ടെഹ്‌റാന്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോര്‍മൂസ് കടലിടുക്ക് അടച്ച് ഇറാന്‍. ലോകത്തെ എണ്ണക്കപ്പലുകള്‍ കടന്നു പോകുന്ന പ്രധാന പാതയായ ഹോര്‍മുസ് കടലിടുക്കിലൂടെ ഗതാഗതം നിശ്ചലമായ അവസ്ഥയിലാണ്. ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായി അടച്ചതായി ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചു. വിലക്ക് ലംഘിച്ച് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളെ ആക്രമിക്കുമെന്നും മുന്നറിയിപ്പ് നല്‍കി. ഇതോടെ എണ്ണവില കുതിക്കാനാണ് സാധ്യത. ഹോര്‍മൂസ് കടലിടുക്ക് ഏതാനും ദിവസം അടച്ചിട്ടാല്‍ പോലും ഗ്യാസ്, എണ്ണക്കടത്തിനെ ബാധിക്കും. ആക്രമണമുണ്ടായതോടെ ഖത്തര്‍ എനര്‍ജി നാച്ചുറല്‍ ഗ്യാസ് ഉത്പാദനവും നിര്‍ത്തി. ഇറാന്‍ ആക്രമണമുണ്ടായ അരാംകോയുടെ പല പ്ലാന്റുകളും പ്രവര്‍ത്തനം നിര്‍ത്തി. കുവൈറ്റിലെ ചില റിഫൈനറികളും ഉത്പാദനം നിര്‍ത്തി.
ലോകത്തിലെ എണ്ണയുടെയും വാതകത്തിന്റെയും ഏകദേശം 20 ശതമാനവും കടന്നുപോകുന്ന കടലിടുക്കാണ് ഹോര്‍മൂസ് കടലിടുക്ക്. ഹോര്‍മുസ് ഇടുക്കിന് സമീപം മൂന്ന് കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടായതിനെ തുടര്‍ന്ന് ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരുന്നു. അമേരിക്കയും ഇസ്രായേലും നടത്തുന്ന ആക്രമണങ്ങള്‍ക്ക് മറുപടിയായി പശ്ചിമേഷ്യയിലുടനീളം ഇറാന്‍ നടത്തിയ ആക്രമണങ്ങളിലാണ് ഹോര്‍മൂസ് കടലിടുക്കും പ്രശ്‌നബാധിതമായത്. രണ്ട് കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടായതായും, മൂന്നാമതൊരു കപ്പലിന് തൊട്ടടുത്ത് തിരിച്ചറിയാന്‍ കഴിയാത്ത ഒരു വസ്തു പൊട്ടിത്തെറിച്ചതായുമാണ് യുകെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് സെന്റര്‍ വിശദമാക്കുന്നത്. ഹോര്‍മൂസ് കടലിടുക്ക് പൂര്‍ണമായും അടച്ചതോടെ എണ്ണവില കുതിച്ചുയരാനാണ് സാധ്യത.
ഹോര്‍മൂസ് കടലിടുക്ക് അടച്ച് ഇറാന്‍; കടക്കാന്‍ ശ്രമിക്കുന്ന കപ്പലുകള്‍ കത്തിക്കുമെന്ന് മുന്നറിയിപ്പ്












