തൃശൂര്‍: താളനിബദ്ധമായി തുള്ളിയിളകുന്ന ആലിലകളും, ആവേശത്താല്‍
അലപോലെ ആര്‍ത്തിരമ്പുന്ന ജനസാഗരവും സാക്ഷി. വേദമന്ത്രമുഖരിതമായ ബ്രഹ്മസ്വം മഠത്തില്‍ കൊട്ടിക്കയറിയ പാണ്ടിമേളം മേളാസ്വാദകര്‍ക്ക്് പുത്തനുണര്‍വേകി.
അക്ഷരകാലങ്ങളുടെ കടല്‍ കടഞ്ഞ്്് പാണ്ടിയുടെ അമൃതനാദം മഠത്തിന്റെ നടവഴികളില്‍ നിറഞ്ഞപ്പോള്‍ ആഹ്ലാദത്തില്‍ ആറാടിയ ആസ്വാദകരുടെ മനസ്സു
പറഞ്ഞു, പൂരക്കാലം വരവായെന്ന്, ഒപ്പം പ്രൗഡമായ പൂരക്കാലത്തെ തിരിച്ചെത്തിയ പൂരപ്രേമിസംഘത്തിന് ഹൃദയത്തിന്റെ ഭാഷയില്‍ ഒരായിരം നന്ദിയും.
ചെറുശ്ശേരി കുട്ടന്‍മാരാരുടെ പ്രമാണത്തില്‍ 120-ല്‍ പരം വാദ്യകലാകാരന്‍മാര്‍ പാണ്ടിമേളത്തിന് അണിനിരന്നു. പെരുവനം ശിവന്‍മാരാര്‍, പെരുവനം ശങ്കരനാരായണന്‍ എന്നിവര്‍ ഉരുട്ടുചെണ്ടയിലും, ചെറുശ്ശേരി ദാസന്‍മാരാര്‍, പെരുവനം കുട്ടിപിഷാരടി, രജില്‍കുമാര്‍, എന്നിവര്‍ വീക്കം ചെണ്ടയിലും, ഏഷ്യാഡ് ശശി, പേരാമംഗലം ബാലന്‍, പരയ്ക്കാട് ബാബു എന്നിവര്‍ ഇലത്താളത്തിലും, പനമണ്ണ മനോഹരന്‍, പട്ടിക്കാട് അജി, ഇഞ്ചമുടി ഹരിഹരന്‍, എന്നിവര്‍ കുറുങ്കുഴലിലും, മച്ചാട് രാമചന്ദ്രന്‍, വരവൂര്‍ മണികണ്ഠന്‍, വരവൂര്‍ ഭാസ്‌ക്കരന്‍ എന്നിവര്‍ കൊമ്പിലും നേതൃത്വം നല്‍കി.
പ്രതിഭാധനന്‍ അന്നമനട അച്യുതമാരാരും പിന്നീട് വാദ്യകലയിലെ വിശാരദന്‍മാര്‍ പലരും പഞ്ചവാദ്യത്തില്‍ പ്രതിഭ തെളിയിച്ച ബ്രഹ്മസ്വം മഠത്തില്‍ ഇതാദ്യമായിട്ടായിരുന്നു പാണ്ടിമേളത്തിന്റെ അരങ്ങേറ്റം.
അഞ്ച് മണിക്ക് തുടങ്ങിയ പാണ്ടി മേളം മൂന്ന്് മണിക്കൂര്‍ നീണ്ടു. കൂട്ടിപ്പെരുക്കലും, വിളംബകാലവും കടന്ന്് പാണ്ടി തുറന്ന്് പിടിച്ച ഘട്ടമെത്തിയതോടെ വിഖ്യാതമായ തൃശൂര്‍ പൂരത്തിന്റെ ഓര്‍മകളിലായി മേളക്കമ്പക്കാര്‍.
അണുവിട തെറ്റാതെ കാലങ്ങള്‍ കൂട്ടിപ്പെരുക്കി രാത്രി എട്ട് മണിയോടെ പാണ്ടി മേളം സമാപിച്ചു.
കൊച്ചി ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് വി.നന്ദകുമാര്‍ ഭദ്രദീപം കൊളുത്തി. ജില്ലാ പഞ്ചായത്ത്് പ്രതിപക്ഷ നേതാവ് ജോസഫ് ടാജറ്റ്, ഡപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്‍, ആരോഗ്യ സ്്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ.ഷാജന്‍, കൗണ്‍സിലര്‍ പൂര്‍ണിമാ സുരേഷ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. പൂരപ്രേമി സംഘം ഭാരവാഹികളായ ബൈജു താഴേക്കാട്, അനില്‍കുമാര്‍ മോച്ചാട്ടില്‍, വിനോദ് കണ്ടേംകാവില്‍, പി.വി.അരുണ്‍, നന്ദകുമാര്‍ വാകയില്‍, സജേഷ് കുന്നമ്പത്ത്് എന്നിവര്‍ നേതൃത്വം നല്‍കി.
…………………
Photo Credit: Newss Kerala