തൃശൂർ: അധികാര രാഷ്ട്രീയത്തിൽ വ്യക്തിപരമായ നേട്ടം ഒരു ശതമാനം പോലും പ്രതീക്ഷിക്കാതെ മുന്നോട്ടുപോയ നേതാവാണ് വി. എം. സുധീരൻ നാളിതുവരെയുള്ള പ്രവർത്തനങ്ങളിൽ വി. എം. സ്വീകരിച്ച നിലപാടുകളും അഭിപ്രായ സ്ഥിരതയും കേരളത്തിലെ പൊതു സമൂഹത്തിനു മാതൃകാപരമാണ്. പൊതുജീവിതത്തിൽ ഒരു പുഴുക്കുത്തുപോലുമില്ലാത്ത വി. എം. സുധീരൻ സമകാലീന രാഷ്ട്രീയത്തിൽ അപൂർവ്വതകളുടെ പ്രതീകമാണ്. ഡി സി സി യുടെ ആഭിമുഖ്യത്തിൽ വി. എം. സുധീരന്റെ എഴുപത്തിയഞ്ചാം ജന്മദിനാഘോഷച്ചടങ്ങ് ഉദ്ഘാടനം ചെയ്ത പ്രസംഗിക്കുകയായിരുന്നു കെ പി സി സി പ്രസിഡണ്ട് കെ. സുധാകരൻ എം പി. കെ എസ് യു, യൂത്ത് കോൺഗ്രസ്സ്, കെ പി സി സി പ്രസിഡണ്ട് എന്നീ സംഘടനാസ്ഥാനങ്ങൾ വഹിച്ചുകൊണ്ട് കേരളത്തിലെ കോൺഗ്രസ്സ് പ്രസ്ഥാനത്തെ അതിശക്തമായി മുന്നോട്ട് നയിച്ച ആദർശധീരനായ നേതാവായിരുന്നു വി. എം. സുധീരനെന്നും അദ്ദേഹം പറഞ്ഞു. സ്പീക്കർ സ്ഥാനത്തും മന്ത്രി എന്ന നിലയിലും അദ്ദേഹം എടുത്ത നിലപാടുകൾ എടുത്ത് പറയേണ്ടതാണെന്ന് ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തിയ രമേശ് ചെന്നിത്തല പറയുകയുണ്ടായി. ഡി സി സി പ്രസിഡണ്ട് ജോസ് വള്ളൂർ അധ്യക്ഷത വഹിച്ച ആഘോഷ ചടങ്ങിൽ ടി. എൻ. പ്രതാപൻ എം പി, വി. ടി. ബൽറാം, എം. പി. വിൻസെന്റ്, ടി. വി. ചന്ദ്രമോഹൻ, ചാണ്ടി ഉമ്മൻ, ജോസഫ് ചാലിശ്ശേരി, സുനിൽ അന്തിക്കാട്, രാജേന്ദ്രൻ അരങ്ങത്ത്, അഡ്വ. ജോസഫ് ടാജറ്റ്, കെ. ബി. ശശികുമാർ, ജോൺ ഡാനിയേൽ, എൻ. കെ. സുധീർ, ഐ. പി. പോൾ, ഡോ. നിജി ജസ്റ്റിൻ, കെ. ഗോപാലകൃഷ്ണൻ, കെ. എഫ്. ഡൊമിനിക് എന്നിവർ പ്രസംഗിച്ചു. സാധാരണക്കാർക്ക് വേണ്ടി പാർട്ടി രംഗത്തും ഭരണ രംഗത്തും ആത്മാർത്ഥമായി പ്രവർത്തിക്കാൻ സാധിച്ചതാണ് തന്റെ വിജയമെന്ന് മറുപടി പ്രസംഗത്തിൽ വി. എം. സുധീരൻ പറഞ്ഞു. തനിക്ക് ഒരു പദവി ലഭിക്കാൻ ആരോടും ചോദിക്കേണ്ടി വന്നിട്ടില്ലെന്നും എല്ലാം എനിക്ക് പാർട്ടി തന്നതാണെന്നും ആ നന്ദി എന്നും പാർട്ടിയോട് ഉണ്ടാകുമെന്നും പദവികൾ ഉണ്ടായാലും ഇല്ലെങ്കിലും ജീവിതാവസാനം വരെ കോൺഗ്രെസ്സുകാരനായിരിക്കുമെന്നും വി. എം. സുധീരൻ പറയുകയുണ്ടായി. തനിക്ക് നൽകിയ പിന്തുണയ്ക്ക് എല്ലാവർക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി. ചടങ്ങിൽ പിറന്നാൾ കേക്ക് മുറിച്ചു.