തൃശൂർ: കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂരില്‍ മനോരമ ഫോട്ടോഗ്രാഫറായ വിക്ടര്‍ ജോര്‍ജിന്റെ ഓര്‍മയ്ക്കായി സ്മാരകം വേണമെന്ന്
മലയാള മനോരമ പിക്ചര്‍ എഡിറ്റര്‍ ഉണ്ണി കോട്ടക്കല്‍ . ജോലിയ്ക്കിടയിലായിരുന്നു വിക്ടറിന്റെ ജീവത്യാഗം. വിക്ടറിനോടുള്ള ആദരവായി തൃശൂരില്‍ പ്രതിമ സ്ഥാപിക്കണം.
ഓര്‍മ പുതുക്കാന്‍ പോസ്റ്റല്‍ സ്റ്റാമ്പും പുറത്തിറക്കണം. വിക്ടര്‍ ജോര്‍ജിന്റെ ജോലിയിലെ ആത്മാര്‍ത്ഥതയും, ആത്മാര്‍പ്പണവും പത്രഫോട്ടോഗ്രാഫര്‍മാര്‍ മാതൃകയാക്കണം. ബുദ്ധി ഉപയോഗിച്ചാണ് ഫോട്ടോയെടുക്കേണ്ടതെന്ന് വിക്ടര്‍ എപ്പോഴും ഓര്‍മ്മിപ്പിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
പ്രസ് ക്ലബ് ഹാളില്‍ വിക്ടര്‍ ജോര്‍ജ് അനുസ്മരണം നടത്തുകയായിരുന്നു അദ്ദേഹം.
കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിക്ടര്‍ ജോര്‍ജ് അനുസ്മരണവും പത്രപ്രവര്‍ത്തക ദിനാചരണവും മീഡിയ അക്കാദമി വൈസ് ചെയര്‍മാന്‍ ഇ.എസ്. സുഭാഷ് ഉദ്ഘാടനം ചെയ്തു. മനോരമ ഫോട്ടോഗ്രാഫറായിരുന്ന വിക്ടര്‍ ജോര്‍ജിന്റെ ജോലിയോടുള്ള ആത്മാര്‍ഥത വരും തലമുറയ്ക്ക് ഒരു പാഠം തന്നെയാണെന്ന് സുഭാഷ് പറഞ്ഞു. പത്രപ്രവര്‍ത്തനത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കയാണ്. മാധ്യമപ്രവര്‍ത്തകര്‍ക്ക് കിട്ടിയിരുന്ന അംഗീകാരം ഇപ്പോള്‍ കിട്ടാത്ത സാഹചര്യമാണെന്നും ഇ.എസ്. സുഭാഷ് പറഞ്ഞു.
പത്രപ്രവര്‍ത്തക ദിനാചരണ പ്രഭാഷണം പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എം.വി. വിനീത നിര്‍വഹിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് ഒ. രാധിക , സീനിയര്‍ ജേര്‍ണലിസ്റ്റ് എ. സേതുമാധവന്‍ , പ്രസ്‌ക്ലബ് സെക്രട്ടറി പോള്‍ മാത്യു , ട്രഷറര്‍ കെ. ഗിരീഷ് എന്നിവരും ചടങ്ങിൽ സംസാരിച്ചു.