Newsskerala

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍. ഇന്നലെ വൈകിട്ടാണ് എസ്‌ഐടി സുധീഷ് കുമാറിനെ കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. ദ്വാരപാലകരുടെ ശില്പങ്ങളിലെ പാളികള്‍ സ്വര്‍ണ്ണം പൊതിഞ്ഞതാണെന്ന് അറിഞ്ഞിട്ടും, രേഖകളില്‍ അത് ‘ചെമ്പ് പാളികള്‍’ എന്ന് രേഖപ്പെടുത്തിയത് സുധീഷാണെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി.

മഹസറില്‍ കൃത്രിമം കാട്ടുകയും ചെയ്തുകൊണ്ട് പ്രധാന പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണ്ണം തട്ടിയെടുക്കാന്‍ സുധീഷ് കുമാര്‍ അവസരം നല്‍കിയെന്നാണ് ക്രൈം ബ്രാഞ്ചിന്റെ പ്രാഥമിക നിഗമനം. 2019-ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ദ്വാരപാലക ശില്‍പങ്ങള്‍ കൈമാറുന്ന സമയത്ത് സുധീഷ് കുമാറായിരുന്നു ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍. ‘ചെമ്പ് പാളികള്‍’ എന്ന് രേഖപ്പെടുത്തിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ സ്‌പോണ്‍സറായി അംഗീകരിക്കുന്നതിനുള്ള ശുപാര്‍ശ സുധീഷ് ദേവസ്വം ബോര്‍ഡിന് സമര്‍പ്പിച്ചത്.

സ്വര്‍ണ്ണം പൊതിഞ്ഞവയാണ് പാളികളെന്ന് വ്യക്തമായി അറിയാമായിരുന്നിട്ടും, അത് ഇളക്കി മാറ്റിയ സമയത്തും രേഖകളില്‍ സുധീഷ് ‘ചെമ്പ്’ എന്ന് തന്നെയാണ് രേഖപ്പെടുത്തിയത്. പാളികള്‍ ഏറ്റുവാങ്ങിയത് ഉണ്ണികൃഷ്ണന്‍ പോറ്റിയല്ലായിരുന്നിട്ടും, മഹസറില്‍ അദ്ദേഹത്തിന്റെ പേര് എഴുതിച്ചേര്‍ത്തതും സുധീഷ് കുമാറാണെന്നതിനും തെളിവ് ലഭിച്ചു. സ്വര്‍ണം മോഷ്ടിക്കാന്‍ മുരാരി ബാബുവിനൊപ്പം ചേര്‍ന്ന് ഇദ്ദേഹം സഹായം ചെയ്‌തെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. സുധീഷ് കുമാറിനെ ഇന്ന് വൈകിട്ട് കോടതിയില്‍ ഹാജരാക്കും. ആവശ്യമെങ്കില്‍ കസ്റ്റഡിയില്‍ വാങ്ങി വീണ്ടും ചോദ്യം ചെയ്യും.

Leave a Comment

Your email address will not be published. Required fields are marked *