തൃശൂര്‍: കടന്നുപോയി വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും നാമെല്ലാം എന്നും ഓര്‍ക്കുന്ന അപൂര്‍വകലാകാരനാണ് സംഗീതസംവിധായകന്‍ ജോണ്‍സണെന്ന് ചലച്ചിത്ര സംവിധായകന്‍ സത്യന്‍ അന്തിക്കാട് പറഞ്ഞു. പുതുമലമുറ പോലും ജോണ്‍സണന്റെ പാട്ടുകള്‍ ഇഷ്ടപ്പെടുന്നു. താന്‍ ഇത്രയേറെ അംഗീകരിക്കപ്പെടുമെന്നും, ഓര്‍മ്മിക്കപ്പെടുമെന്നും ജീവിച്ചിരിക്കേ ജോണ്‍സണ്‍ മാഷ് വിചാരിച്ചിട്ടുണ്ടാകില്ല. തന്റെ 28 ചിത്രങ്ങള്‍ക്കാണ് ജോണ്‍സണ്‍ സംഗീതം സംവിധാനം നിര്‍വഹിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
കുട്ടനെല്ലൂര്‍ സാംസ്‌കാരിക സംഗീത കാരുണ്യവേദിയുടെ നേതൃത്വത്തില്‍ തൃശൂര്‍ ടൗണ്‍ഹാളില്‍ സംഗീതസംവിധായകന്‍ ജോണ്‍സണ്‍ മാസ്റ്ററുടെ ഓര്‍മ്മദിനാചരണവും, പുരസ്‌കാരണസമര്‍പ്പണവും, കാരുണ്യസഹായവിതരണവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അനുഗ്രഹീത സംഗീതസംവിധായകനായ ജോണ്‍സന്റെ പാട്ടുകള്‍ അനശ്വരങ്ങളാണെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു.
ഈ വര്‍ഷത്തെ ജോണ്‍സണ്‍ മാസ്റ്റര്‍ പുരസ്‌കാരം റാണി ജോണ്‍സണ്‍ ഭാവഗായകന്‍ പി.ജയചന്ദ്രന് സമ്മാനിച്ചു. ജോണ്‍സണ്‍ മാസ്റ്റര്‍ ഈണമിട്ട ‘മോഹം കൊണ്ടു ഞാന്‍ ദൂരയേതോ…’ എന്ന ഗാനം ജയചന്ദ്രന്‍ ആലപിച്ചു. സംഗീതസംവിധായകന്‍ ഔസേപ്പച്ചന്‍ ജോണ്‍സണെ അനുസ്മരിച്ചു. സംഗീതസംവിധായകനായ മോഹന്‍ സിത്താര മുഖ്യാതിഥിയായി. തുടര്‍ന്ന് ഗാനസ്മൃതിയും അരങ്ങേറി.
ജോണ്‍സണ്‍ മാസ്റ്ററുടെ ചരമദിനമായ ഓഗസ്റ്റ് 18ന് നടത്താനിരുന്ന പതിമൂന്നാം ഓര്‍മ്മദിനാചരണവും പുരസ്‌കാരവിതരണവും വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഒക്ടോബറിലേക്ക് മാറ്റിയത്.