തൃശൂർ: തൃശൂര്‍ പൂരത്തിന് പാറമേക്കാവ് വിഭാഗത്തിന്റെ ചരിത്രപ്രസിദ്ധമായ ഇലഞ്ഞിത്തറമേളത്തിന് പ്രമാണം വഹിക്കാന്‍ നിയോഗിക്കപ്പെട്ടത് മഹാഭാഗ്യമായി കരുതുന്നുവെന്ന് മേളകുലപതിയും ഇലഞ്ഞിത്തറമേളത്തിന്റെ പ്രമാണിയുമായ കിഴക്കൂട്ട് അനിയന്‍ മാരാര്‍ പറഞ്ഞു. 36 വര്‍ഷം ഇലഞ്ഞിത്തറമേളത്തില്‍ വാദ്യക്കാരനായി. പ്രമാണം വഹിക്കണമെന്ന് മുന്‍പൊരിക്കല്‍ ആഗ്രഹിച്ചിരുന്നു. കൊതിച്ചിട്ട് കാര്യമില്ല. വിധിയും വേണം. ഇപ്പോള്‍ വിധിച്ചത് കിട്ടിയെന്നും അദ്ദേഹം പറഞ്ഞു.
തിരുവമ്പാടിയുടെ പാണ്ടിമേളത്തിനും ഇലഞ്ഞിത്തറമേളം പോലെ പ്രാധാന്യം കിട്ടണമെന്ന് തിരുവമ്പാടി വിഭാഗത്തിന്റെ മേള പ്രമാണി ചേരാനെല്ലൂര്‍ ശങ്കരന്‍കുട്ടി നായര്‍ ആവശ്യപ്പെട്ടു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് തിരുവമ്പാടിക്ക് വേണ്ടി കിഴക്കൂട്ട് അനിയന്‍മാരാരാണ് തന്നെ പാണ്ടിമേളത്തില്‍ വാദ്യക്കാരനായി ക്ഷണിച്ചത്. തിരുവമ്പാടിയുടെ പ്രമാണക്കാരനായ കിഴക്കൂട്ട് പാറമേക്കാവിന്റെ ഇലഞ്ഞിത്തറമേളത്തിന് പ്രമാണമേറ്റതോടെയാണ് തനിക്ക് ഈ അപൂര്‍വസൗഭാഗ്യം കൈവന്നതെന്നും ചേരാനെല്ലൂര്‍ പറഞ്ഞു. തൃശൂര്‍ പ്രസ് ക്ലബ് ഹാളില്‍ പ്രസ് ക്ലബിന്റെ നേതൃത്വത്തിലാണ് പാറമേക്കാവ്-തിരുവമ്പാടി മേളപ്രമാണിമാരെ പങ്കെടുപ്പിച്ച് മുഖാമുഖം സംഘടിപ്പിച്ചത്.