തൃശൂര്‍: പ്രതിപക്ഷ പ്രതിഷേധത്തിനിടെ രണ്ടാമത്തെ അജണ്ട ചര്‍ച്ച ചെയ്യും മുന്‍പേ അടിയന്തര കൗണ്‍സില്‍ യോഗം പിരിച്ചുവിട്ടതായി മേയര്‍ എം.കെ.വര്‍ഗീസ് അറിയിച്ചു. ആരോഗ്യ വിഭാഗത്തിലേക്ക് ആവശ്യമായ ശുചീകരണസാമഗ്രികള്‍ വാങ്ങുന്നതു സംബന്ധിച്ച വിഷയത്തില്‍ പ്രതിപക്ഷ നേതാവ് രാജന്‍.ജെ.പല്ലനും, ജോണ്‍ ഡാനിയലും ഫയല്‍ ആവശ്യപ്പെട്ടു. ആരോഗ്യവിഭാഗത്തില്‍ കോടിക്കണക്കിന് രൂപയുടെ ഇടപാട് നടത്തുന്നതുമായി ബന്ധപ്പെട്ട ഫയല്‍ പരിശോധിക്കണമെന്നും,വിഷയം പഠിക്കണമെന്നും പ്രതിപക്ഷം ഒന്നങ്കടം ആവശ്യപ്പെട്ടതോടെ മേയര്‍ മേശപ്പുറത്തുവെയ്ക്കാമെന്ന് സമ്മതിച്ചു. ഫയല്‍ ഹാജരാക്കുന്നതില്‍ ആശയക്കുഴപ്പമുണ്ടായതോടെയാണ് അപ്രതീക്ഷിതമായി മേയര്‍ തിടുക്കത്തില്‍ കൗണ്‍സില്‍ യോഗം പിരിച്ചുവിട്ടതായി അറിയിച്ചത്.
ശുചിത്വമിഷന്‍ അര്‍ബന്‍ കോര്‍പ്പറേഷന്‍ ബോട്ടില്‍ ബൂത്ത് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലും പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് തീരുമാനമെടുക്കാന്‍ കഴിഞ്ഞില്ല. ഡ്രീം ഹോം ഫര്‍ണീച്ചര്‍ എന്ന സ്ഥാപനത്തിന് ബോട്ടില്‍ ബൂത്ത് സ്ഥാപിക്കാന്‍ അനുവാദം നല്‍കിയതില്‍ വന്‍ അഴിമതിയെന്ന് പ്രതിപക്ഷം ആരോപിച്ചു.
വെറും 3,500 രൂപ ചിലവില്‍ നിര്‍മ്മിക്കാവുന്ന ബോട്ടിലാണ് 9,000 രൂപയ്ക്ക് സ്വകാര്യ സ്ഥാപനത്തിന് മേയര്‍ കൗണ്‍സില്‍ അറിയാതെ മുന്‍കൂര്‍ അനുമതി നല്‍കിയിട്ടുള്ളത്. ലക്ഷക്കണക്കിന് രൂപയുടെ പര്‍ച്ചേഴ്‌സുകള്‍ പ്രചാരത്തിലുള്ള പ്രമുഖ പത്രങ്ങളില്‍ പരസ്യം കൊടുക്കുകയും ഇ -ടെന്‍ഡര്‍ വിളിക്കുകയും വേണം. പകരം പാര്‍ട്ടി പത്രത്തില്‍ മാത്രം പരസ്യം ചെയ്ത് കോടികളുടെ പര്‍ച്ചേഴ്സ് നടത്തുന്നതിലും കൗണ്‍സില്‍ അറിയാതെ മുന്‍കൂര്‍ അനുമതി നല്‍കുന്നതും അഴിമതിയാണെന്നും ആയതിന് സിപിഎം ജില്ലാ നേതൃത്വം കൂട്ടുനില്‍ക്കുകയാണെന്നും പ്രതിപക്ഷ നേതാവ് രാജന്‍ പല്ലന്‍ ചൂണ്ടിക്കാട്ടി. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ മുകേഷ് കൂളപ്പറമ്പില്‍, ജയപ്രകാശ് പൂവ്വത്തിങ്കല്‍, രാമനാഥന്‍ എന്നിവരും തീരുമാനം മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടു.
ഫയല്‍ ചോദിച്ചപ്പോള്‍ മിണ്ടാട്ടം മുട്ടി, കൗണ്‍സില്‍ പിരിച്ചുവിട്ട് മേയര്‍ തടി തപ്പി
