എറണാകുളം: കോഴക്കേസില്‍ മുസ്ലിം ലീഗ് നേതാവ് കെ.എം.ഷാജിക്ക് ആശ്വാസം. അഴീക്കോട് പ്ലസ്ടു കോഴ കേസിലെ വിജിലന്‍സ് എഫ്.ഐ.ആര്‍ ഹൈക്കോടതി റദാക്കി. അഴീക്കോട് ഹൈസ്‌കൂളിന് പ്ലസ് ടു അനുവദിക്കാന്‍ മാനേജ്‌മെന്റില്‍ നിന്നും കോഴ വാങ്ങി എന്നായിരുന്നു പരാതി. സി.പി.എം പ്രാദേശിക നേതാവായിരുന്നു 2017-ല്‍ മുഖ്യമന്ത്രിക്കു പരാതി നല്‍കിയത്.
വിജിലന്‍സ് എസ് പി കഴമ്പിലെന്നു കണ്ടു പരാതി തള്ളിയിരുന്നു.എന്നാല്‍ വീണ്ടും പ്രോസീക്യൂഷന്‍ നിയമോപദേശത്തില്‍ വിജിലന്‍സ് അന്വേഷണം തുടങ്ങി.ഈ കാര്യം ചൂണ്ടിക്കായിയാണ് കെ.എം.ഷാജി ഹൈക്കോടതിയെ സമീപിച്ചത്.
2020ൽ പിണറായി വിജയനെതിരെ സാമൂഹിക മാധ്യമങ്ങളിൽ കടുത്ത ഭാഷയിൽ അതിരൂക്ഷമായ വിമർശനം നടത്തിയ കെ.എം ഷാജിക്കെതിരെ പ്രതികാര നടപടി പോലീസിനെ ഉപയോഗിച്ച് എൽഡിഎഫ് സർക്കാർ സ്വീകരിക്കുകയായിരുന്നു എന്ന് കെ.എം ഷാജിയും മുസ്ലിം ലീഗും ആരോപിച്ചിരുന്നു. പ്രതികാര രാഷ്ട്രീയത്തിനുള്ള തിരിച്ചടിയെന്ന് ഷാജി കോടതിവിധിക്ക് ശേഷം പ്രതികരിച്ചു. പിന്നീട് 2021ൽ അസംബ്ലി തെരഞ്ഞെടുപ്പിൽ അഴീക്കോട് മണ്ഡലത്തിൽ മത്സരിച്ച കെഎം ഷാജി സിപിഎമ്മിന്റെ കെ വി സുമേഷിനോട് പരാജയപ്പെട്ടിരുന്നു. പിന്നീട് പലതവണ കെ. എം ഷാജിയെയും ഭാര്യയെയും പോലീസ് ചോദ്യം ചെയ്യുകയും വീട്ടിൽ ഒരു ദിവസ മുഴുവൻ നീണ്ടുനിന്ന റെയ്ഡ് നടത്തുകയും ചെയ്തിരുന്നു.
ഇന്ന് വിധി വന്നശേഷമുള്ള ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റ് :
“അതിനാല്‍, ഞെരുക്കത്തോടൊപ്പം ഒരു എളുപ്പമുണ്ടാവുക തന്നെ ചെയ്യും;
തിർച്ചയായും പ്രയാസത്തോടൊപ്പം എളുപ്പമുണ്ട്.. “
(വിശുദ്ധ ഖുർആൻ –
94 /5-6)
രാഷ്ട്രീയ വൈരം തീർക്കാൻ, എനിക്കെതിരായി കെട്ടിച്ചമച്ച അഴിമതിക്കേസ് ബഹുമാനപ്പെട്ട ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നു.
സന്തോഷമുണ്ട്.!
സർവ്വശക്തനായ അല്ലാഹുവിന് സ്തുതി. !
പ്രതിസന്ധി ഘട്ടങ്ങളിൽ
കൂടെ നിന്നവർക്കും
പ്രാർത്ഥിച്ചവർക്കും
നന്ദി.
പലതും പറയാനുണ്ട്.
നേരിട്ട് ലൈവിൽ വരാം;
ഇൻ ഷാ അല്ലാഹ്