കൊച്ചി: രണ്ടാം ട്രയൽ റണ്ണിന്റെ പകുതി ദൂരം തൃശൂരിൽ പിന്നിട്ടപ്പോൾ ആദ്യ ട്രയൽ റണ്ണിനേക്കാൾ 10 മിനിറ്റ് മുൻപേ എത്തി വന്ദേ ഭാരത എക്സ്പ്രസ്. അഞ്ചു മിനിറ്റ് സമയം മെച്ചപ്പെടുത്തിയാണ് എറണാകുളം നോർത്തിൽ വന്ദേ ഭാരത് എത്തിയത്.
ഇന്നത്തെ ട്രയൽ റൺ തിരുവനന്തപുരം മുതൽ കാസർകോട് വരെയാണ്. ആദ്യ ട്രയൽ റണ്ണില്‍ തിരൂരിൽ നിർത്തിയെങ്കിൽ ഇന്ന് തിരൂരിൽ നിർത്തിയില്ല. കണ്ണൂരിൽ നിന്നായിരിക്കും രണ്ടാം ട്രയൽ റണ്ണിൽ ട്രെയിനിൽ വെള്ളം നിറയ്ക്കുക. രണ്ടാം ട്രയൽ റണ്ണിൽ തൃശ്ശൂർ വരെ മണിക്കൂറിൽ 85 കിലോമീറ്റർ ആയിരുന്നു തൃശ്ശൂർ വരെയുള്ള സാമാന്യവേഗത. ഷൊർണൂർ പിന്നിട്ട ശേഷം മണിക്കൂറിൽ സാമാന്യവേഗത 110 കിലോമീറ്ററായി കൂട്ടും. സ്റ്റേഷനുകളിൽ നിർത്തിയിടുന്ന സമയം മൂന്നു മിനിറ്റ് ആയി ക്രമീകരിച്ചിട്ടുണ്ട്.
25ന് വന്ദേ ഭാരത ഫ്ലാഗ് ഓഫ് ചെയ്യുന്ന ചടങ്ങിൽ കേരളത്തിലെ റെയിൽവേ വികസനത്തിനായി വൻ പദ്ധതികൾ നരേന്ദ്രമോദി പ്രഖ്യാപിക്കും. ട്രാക്കിലെ വളവുകൾ നിവർത്തുക, ലോക്കോ പൈലറ്റ് മാർക്ക് ബ്രേക്കിങ്ങിനായി കൂടുതൽ സമയം നൽകുന്ന ഡബിൾ ഡിസ്റ്റൻസ് സിഗ്നൽ സിസ്റ്റവും ഓട്ടോമാറ്റിക് സിഗ്നൽ സിസ്റ്റത്തിനായുമുള്ള മൂന്ന് ഘട്ടങ്ങളിലെ പദ്ധതിയുടെ ആദ്യ ഘട്ടം പദ്ധതികളുടെ പ്രഖ്യാപനം ഉണ്ടാകും.
നേമം, കൊച്ചുവേളി റെയിൽവേ ടെർമിനലുകൾക്കായി 186 കോടി രൂപയുടെ പദ്ധതി വരുന്നതോടെ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിലെ തിരക്ക് കുറയും. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന 450 കോടി രൂപയുടെ പദ്ധതിയും കേന്ദ്രം പ്രഖ്യാപിക്കും. കോഴിക്കോട് റെയിൽവേ സ്റ്റേഷന് 350 കോടി രൂപയുടെ വികസന പദ്ധതികൾ നിലവിലുണ്ട്. ചെങ്ങന്നൂർ, തൃശ്ശൂർ റെയിൽവേ സ്റ്റേഷനുകൾക്കുള്ള വികസന പദ്ധതികൾ പ്രധാനമന്ത്രി 25ന് പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷ.
സിഗ്നൽ സിസ്റ്റം മെച്ചപ്പെടുത്തിയാൽ വന്ദേമാതത്തിന് കേരളത്തിൽ 130 കിലോമീറ്റർ സ്പീഡിൽ സഞ്ചരിക്കാൻ സാധിക്കും. കൂടാതെ കേരളത്തിേലോടുന്ന മറ്റ് ട്രെയിനുകളുടെ വേഗതയും കൂടും. സംസ്ഥാനങ്ങൾക്ക് ഓരോ വന്ദേ ഭാരത എക്സ്പ്രസ്സ് വീതം നൽകിയശേഷം കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് രണ്ടാമത്തെ വന്ദേ ഭാരത് എക്സ്പ്രസ് നൽകുമെന്ന സൂചനയാണ് കേന്ദ്ര റെയിൽവേ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ നൽകുന്നത്.
കെ – റെയിൽ പദ്ധതി അടഞ്ഞ അധ്യായമല്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഇന്നലെ ഡൽഹിയിൽ പത്രസമ്മേളനത്തിൽ പറഞ്ഞെങ്കിലും നിലവിൽ കേരളം ആവിഷ്കരിച്ച രീതിയിലുള്ള കെ – റെയിൽ പദ്ധതിക്ക് മന്ത്രാലയത്തിന് താല്പര്യമില്ല. പദ്ധതിയിൽ വലിയ മാറ്റങ്ങൾ വരുത്താൻ ചർച്ചകളിൽ കേരളത്തോട് ആവശ്യപ്പെടും. പാർലമെൻറ് തെരഞ്ഞെടുപ്പിന് മുൻപായി കെ-റെയിൽ സംബന്ധിച്ച് നിർണായക തീരുമാനങ്ങളും കേന്ദ്രമെടുക്കില്ല.