തൃശൂര്‍: വൈദ്യരത്‌നം ഗ്രൂപ്പിന്റെ ചെയര്‍മാനായിരുന്ന പദ്മഭൂഷണ്‍ അഷ്ടവൈദ്യന്‍ ഇ.ടി. നാരായണന്‍ മൂസ്സിന്റെ സ്മരണാര്‍ത്ഥം ആഗസ്റ്റ് 5ന് വൈദ്യരത്‌നം ഗ്രൂപ്പ് മെന്റേഴ്‌സ് ഡെ ആചരിക്കുന്നു ഒല്ലൂര്‍ തെക്കാട്ടുശ്ശേരി ക്ഷേത്രമൈതാനത്ത് രാവിലെ 9.30ന് മെന്റേഴ്‌സ് ഡെയുടെ ഉദ്ഘാടനവും, ‘ധര്‍മസാഗരം’ ‘ആയുര്‍ജ്യോതി’ എന്നീ പുസ്തകങ്ങളുടെ പ്രകാശനവും കേന്ദ്ര ആയുഷ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ നിര്‍വഹിക്കും. വൈദ്യരത്‌നം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അഷ്ടവൈദ്യന്‍ ഡോ. ഇ.ടി. നീലകണ്ഠന്‍ മൂസ്സ് അധ്യക്ഷത വഹിക്കും.
പുതുക്കിയ വൈദ്യരത്‌നം ഹോസ്പിറ്റല്‍ ലോഗോയുടെ പ്രകാശനവും, ആത്മമിത്ര മാധ്യമ പുരസ്‌കാരവും കേന്ദ്രവിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍ നിര്‍വഹിക്കും. ഗവണ്‍മെന്റ് ഹെല്‍ത്ത് സെന്ററിനുവേണ്ടി വൈദ്യരത്‌നം നല്‍കുന്ന ഭൂമിയുടെ രേഖകള്‍ സ്വീകരിക്കലും, ആത്മമിത്ര കലാപുരസ്‌കാര വിതരണവും റവന്യൂമന്ത്രി കെ. രാജന്‍ നിര്‍വഹിക്കും. അംബാസിഡര്‍ വേണുരാജാമണി അഷ്ടവൈദ്യന്‍ ഇ.ടി. നാരായണന്‍ മൂസ്സ് അനുസ്മരണ പ്രഭാഷണം നടത്തും. വൈദ്യരത്‌നം ഗ്രൂപ്പ് ചെയര്‍പേഴ്‌സണ്‍ സതി നാരായണന്‍ മൂസ്സ് ഗൃഹസ്ഥം പദ്ധതിയുടെയും, ടി.എന്‍. പ്രതാപന്‍ എം.പി യോഗസമീക്ഷയുടെയും ഉദ്ഘാടനം നിര്‍വഹിക്കും. അക്കാദമിക് അവാര്‍ഡുകള്‍ ആയുഷ് മന്ത്രാലയം സെക്രട്ടറി വൈദ്യ രാജേഷ് കൊട്ടേച സമ്മാനിക്കും മേയര്‍ എം.കെ. വര്‍ഗിസ് ധര്‍മസാഗരം ടീമിനെ ആദരിക്കും. കെ.യു.എച്ച്.എസ് വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ മുഖ്യപ്രഭാഷണം നടത്തും.
ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ് ഐ.എ.എസ്, തൃശൂര്‍ ജില്ലാ കളക്ടര്‍ കൃഷ്ണ തേജ ഐ.എ.എസ്. കേരള ആയുര്‍വേദ മെഡിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടര്‍ ഡോ. ശ്രീകുമാര്‍, ടി.ഡി കോര്‍പറേഷന്‍ ഡിവിഷന്‍ കൗണ്‍സിലര്‍ സി.പി. പോളി തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിക്കും. വൈദ്യരത്‌നം ഗ്രൂപ്പ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍മാരായ ഡോ.ഇ.ടി. യദു നാരായണന്‍ മൂസ്സ് സ്വാഗതവും അഷ്ടവൈദ്യന്‍ ഡോ. ഇ.ടി. കൃഷ്ണന്‍ മൂസ്സ് നന്ദിയും പ്രകാശിപ്പിക്കും.
വൈദ്യരത്‌നം ഗ്രൂപ്പിന്റെ പ്രഥമ ‘ആത്മമിത്ര ‘ പുരസ് കാരം മാതൃഭൂമി ആരോഗ്യമാസികയ്ക്കും, കലാമണ്ഡലം രാമചാക്യാര്‍ക്കും നല്‍കും. ഒരു ലക്ഷം വീതമുള്ള കാഷ് അവാര്‍ഡും നല്‍കും. വൈദ്യരത്‌നം ഗ്രൂപ്പിന്റെ സാരഥിയായിരുന്ന അഷ്ടവൈദ്യന്‍ പദ്മഭൂഷണ്‍ ഇ.ടി. നാരായണന്‍ മൂസ്സിന്റെ ഓര്‍മ്മയ്ക്കായി വൈദ്യരത്‌നം ഗ്രൂപ്പ് കല, സാഹിത്യം, വാര്‍ത്താമാധ്യമം, സംസ്‌കൃതം, വേദം എന്നീ വിഭാഗങ്ങളില്‍ മികവ് തെളിയിക്കുന്ന വ്യക്തികള്‍ക്ക് പുരസ്‌കാരം നല്‍കും. ഈ വര്‍ഷം കല, വാര്‍ത്താമാധ്യമം എന്നീ മേഖലകളിലാണ് പുരസ്‌കാരമെന്ന് അവാര്‍ഡ് നിര്‍ണയ കമ്മിറ്റി ചെയര്‍മാന്‍ അഷ്ടവൈദ്യന്‍ ഇ.ടി. നിലകണ്ഠന്‍ മൂസ്സ് അറിയിച്ചു.
ആത്മമിത്ര എന്നാണ് ഈ പുരസ്‌കാരങ്ങള്‍ക്ക് നിശ്ചയിച്ചിട്ടുള്ള പേര്. കലാരംഗത്ത് പെരുവനം കുട്ടന്‍മാരാര്‍, ഡോ.പി.സി. മുരളീമാധവന്‍, ഡോ. എന്‍ പി വിജയകൃഷ്ണന്‍ എന്നിവരും മാധ്യമരംഗത്ത് കെ.സി. നാരായണന്‍, ഡോ. കെ. മുരളീധരന്‍ പിള്ള, ഡോ.കെ.വി.രാമന്‍കുട്ടി വാര്യര്‍ എന്നിവരുമായിരുന്നു ജഡ്ജിംഗ് അംഗങ്ങള്‍.
മാധ്യമരംഗത്ത് ആയുര്‍വേദമേഖലയ്ക്കും, ആയുര്‍വേദത്തിനും നല്‍കിയ നിസ്തുല സേവനം മുന്‍നിര്‍ത്തിയാണ് മാതൃഭൂമി ആരോഗ്യമാസികയെ പുരസ് കാരത്തിന് തിരഞ്ഞെടുത്തത്. ജനങ്ങളില്‍ ആരോഗ്യസംരക്ഷണത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്താനും, ജനങ്ങള്‍ക്ക് ആരോഗ്യകരമായ ജീവിതം നയിക്കാനുമുള്ള സന്ദേശം നല്‍കുന്ന മാധ്യമ ധര്‍മ്മം മാതൃഭൂമി ആരോഗ്യമാസിക നിറവേറ്റിയതായി അവാര്‍ഡ് നിര്‍ണയ കമ്മിറ്റി വിലയിരുത്തി.
കലാരംഗത്ത് മൗലിക പ്രതിഭ തെളിയിച്ച പ്രതിഭാധനനാണ് പുരസ്‌കാരത്തിന് അര്‍ഹനായ കലാമണ്ഡലം രാമചാക്യാര്‍, കൂത്തിലും, കൂടിയാട്ടത്തിലും കുലീന ശൈലി നിലനിര്‍ത്തിയ കൂടിയാട്ട കുലപതി പൈങ്കുളം രാമചാക്യാരുടെ ശിഷ്യനാണ് കലാമണ്ഡലം രാമചാക്യാര്‍. കേരള കലാമണ്ഡലത്തില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച് തലമുറകളെ വാര്‍ത്തെടുത്ത് കലാമണ്ഡലം രാമചാക്യാര്‍ കൂടിയാട്ടത്തിലും കൂത്തിലും തിളങ്ങുന്ന കലാകാരനാണ്. ചാക്യാര്‍കൂത്തിലെ ‘വാക്കി’ലെ അനര്‍ഗള കലയ്ക്ക് രാമചാക്യാര്‍ നല്‍കിയ അതുല്യ സംഭാവനയ്ക്കാണ് പുരസ്‌കാരം. ഇതിന് പുറമെ വൈദ്യരത്‌നം ഗ്രൂപ്പിന്റെ ആസ്ഥാനമായ തൈക്കാട്ടുശ്ശേരിയില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഒരു കുടുംബത്തിന് വീടുവെച്ചു നല്‍കുന്ന ഗൃഹസ്ഥം’ പദ്ധതിയ്ക്കും തുടക്കം കുറിക്കും.
തൃശൂര്‍ ജോയ്് പാലസില്‍ നടത്തിയ പത്രസമ്മേളനത്തില്‍ വൈദ്യരത്‌നം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അഷ്ടവൈദ്യന്‍ ഡോ. ഇ.ടി. നീലകണ്ഠന്‍ മൂസ്സ് , വൈദ്യരത്‌നം ഗ്രൂപ്പ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍മാരായ അഷ്ടവൈദ്യന്‍ ഡോ.ഇ.ടി. യദു നാരായണന്‍ മൂസ്സ്, അഷ്ടവൈദ്യന്‍ ഡോ. ഇ.ടി. കൃഷ്ണന്‍ മൂസ്സ്, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പ്രദീപ് നായര്‍ എന്നിവര്‍ പങ്കെടുത്തു.
ആയുര്‍വേദ പഠനത്തിനും പ്രോത്സാഹനത്തിനുമുള്ള പുരസ്‌കാരത്തിന് ഡോ.ചാരുശര്‍മ (ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ ), ഡോ.നേഹ അഗര്‍വാള്‍ (ജയ്പൂര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ ) ഡോ.ഗാന്ധി മാനസി ദീപക് ഭായ് ( ജാംനഗര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചിംഗ് ആന്റ് റിസര്‍ച്ച്് ഇന്‍ ആയുര്‍വേദ), ഡോ.അംബരീഷ് മിശ്ര ( ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി ) എന്നിവര്‍ അര്‍ഹരായി. പുരസ്‌കാര ജേതാക്കള്‍ക്ക് ഇരുപത്തയ്യായിരം രൂപ വീതം നല്‍കും. രണ്ട് വര്‍ഷം കൂടുമ്പോള്‍ ഇന്ത്യയിലെ മികച്ച ആയുര്‍വേദ റിസര്‍ച്ച് പേപ്പറിന് ഒരു ലക്ഷം രൂപയുടെ വിജ്ഞാന്‍ രത്‌ന പുരസ്‌കാരവും നല്‍കും.