‍ഗ്രസ് നേതൃത്വം.