Newsskerala

തൃശൂരിലെ വെസ്റ്റ് ഫോര്‍ട്ട് ഹൈടെക് ആശുപത്രി അടച്ചുപൂട്ടി,വഴിയാധാരമായത് 200 ഓളം ജീവനക്കാര്‍

തൃശൂര്‍: നഗരത്തില്‍ ഇരുപതോളം വര്‍ഷമായി പ്രവര്‍ത്തിക്കുന്ന വെസ്റ്റ് ഫോര്‍ട്ട് ഹൈ ടെക് ആശുപത്രി അടച്ചുപൂട്ടി. ഇന്ന് രാവിലെ എത്തിയ ജീവനക്കാരെ പുറത്താക്കിയാണ്  ആശുപത്രി അനിശ്ചിതകാലത്തേക്ക് അടച്ചുപൂട്ടിയത്. ഇതോടെ ഇവിടെ ജോലിയെടുക്കുന്ന ഇരുന്നൂറോളം ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമായി. പലരും ആശുപത്രി തുടങ്ങിയ കാലം മുതല്‍ ഇവിടെ ജോലി ചെയ്യുന്നവരാണ്.
സാമ്പത്തിക നഷ്ടം മൂലം ജൂലായ് 31 മുതല്‍ ആശുപത്രി അടച്ചുപൂട്ടുമെന്ന് വ്യക്തമാക്കി ജൂലായ് 19ന് ആശുപത്രി മാനേജ്‌മെന്റ് ജീവനക്കാര്‍ക്ക് കത്ത് നല്‍കിയിരുന്നു. ജൂലായ് 31ന് ശമ്പളവും ഒരുമാസത്തെ എക്‌സ്ട്രാ ശമ്പളവും നല്‍കുമെന്നും,  മറ്റ് ആനുകൂല്യങ്ങള്‍ 9 മാസത്തിനകം നല്‍കാമെന്നും  മാനേജ്‌മെന്റ് അറിയിച്ചിരുന്നതായി ജീവനക്കാര്‍ പറയുന്നു.  എന്നാല്‍ ജൂലായിലെ ശമ്പളം പോലും നല്‍കാതെയാണ് മാനേജ്‌മെന്റ് ഇന്ന് ജീവനക്കാരെ പുറത്താക്കിയത്.
ആശുപത്രി അടച്ചുപൂട്ടാനുള്ള തീരുമാനത്തിനെതിരെ കേരള ഹോസ്പിറ്റല്‍ എംപ്ലോയീസ് സംഘിന്റെ (ബി.എം.എസ്്) നേതൃത്വത്തില്‍ ലേബര്‍ ഓഫീസര്‍ക്ക്്് പരാതി നല്‍കിയിരുന്നു. ഇതുപ്രകാരം ലേബര്‍ ഓഫീസര്‍ ഇന്നലെ വിളിച്ചു ചേര്‍ന്ന ചര്‍ച്ചയില്‍ തീരുമാനമായിരുന്നില്ല. സര്‍ക്കാര്‍ അംഗീകാരമില്ലാതെ ആശുപത്രി അടച്ചുപൂട്ടാന്‍ കഴിയില്ലെന്ന് ബി.എം.എസ്് നേതാക്കള്‍ ലേബര്‍ ഓഫീസറെ അറിയിച്ചിരുന്നു. സര്‍ക്കാര്‍ അംഗീകാരമില്ലാതെ ആശുപത്രി അടച്ചിടരുതെന്ന് ലേബര്‍ ഓഫീസറും മാനേജ്‌മെന്റിന് നിര്‍ദേശം നല്‍കിയിരുന്നുവെന്ന് ബി.എം.എസ്് നേതാക്കള്‍ പറയുന്നു.
ആശുപത്രി അടച്ചിടില്ലെന്നും ലീസിന് നല്‍കാനാണ് ശ്രമമെന്നും ആശുപത്രി മാനേജ്‌മെന്റ് ജീവനക്കാരെ അറിയിച്ചിരുന്നു. ലീസിന് നല്‍കുന്ന കാര്യത്തില്‍ അടുത്തമാസം തീരുമാനമുണ്ടാകുമെന്നും മാനേജ്‌മെന്റ് വ്യക്തമാക്കിയിരുന്നു.
ലീസിന് നല്‍കുന്ന പക്ഷം പുതിയ മാനേജ്‌മെന്റിന് നിലവിലെ സ്റ്റാഫിനെ കൈമാറണമെന്നാണ് ജീവനക്കാരുടെ ആവശ്യം. പതിനെട്ടും, ഇരുപതും വര്‍ഷമായി ജോലി ചെയ്യുന്നവരാണ് ഇവിടെയുള്ള മിക്ക ജോലിക്കാരും. പലര്‍ക്കും പ്രായമായി. വേറെ ജോലി കിട്ടാനും സാധ്യത കുറവാണ്.

വെസ്റ്റ് ഫോര്‍ട്ട് ഹൈടെക് ആശുപത്രിയിലെ നഴ്‌സുമാര്‍ യുണൈറ്റഡ് നേഴ്‌സിംഗ് അസോസിയേഷന്റെ നേതൃത്വത്തിലും, നേഴ്‌സിതര ജോലിക്കാര്‍  കേരള ഹോസ്പിറ്റല്‍ എംപ്ലോയീസ് സംഘിന്റെ (ബി.എം.എസ്്) നേതൃത്വത്തിലും ആശുപത്രിക്ക്് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. നിയമപരമായ യാതൊരു നടപടിയും കൈക്കൊള്ളാതെ ആശുപത്രി അടച്ചിട്ട നടപടി നിയമവിരുദ്ധവും, പ്രതിഷേധാര്‍ഹവുമാണെന്ന് ബി.എം.എസ്് ജില്ലാ സെക്രട്ടറി സേതു വെങ്കിടം ആരോപിച്ചു. ജീവനക്കാരുടെ ജീവിതം വഴിമുട്ടിയ സാഹചര്യത്തില്‍ അവരുടെ തൊഴില്‍സുരക്ഷയ്ക്കും ആനുകൂല്യങ്ങള്‍ ഉറപ്പാക്കുന്നതിനും ലേബര്‍ വകുപ്പും, സര്‍ക്കാരും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിഷേധയോഗത്തില്‍ ബി.എം.എസ്് ജില്ലാ പ്രസിഡണ്ട് കെ.വി.വിനോദ്, ജനറല്‍ സെക്രട്ടറി എ.സി.കൃഷ്ണന്‍, വി.രാധാകൃഷ്ണന്‍, ഒ.എ.രതീഷ്, എ.രാധ, സൗമ്യ സൈമണ്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked *