Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ചേലക്കരയില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കള്ളപ്പണം ഒഴുക്കിയെന്ന് യു.ആര്‍.പ്രദീപ്

തൃശൂര്‍: ചേലക്കരയില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കള്ളപ്പണം ഒഴുക്കിയതായും, ഇതു സംബന്ധിച്ച് സൂചനകള്‍ ലഭിച്ചതായും ചേലക്കര നിയുക്ത എം.എല്‍.എ യു.ആര്‍.പ്രദീപ് പറഞ്ഞു.
എം.എല്‍.എയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം തൃശൂര്‍ പ്രസ് ക്ലബില്‍ നടന്ന മീറ്റ് ദ പ്രസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമീണമേഖലയില്‍ വോട്ടര്‍മാര്‍ക്ക് പണം വാഗ്ദാനം ചെയ്തവരെ പറ്റി പിന്നീട് വെളിപ്പെടുത്താമെന്നും, ഇക്കാര്യങ്ങള്‍ വിശദമായി പാര്‍ട്ടി പരിശോധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
വര്‍ഗീയമായി ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ആസൂത്രിത ശ്രമം നടന്നു. വര്‍ഗീയ ചേരിതിരിവുണ്ടാക്കി അധികാരം പിടിച്ചെടുക്കാന്‍ ശ്രമം നടന്നതായും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരത്തിന് ഊന്നല്‍ നല്‍കും. ഉന്നതവിദ്യാഭ്യാസ രംഗത്തിന് ഉണര്‍വ് നല്‍കാന്‍ കോച്ചിംഗ് ക്ലാസുകള്‍ അടക്കം നടത്തുന്ന കാര്യം ആലോചനയിലാണ്.
ചേലക്കര മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് വോട്ട് കൂടിയത് പാര്‍ട്ടി ഗൗരവത്തിലെടുത്തിട്ടുണ്ടെന്നും, കുറവുകള്‍ പരിഹരിച്ചാകും അടുത്ത തിരഞ്ഞെടുപ്പിനെ നേരിടുകയെന്നും അദ്ദേഹം അറിയിച്ചു.
കാര്‍ഷിക മേഖലയില്‍ കൂടുതല്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തും. കര്‍ഷകരുടെ പരാതികള്‍ കേള്‍ക്കും. വന്യമൃഗശല്യം വലിയ ഭീഷണിയാണ്. ഇതിന് തടയിടാന്‍ നിയമം വരണം.
2018-മുതല്‍ അഞ്ച് വര്‍ഷം സുവര്‍ണകാലമായിരുന്നുവെന്നും, കിഫ്ബി വഴി നിരവധി പദ്ധതികള്‍ നടപ്പിലാക്കാനും, തുടക്കം കുറിക്കാനും കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത വര്‍ഷം തദ്ദേശസ്വയംഭരണതിരഞ്ഞെടുപ്പും, തുടര്‍ന്ന് മാസങ്ങള്‍ കഴിഞ്ഞാല്‍ നിയമസഭാ തിരഞ്ഞെടുപ്പും വരാനിരിക്കയാണ്. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നാല്‍ പെരുമാറ്റച്ചട്ടം ബാധകമാകുന്നതോടെ പുതിയ തീരുമാനങ്ങളെടുക്കാന്‍ കഴിയില്ല.  തനിക്ക് ലഭിച്ച ഒന്നരവര്‍ഷക്കാലം വെല്ലുവിളിയായി ഏറ്റെടുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രസ് ക്ലബ് പ്രസിഡണ്ട് എം.ബി ബാബു , സെക്രട്ടറി രഞ്ജിത് ബാലന്‍, ട്രഷറര്‍ നീലാംബരന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *