കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ ഗാലറിയില്‍ നിന്ന് വീണ് ഉമ തോമസ് എം.എല്‍.എയ്ക്ക് പരിക്കേറ്റ സംഭവത്തില്‍ സംഘാടകര്‍ പ്രതിക്കൂട്ടില്‍. സംഭവത്തില്‍ പാലാരിവട്ടം പോലീസ് കേസെടുത്തു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ നൃത്തപരിപാടി നടത്തിയതിന് സംഘാടകര്‍ക്കെതിരെയാണ് കേസെടുത്തത്.
വിളക്ക് കൊളുത്താന്‍ മാത്രമാണ് സ്റ്റേജെന്നാണ് സംഘാടകര്‍ പറഞ്ഞത്. പരിപാടി നടത്താന്‍ മാത്രമാണ് സ്റ്റേഡിയം തുറന്നു കൊടുത്തതെന്നും എന്‍ജിനീയര്‍മാര്‍ പറഞ്ഞു. സംഭവത്തില്‍ ജിസിഡിഎ സമഗ്രമായ അന്വേഷണം നടത്തുമെന്ന് ചെയര്‍മാന്‍ കെ ചന്ദ്രന്‍പിള്ള പറഞ്ഞു. അഞ്ച് മിനുട്ട് ചടങ്ങിന് വേണ്ടിയാണ് ആ പ്ലാറ്റ് ഫോം ഉണ്ടാക്കിയത്. ബാരിക്കേഡ് ഉണ്ടായിരുന്നില്ല. അതാണ് അപകട കാരണം. സ്റ്റേഡിയത്തില്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ഇല്ല. ഉത്തരവാദിത്തം സംഘാടകര്‍ക്കാണ്. എല്ലാ മുന്‍കരുതലും എടുക്കണമെന്ന് രേഖാമൂലം കരാര്‍ ഉണ്ടാക്കിയിരുന്നു.
സ്റ്റേജ് നിര്‍മാണ കരാറുകാര്‍ക്കെതിരെയും എഫ്. ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ഇന്നലെ രാത്രി തന്നെ കമ്മീഷണറുടെ നേതൃത്വത്തില്‍ പോലീസ് അപകടമുണ്ടായ സ്ഥലം പരിശോധിച്ചിരുന്നു. 12 അടി ഉയരത്തിലാണ് ഗാലറി ക്രമീകരിച്ചത്. 55 അടി നീളമുള്ള സ്റ്റേജില്‍ എട്ട് അടി വീതിയിലാണ് കസേരകള്‍ ഇടാന്‍ സ്ഥലമൊരുക്കിയത്.
ദുര്‍ബലമായ ക്യൂ ബാരിയേര്‍സ് ഉപയോഗിച്ചായിരുന്നു മുകളില്‍ കൈവരിയൊരുക്കിയതെന്നും പോലീസ് കണ്ടെത്തി. സംഭവത്തില്‍ കേസെടുക്കാന്‍ എഡിജിപി മനോജ് ഏബ്രഹാം കൊച്ചി പോലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.