Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനില്‍ കോടികളുടെ അഴിമതി, തെളിവുകള്‍ പുറത്തുവിട്ട് വി.ഡി.സതീശന്‍

തിരുവനന്തപുരം:  സര്‍ക്കാര്‍ സ്ഥാപനമായ കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനെതിരെ (കെ.എഫ്.സി)  കോടികളുടെ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. അനില്‍ അംബാനിയുടെ മുങ്ങാന്‍ പോകുന്ന കമ്പനിക്ക് കെ.എഫ്.സി കോടികള്‍ നല്‍കി. ഈ ഇടപാടിന് പിന്നില്‍ വന്‍ അഴിമതി നടന്നു.. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ വാര്‍ത്തസമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് പുറത്തുവിട്ടു.

കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ കോര്‍പറേറ്റ് മുതലാളിമാരോട് കാട്ടുന്ന അതേ സമീപനമാണ് കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാരിന്റേതും. മോദി കോര്‍പറേറ്റുകളുടെ കടങ്ങള്‍ എഴുതിത്തള്ളുമ്പോള്‍ കേരള സര്‍ക്കാര്‍ അനില്‍ അംബാനിയുടെ മുങ്ങാന്‍ പോകുന്ന കമ്പനിക്ക് കോടികള്‍ നല്‍കി. വ്യവസായ ആവശ്യങ്ങള്‍ക്ക് വായ്പ നല്‍കുക എന്നതാണ് കെ.എഫ്.സിയുടെ പ്രധാന ഉദ്ദേശ്യം. സംസ്ഥാനത്തെ വ്യവസായങ്ങള്‍ക്ക് വായ്പകള്‍ നല്‍കാന്‍ രൂപീകരിച്ച സ്ഥാപനം 2018 ഏപ്രില്‍ 26ന് അനില്‍ അംബാനിയുടെ റിലയന്‍സ് കൊമേഴ്‌സ്യല്‍ ഫിനാന്‍സ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ 60.80 കോടി രൂപ നിക്ഷേപിച്ചുവെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

2018 ഏപ്രില്‍ 19ന് നടന്ന കെ.എഫ്.സിയുടെ മാനേജ്‌മെന്റ് കമ്മിറ്റി തീരുമാന പ്രകാരമാണ് പണം നിക്ഷേപിച്ചത്. 2018-19 ലെ കമ്പനിയുടെ ആനുവല്‍ റിപ്പോര്‍ട്ടില്‍ നിക്ഷേപം നടത്തിയ സ്ഥാപനത്തിന്റെ പേര് ബോധപൂര്‍വ്വം വെളിപ്പെടുത്തിയിട്ടില്ല. സംസ്ഥാന ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ നിയമ പ്രകാരം റിസര്‍വ് ബാങ്കിലോ നാഷണലൈസ്ഡ് ബാങ്കിലോ മാത്രമേ പണം നിക്ഷേപിക്കാവൂ എന്ന് നിഷ്‌കര്‍ഷിക്കുന്നുണ്ട്. ബോണ്ടിലുള്ള ഇന്‍വെസ്റ്റ്മെന്റ് ആണെങ്കില്‍ ബോര്‍ഡ് തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കണം എന്നും നിഷ്‌കര്‍ഷിക്കുന്നുണ്ട്. എന്നാല്‍ 2018-19 സാമ്പത്തിക വര്‍ഷത്തില്‍ കെ.എഫ്.സി ബോര്‍ഡ് മീറ്റിംഗ് നടന്നത് 2018 ജൂണ്‍ 18നാണ്. പക്ഷെ അംബാനി കമ്പനിയില്‍ 2018 ഏപ്രില്‍ 19ലെ മാനേജ്‌മെന്റ് കമ്മിറ്റി തീരുമാനപ്രകാരം ഏപ്രില്‍ 26നാണ് പണം നിക്ഷേപിച്ചിരുന്നത്.

2018ലെയും 2019 ലെയും റിപ്പോര്‍ട്ടില്‍ ഒളിച്ചു വച്ച സ്ഥാപനത്തിന്റെ പേര് 2020-21 ലെ കെ.എഫ്.സി വാര്‍ഷിക റിപ്പോര്‍ട്ടിലുണ്ട്്. റിലയന്‍സ് കൊമേഴ്‌സ്യല്‍ ഫിനാന്‍സ് ലിമിറ്റഡ് ഒരു ബാങ്കിതര ധനകാര്യ സ്ഥാപനമായതു കൊണ്ട് അതില്‍ നിക്ഷേപിക്കാന്‍ നിയമപരമായി സാധിക്കില്ല.

റിലയന്‍സ് കൊമേഴ്‌സ്യല്‍ ഫിനാന്‍സ് ലിമിറ്റഡ് കമ്പനി 2019-ല്‍ ലിക്വിഡേറ്റ് ചെയ്യപ്പെട്ടു. 2020 മാര്‍ച്ച് മുതല്‍ പലിശ പോലും ലഭിച്ചിട്ടില്ല. കമ്പനി ലിക്വിഡേറ്റ് ചെയ്തപ്പോള്‍ 7.09 കോടി രൂപ ലഭിച്ചിട്ടുള്ളതായി 2020-21 ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ നിക്ഷേപത്തില്‍ പലിശയുള്‍പ്പെടെ 101 കോടി രൂപ നഷ്ടപ്പെട്ടതായാണ് കണക്ക്. എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നാളിതുവരെ യാതൊരു നടപടിയും സ്വീകരിച്ചില്ല. കെ.എഫ്.സിയിലെ ഇടത് സംഘടനാ നേതാക്കളും മാനേജ്‌മെന്റും സര്‍ക്കാറിന്റെ ഒത്താശയോടെ നടത്തിയ വന്‍ കൊള്ളയാണ് ഇതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.

ഇത് ഇടതുപക്ഷ സര്‍ക്കാരല്ല തീവ്രവലതുപക്ഷ സര്‍ക്കാരാണെന്ന ആരോപണം അടിവരയിടുന്നതാണ് ഈ നടപടി. സംസ്ഥാനത്തെ ഇടത്തര ചെറുകിട സംരംഭങ്ങള്‍ക്ക് ലഭിക്കേണ്ട ഫണ്ട് വന്‍കിട കോര്‍പ്പറേറ്റ് സ്ഥാപനത്തിനു നല്‍കിയത് ഗുരുതരമായ കുറ്റമാണ്. ലിക്വിഡേറ്റ് ആകാന്‍ പോകുന്ന സ്ഥാപനത്തില്‍ സര്‍ക്കാര്‍ സ്ഥാപനം നിക്ഷേപിച്ചത് കമീഷന്‍ വാങ്ങിയാണ് എന്ന് വേണം സംശയിക്കാന്‍. നിയമസഭയില്‍ നല്‍കിയ ചോദ്യങ്ങള്‍ക്ക് പോലും ധനവകുപ്പ് മറുപടി നല്‍കിയിട്ടില്ല. റിലയന്‍സുമായി നടത്തിയ ഈ നിക്ഷേപത്തിന്റെ കരാര്‍ രേഖകള്‍ സര്‍ക്കാര്‍ പുറത്തുവിടാന്‍ തയാറാകണം. ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് 100 ശതമാനം സെക്യൂരിറ്റി ഉണ്ടെങ്കില്‍ മാത്രമേ കെ.എഫ്.സി ലോണ്‍ കൊടുക്കൂ. എന്നാല്‍ യാതൊരു ഗ്യാരന്റിയുമില്ലാതെ റിലയന്‍സി ല്‍ നിക്ഷേപിച്ചതിന് പിന്നില്‍ വന്‍ ഗൂഢാലോചന ഉണ്ട്. ഇതില്‍ അന്വേഷണം നടത്തി അഴിമതി പുറത്തു കൊണ്ടുവരണമെന്നും ഇടതു ഭരണത്തില്‍ കോര്‍പ്പറേറ്റ് മുതലാളിമാരുടെ സ്വാധീനം ഞെട്ടിക്കുന്നതാണെന്നും വി.ഡി. സതീശന്‍ പറഞ്ഞു. പിന്നില്‍ കോടികളുടെ കമ്മീഷനുണ്ടെന്നും ്അദ്ദേഹം ചൂണ്ടിക്കാട്ടി.

Leave a Comment

Your email address will not be published. Required fields are marked *