Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

സെയ്ഫ് ആന്റ് സ്‌ട്രോംഗ് നിക്ഷേപത്തട്ടിപ്പ് : പ്രവീണ്‍ റാണ അറസ്റ്റില്‍

തൃശൂര്‍: 200 കോടിയുടെ സെയ്ഫ് ആന്റ് സ്‌ട്രോംഗ് നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതി പ്രവീണ്‍ റാണയെ തൃശൂര്‍ ഈസ്റ്റ് പോലീസ് അറസ്റ്റ്ചെയ്തു. അറസ്റ്റിന് ശേഷം റാണയെ ജില്ലാ ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് വിധേയനാക്കി.
എന്നെങ്കിലും, സത്യം പുറത്തുവരുമെന്നും താന്‍ ആരെയും പറ്റിച്ചിട്ടില്ലെന്നും പ്രവീണ്‍ റാണ മാധ്യമങ്ങളോട് പ്രതികരിച്ചു.   വൈദ്യ പരിശോധനയ്ക്ക് കൊണ്ടു പോകുമ്പോഴായിരുന്നു  റാണയുടെ പ്രതികരണം. എല്ലാവര്‍ക്കും പണം തിരിച്ചുകൊടുക്കും. ബിസിനസ് മാത്രമാണ് ചെയ്തത്, അതില്‍ ഉയര്‍ച്ച താഴ്ചകളുണ്ടാകും. ജാമ്യം നേടുന്നതിനായി മാറി നിന്നതാണെന്നും റാണ പറഞ്ഞു.



.അക്കൗണ്ടില്‍ പണമില്ലെന്നാണ് പൊലീസ് പറയുന്നത് എന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ റാണ കൃത്യമായി മറുപടി നല്‍കിയില്ല.അതേസമയം, പ്രവീണ്‍ റാണയുടെ അക്കൗണ്ടുകള്‍ കാലി. പൊള്ളാച്ചിയില്‍ ഒളിവില്‍ പോകാന്‍ റാണ പണം സംഘടിപ്പിച്ചതാകട്ടെ വിവാഹം മോതിരം വിറ്റും. ജനങ്ങളെ പറ്റിച്ച് കൈക്കലാക്കിയ കോടികള്‍ പ്രവീണ്‍ റാണയുടെ അക്കൗണ്ടുകളില്‍ ഇല്ല. ഏഴു അക്കൗണ്ടുകള്‍ പൊലീസ് പരിശോധിച്ചപ്പോള്‍  അക്കൗണ്ടുകളെല്ലാം കാലിയാണ്. സുഹൃത്തുക്കളെ ബിനാമികളാക്കി പണം കൈമാറിയിരുന്നു. അവരാകട്ടെ, റാണ കുടങ്ങിയെന്ന് മനസിലായപ്പോള്‍ കൈമലര്‍ത്തി. ഒളിവില്‍ പോകാന്‍ ഇത്തരം ബിനാമികളുടെ പക്കല്‍ നിന്ന് പണം ചോദിച്ചു. അവര്‍ കൊടുത്തില്ല. തൃശൂരിലെ ബന്ധുവിനെ കാറില്‍ കൊച്ചിയിലേക്കു വിളിച്ചുവരുത്തി. നേരെ, പൊള്ളാച്ചി ഭാഗത്തേയ്ക്കു പോയി. യാത്രാചെലവിനുള്ള പണവും കൈവശമില്ലായിരുന്നു. കോയമ്പത്തൂരില്‍ എത്തിയ ശേഷം വിവാഹ മോതിരം വിറ്റു.

ഇവിടെ നിന്ന് കിട്ടിയ എഴുപത്തിയ്യായിരം രൂപയുമായി പൊള്ളാച്ചിയിലേക്ക് വിട്ടു. കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ തൃശൂര്‍ വഴിയാണ് പൊള്ളാച്ചിയിലേക്ക് പോയത്. പൊള്ളാച്ചിയ്ക്കു പതിനാലു കിലോമീറ്റര്‍ അകലെയുള്ള ദേവരായപുരത്തെ ക്വാറിയില്‍ ഒളിവില്‍ കഴിഞ്ഞു. നാട്ടുകാരുടെ പണം കൊണ്ട് കഴിഞ്ഞ കുറച്ചുകാലമായി ഫൈവ് സ്റ്റാര്‍ ഹോട്ടലിലും ആഡംബര റിസോര്‍ട്ടിലും കഴിഞ്ഞ റാണ പൊള്ളാച്ചിയില്‍ നാലു ദിവസം താമസിച്ചതാകട്ടെ കുടിലിലും. റാണയുടെ കൂട്ടാളികളായ അഞ്ചു പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും.

പാലക്കാട് ജില്ലയില്‍ അന്‍പതു സെന്റ് ഭൂമി മാത്രമാണ് നിക്ഷേപമെന്ന് റാണ പൊലീസിനോട് വെളിപ്പെടുത്തി. മഹാരാഷ്ട്രയില്‍ പബ്ബില്‍ പണം മുടക്കിയെന്ന് നിക്ഷേപകരോട് പറഞ്ഞത് കള്ളമാണ്. നുണപറഞ്ഞ് നിക്ഷേപങ്ങള്‍ വാരിക്കൂട്ടി ധൂര്‍ത്തടിച്ച് ജീവിച്ചു. പലിശ നല്‍കാന്‍ കൂടുതല്‍ പേരെ വാചകമടിച്ച് വീഴ്ത്തി നിക്ഷേപങ്ങള്‍ സ്വീകരിക്കുകയായിരുന്നു റാണ.

Leave a Comment

Your email address will not be published. Required fields are marked *