തിരുവനന്തപുരം: മേയര്‍ എം.കെ. വര്‍ഗീസിനെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി മുന്‍ കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍. ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനില്‍ നിന്ന മേയര്‍ ക്രിസ്മസ് കേക്ക് സ്വീകരിച്ചത് ആസൂത്രിതം. മേയര്‍ക്ക് ചോറ് ഇവിടെയും കൂറ് അവിടെയും എന്ന സ്ഥിതിയാണിപ്പോള്‍.. തൃശൂര്‍ മേയര്‍ എം.കെ. വര്‍ഗീസിനെ മാറ്റണമെന്ന് സി.പി.ഐ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. മേയറെ തുടരാന്‍ തീരുമാനിച്ചതാണ് പ്രശ്നമെന്നും എല്‍.ഡി.എഫിനെ പരോക്ഷമായി പഴിച്ചുകൊണ്ട് വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു.
ബി.ജെ.പിയുടെ സ്നേഹ സന്ദേശ യാത്രയുടെ ഭാഗമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് എം.കെ. വര്‍ഗീസിനെ സന്ദര്‍ശിച്ച് കേക്ക് കൈമാറിയിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് മേയര്‍ക്കെതിരെ തുറന്നടിച്ച് വി.എസ് സുനില്‍ കുമാര്‍ രംഗത്തെത്തിയത്. ഇത്തരത്തിലൊരു സംഭവം നടത്തിയത് അദ്ദേഹത്തിന്റെ ബി.ജെ.പിയോടുള്ള രാഷ്ട്രീയ ആഭിമുഖ്യം തന്നെയാണ് വെളിവെക്കുന്നത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് സഹായകമാകുന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചിട്ടുള്ളത്.
ചോറ് ഇവിടെയാണെങ്കിലും കൂറ് അവിടെയാണെന്നത് അന്ന് തന്നെ അദ്ദേഹം തെളിയിച്ചിട്ടുള്ളതാണ്. മേയറെ മാറ്റേണ്ടത് ഇടതുപക്ഷ ജനാധിപത്യ മുന്നണി തീരുമാനിക്കേണ്ട കാര്യമാണ്. എന്ത് ചെയ്താലും സ്ഥാനം നഷ്ടപെടില്ലെന്ന് അദ്ദേഹത്തിന് അറിയാമെന്നും എന്ത് ചെയ്താലും സഹിക്കേണ്ട നിലപാടിലേക്ക് വന്നാല്‍ നമുക്ക് ഒന്നും ചെയ്യാനാകില്ലെന്നും വിഎസ് സുനില്‍ കുമാര്‍ പറഞ്ഞു. മേയറെ മാറ്റാന്‍ എല്‍ഡിഎഫ് നേതൃത്വം ഒന്നും ചെയ്യുന്നില്ലെന്ന പരോക്ഷ വിമര്‍ശനമാണ് സുനില്‍കുമാര്‍ നടത്തിയത്.
ലോക്സഭ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ ബിജെപിയുമായി ആഭിമുഖ്യം പുലര്‍ത്തുന്നുവെന്ന ആരോപണത്തില്‍ മേയര്‍ സംശയ നിഴലിലാണ്. സുനില്‍കുമാറും സിപിഐയും മേയറെ സംശയിക്കുമ്പോഴും ഭരണപോകുമെന്ന് ഭയന്ന് സിപിഎം ഇക്കാര്യത്തില്‍ നടപടി സ്വീകരിച്ചിരുന്നില്ല. ഇതിനുപിന്നാലെയാണിപ്പോള്‍ കെ സുരേന്ദ്രന് കേക്ക് കൊടുത്ത വിവാദം ഉണ്ടായത്.
തൃശൂര്‍ കോര്പ്പറേഷന് മേയര്‍ എം കെ വര്‍ഗീസുമായി കൂടിക്കാഴ്ച നടത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍. ബിജെപിയുടെ സ്നേഹ സന്ദേശ യാത്രയുടെ ഭാഗമായി ക്രിസ്മസ് കേക്കുമായി എത്തിയായിരുന്നു സന്ദര്‍ശനം. എംകെ വര്‍ഗീസുമായുള്ള കൂടിക്കാഴ്ച രാഷ്ട്രീയപരമല്ലെന്നും സ്നേഹത്തിന്റെ സന്ദര്‍ശനം മാത്രമാണെന്നും കെ സുരേന്ദ്രന് സന്ദര്‍ശനത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചത്.