തൃശൂര്‍: ഫെയ്‌സ്ബുക്ക് അടക്കമുള്ള നവമാധ്യമങ്ങളിലൂടെ പരിചയപ്പെടുന്നവരെ വശീകരിച്ച് നഗ്നചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും കൈക്കലാക്കുന്ന യുവതി പോലീസിന്റെ പിടിയിലായി.
പരിചയപ്പെടുന്നവരുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം രഹസ്യമായി നഗ്നചിത്രങ്ങള്‍ എടുത്ത പിന്നീട് ഭീഷണിപ്പെടുത്തി പണവും മറ്റും തട്ടിയെടുക്കുകയാണ് ഇവരുടെ രീതി.
സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടയാളെ നഗരത്തിലെ സ്വകാര്യഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി, പണവും സ്വര്‍ണാഭരണങ്ങളും കവര്‍ച്ചചെയ്ത കേസിലാണ് ചേലക്കര ഐശ്വര്യനഗര്‍ ചിറയത്ത് സിന്ധു (37) പോലീസിന്റെ വലയിലായത്. ഫെബ്രുവരിയില്‍ പാലക്കാട് ചന്ദ്രനഗര്‍ സ്വദേശിയായ ഒരാളെ യുവതി സാമൂഹ്യമാധ്യമം വഴിപരിചയപ്പെട്ടു. ഇയാളെ നഗരത്തിലെ സ്വകാര്യ ഫഌറ്റില്‍ വിളിച്ചുവരുത്തി, പരസ്പര സമ്മതപ്രകാരം ശാരീരികമായി ബന്ധപ്പെട്ടു. തുടര്‍ന്ന് പോലീസിനെ വിളിച്ച് അറസ്റ്റ് ചെയ്യിപ്പിക്കുമെന്നും അപമാനിക്കുകയും ചെയ്യും എന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുകയും, അയാള്‍ ധരിച്ചിരുന്ന സ്വര്‍ണ ഏലസ്സും, സ്വര്‍ണമാലയും ലോക്കറ്റും അടക്കം മൂന്നരപവന്‍ സ്വര്‍ണാഭരണങ്ങള്‍ നിര്‍ബന്ധിച്ച് ഊരിവാങ്ങുകയും ചെയ്തിരുന്നു.
പിന്നീട് ഒരു ദിവസം, ഏലസ്സും, സ്വര്‍ണലോക്കറ്റും തിരികെ തരാമെന്ന്്് പറഞ്ഞ്, ഇയാളെ ഷൊര്‍ണൂരിലെ ഒരു സ്വകാര്യലോഡ്ജിലേക്ക് വിളിച്ചുവരുത്തി, അവിടെവെച്ച്, മൊബൈല്‍ഫോണില്‍ നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി, ഇത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും, കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുക്കുമെന്നും ഭീഷണിപ്പെടുത്തി, കൈവശമുണ്ടായിരുന്ന 1,75,000 രൂപ നിര്‍ബന്ധിച്ച് കൈക്കലാക്കുകയും ചെയ്തു. അതിനുശേഷം യുവതി ഇയാളെ ടെലഫോണില്‍ ബന്ധപ്പെട്ട്, പത്ത് ലക്ഷം രൂപ തന്നില്ലെങ്കില്‍ നഗ്‌നചിത്രങ്ങള്‍ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുക്കും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു.
ശല്യം സഹിക്കാനാകാതെ, പരാതിക്കാരന്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെതുടര്‍ന്ന്, കേസ് രജിസ്റ്റര്‍ ചെയ്യുകയും, തുടര്‍ന്ന് പണം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയെ പരാതിക്കാരനെക്കൊണ്ട് തൃശൂരിലേക്ക് വിളിച്ചുവരുത്തിയാണ് തന്ത്രപൂര്‍വം പോലീസ് പിടികൂടിയത്. പ്രതിയുടെ മൊബൈല്‍ഫോണില്‍ നിന്നും ഇരുവരും തമ്മിലുള്ള വാട്‌സ് ആപ്പ് ചാറ്റുകളും, ശബ്ദസന്ദേശങ്ങളും ചിത്രങ്ങളും പോലീസ് കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ഈസ്റ്റ് എസ്.എച്ച്.ഒ പി.ലാല്‍കുമാറിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ കെ. ഉമേഷ്, അസി. സബ് ഇന്‍സ്‌പെക്ടര്‍ സണ്ണി വി.എഫ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ നിജിത.ടി, സ്മിത കെ, ഹണി എന്‍.വി. തുടങ്ങിവരും ഉണ്ടായിരുന്നു.
Photo: newsskerala