തൃശൂർ: കോർപ്പറേഷനിലെ ലോറികളിലെ കുടിവെള്ള വിതരണത്തിൽ ഒരു കോടിയുടെ അഴിമതിയാരോപിച്ച് കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ ബഹളം. രാജി ആവശ്വപ്പെട്ട് ഡപ്യൂട്ടി മേയർ എം.എൽ.റോസിയെ യു.ഡി.എഫ്, ബി.ജെ.പി അംഗങ്ങൾ തടഞ്ഞുവെച്ചു. പ്രതിഷേധം ശക്തമായപ്പോൾ ഡപ്യൂട്ടി മേയർ യോഗത്തിൽ നിന്ന് എഴുന്നേറ്റ് പോയി.
കുറഞ്ഞ നിരക്ക് ക്വാട്ട് ചെയ്ത കരാറുകാരന് കരാർ നൽകാതെ കൂടിയ തുകയ്ക്ക് കുടിവെള്ള വിതരണത്തിന് അനുമതി നൽകിയ മുൻ മേയർ അജിതാ ജയരാജൻ ഇപ്പോഴത്തെ ഡെപ്യൂട്ടി മേയർ എം എൽ റോസി എന്നിവർക്കെതിരെയുള്ള ഓംബുഡ്സ്മാൻ ശുപാർശ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഓംബുഡ്സ്മാൻ നടപടി നേരിട്ട ഡെപ്യൂട്ടി മേയർ എം എൽ റോസി രാജിവെച്ച് കൗൺസിൽ ഹാളിൽ നിന്ന് പുറത്തു പോകണം എന്ന് നഗരാസൂത്രണ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോൺ ഡാനിയൽ കൗൺസിൽ യോഗത്തിൽ ആവശ്യപ്പെട്ടു.
അഴിമതി നടത്തിയെന്ന് ബോധ്യമായിട്ടും ഭരണം നിലനിർത്തുന്നതിന് വേണ്ടിയാണ് കൗൺസിലർ എം എൽ റോസിയെ എൽഡിഎഫ് നേതൃത്വം സംരക്ഷിക്കുന്നതെന്ന് ജോൺ ഡാനിയൽ പറഞ്ഞു. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് കൗൺസിൽ യോഗം മേയർ പിരിച്ചുവിട്ടു.