തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ ഐ. ഡി കാര്‍ഡ് കേസിലെ പ്രതികള്‍ സഞ്ചരിച്ചത് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കാറില്‍. പിടിയിലായപ്പോള്‍ പ്രതികള്‍ രാഹുലിന്റെ കാറിലാണുണ്ടായിരുന്നത്. ഫെനിയും ബിനിലും പിടിയിലായത് കെ.എല്‍- 26 – എല്‍ – 3030 എന്ന നമ്പര്‍ കാറില്‍ നിന്നാണ്. രാഹുല്‍ ബി ആര്‍ എന്ന പേരിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് കാറില്‍ കെ.പി. സി.സി ഓഫീസില്‍ നിന്നിറങ്ങിയ ഇവരെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.
വ്യാജ ഐ.ഡികാര്‍ഡ് നിര്‍മാണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളും പുറത്തുവരികയാണ്. വ്യാജ ഐഡി കാര്‍ഡ് നിര്‍മിക്കാന്‍ നടന്‍ അജിത്തിന്റെ ഫോട്ടോ വരെ പ്രതികള്‍ ഉപയോഗിച്ചെന്നാണ് കണ്ടെത്തല്‍. പ്രതി അഭിനന്ദ് വിക്രത്തിന്റെ ഫോണിലാണ് നടന്റെ ഫോട്ടോവെച്ചുള്ള വ്യാജ ഐ.ഡി കാര്‍ഡ് കണ്ടത്.
പണം നല്‍കിയാണ് വ്യാജ ഐ.ഡി കാര്‍ഡുകള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിര്‍മിച്ചത്. ആയിരത്തിലേറെ കാര്‍ഡുകള്‍ വ്യാജമായി തയാറാക്കിയെന്നും മൊഴിയുണ്ട്. വ്യാജകാര്‍ഡുകള്‍ നിര്‍മിച്ചത് അടൂരിലെ മുന്‍ പ്രസ് ജീവനക്കാരനായ വികാസ് കൃഷ്ണയെന്ന് പൊലീസ് അറിയിക്കുന്നു. കാര്‍ഡില്‍ ഉള്‍പ്പെടുത്തേണ്ട മേല്‍വിലാസങ്ങളും ഫോട്ടോകളും നല്‍കിയത് മറ്റ് പ്രതികളെന്നും മൊഴി ലഭിച്ചിട്ടുണ്ട്.