തൃശൂര്‍: തൃശൂര്‍ പൂരം കലക്കിയ സംഭവത്തില്‍ നീതിപൂര്‍വമായ അന്വേഷണം ആവശ്യപ്പെട്ട് സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിലേക്ക് മുസ്ലീം യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ യൂത്ത് ലീഗ് നേതാക്കളില്‍ ചിലര്‍ക്ക് പരിക്കേറ്റു. കമ്മീഷണറുടെ ഓഫീസിലേക്ക് പോലീസ് ബാരിക്കേഡ് മറികടന്ന് പ്രവര്‍ത്തകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചു. ഇതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. മുസ്ലീം യൂത്ത് ലീഗ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തി്ല്‍ തെക്കേഗോപുരനടയില്‍ നിന്നാണ് തുടങ്ങിയ മാര്‍ച്ച് തുടങ്ങിയത്. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ടി പി എം ജിഷാൻ ഉദ്ഘാടനം ചെയ്തു. പൂരം കലക്കൽ തുടരന്വേഷണം ഇപ്പോഴത്തെ പ്രതിഷേധങ്ങളിൽ നിന്ന് മുഖം തിരിക്കാനുള്ള അടവ് മാത്രമാണെന്ന് ടി പി എം ജിഷാൻ പറഞ്ഞു. മുഖ്യമന്ത്രിയും ആർ എസ് എസും എഡിജിപി യും ചേർന്നുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് പൂരം കലക്കിയത് എന്ന് ബോധ്യമായിട്ടും കേവല എതിർപ്പുകൾ കൊണ്ട് സായൂജ്യമടയുകയാണ് സി പി ഐ നേതൃത്വമെന്നും ജിഷാൻ കൂട്ടിച്ചേർത്തു. യൂത്ത് ലീഗ് ജില്ല പ്രസിഡണ്ട് എ എം സനൗഫൽ അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത്, എം എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി കെ നജാഫ്, മുസ്‌ലിം ലീഗ് ജില്ല വൈസ് പ്രസിഡണ്ട് കെ എ ഹാറൂൺ റഷീദ്, എം എസ് എഫ് സംസ്ഥാന സെക്രട്ടറി എസ് എ അൽ റസിൻ, യൂത്ത് ലീഗ് ജില്ല ഭാരവാഹികളായ കെ കെ സക്കരിയ്യ, എ വി അലി, അസീസ് മന്നലാംകുന്ന്, ടി എ ഫഹദ്, സാബിർ കടങ്ങോട്, ഷജീർ പുന്ന, എം എസ് എഫ് ജില്ല പ്രസിഡണ്ട് ആരിഫ് പാലയൂർ, സി സുൽത്താൻ ബാബു, പി എം ഷെരീഫ്, സി കെ ബഷീർ, വി എം മനാഫ്, കെ എ സുബൈർ പ്രസംഗിച്ചു.