മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ വാഹനമിടിച്ച് മരണപ്പെട്ട കേസ്. രണ്ടാം പ്രതി വഫയെ കേസില്‍ നിന്നും ഒഴിവാക്കി
കൊച്ചി: മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ വാഹനമിടിച്ച് മരണപ്പെട്ട കേസില്‍ ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി. ശ്രീറാമിനെതിരായ നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി. പ്രതി തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചെന്ന് കോടതി കണ്ടെത്തി. മദ്യപിച്ചതിന് ശേഷമാണ് വാഹനം ഓടിച്ചത്. പ്രഥമദൃഷ്ട്യാ വാഹനം അമിത വേഗത്തിലായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.
സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഉത്തരവ്. നരഹത്യ കുറ്റം ഒഴിവാക്കിയ സെഷന്‍സ് കോടതി നടപടിക്കെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. അതേ സമയം രണ്ടാം പ്രതി വഫയെ കേസില്‍ നിന്നും ഒഴിവാക്കി. വഫയുടെ ഹര്‍ജി അംഗീകരിച്ചാണ് നടപടി. ഇവര്‍ക്കെതിരെ പ്രേരണാകുറ്റമായിരുന്നു നേരത്തെ പൊലീസ് ചുമത്തിയിരുന്നത്. ഇത് നിലനില്‍ക്കില്ലെന്നും വിചാരണഘട്ടത്തിലേക്ക് പോകേണ്ടതില്ലെന്നും ഹൈക്കോടതി വിധിച്ചു. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ചാണ് ഹര്‍ജിയില്‍ വിധി പറഞ്ഞത്. ശ്രീറാമില്‍ നിന്നും നരഹത്യ കുറ്റം ഒഴിവാക്കിയ സെഷന്‍സ് കോടതി ഉത്തരവ് റദാക്കുക, നരഹത്യ കുറ്റം ചുമത്തിയുള്ള കുറ്റവിചാരണക്ക് ഉത്തരവിടുക എന്നിവയായിരുന്നു സെഷന്‍ കോടതി വിധിക്കെതിരായ സര്‍ക്കാരിന്റെ അപ്പീലിലെ അവശ്യം.