കൊച്ചി: സംസ്ഥാനത്ത് വെള്ള റേഷൻ കാർഡ് ഉൾപ്പെടുന്ന പൊതുവിഭാഗത്തിൽ ഈ മാസം 10 കിലോ അരി ലഭ്യമാക്കുമെന്നു ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ. ഈ മാസം മുതൽ പച്ചരിയും പുഴുക്കലരിയും 50ഃ50 അനുപാതത്തിൽ എല്ലാ സ്റ്റോക്കിലും ലഭ്യമാക്കാൻ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായുള്ള ചർച്ചയിൽ തത്വത്തിൽ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പൊതു വിഭാഗത്തിന് ഈ മാസം നൽകുന്ന 10 കിലോ അരിയിൽ ഏഴു കിലോ 10.90 രൂപ നിരക്കിലും മൂന്നു കിലോ 15 രൂപയ്ക്കുമാകും നൽകുക. നീല കാർഡ് ഉടമകൾക്ക് ഈ മാസം മൂന്നു കിലോ അരി 15 രൂപ നിരക്കിൽ അധികമായി നൽകും. അനാഥാലയങ്ങളിലെ അന്തേവാസികൾക്ക് അഞ്ചു കിലോ അരിയും ലഭ്യമാക്കും. ഇതിൽ രണ്ടു കിലോ 10.90 രൂപ നിരക്കിലും മൂന്നു കിലോ 15 രൂപയ്ക്കുമാകും നൽകുക. പൊതു വിപണിയിൽ 30 രൂപയ്ക്കു മുകളിൽ വിലയുള്ള അരിയാണ് ഈ രീതിയിൽ വിവിധ വിഭാഗങ്ങളിലായി വിതരണം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.
പച്ചരിയും പുഴുക്കലരിയും 50ഃ50 അനുപാതത്തിൽ ലഭ്യമാക്കുന്നതോടെ പൊതു കമ്പോളത്തിലെ അരിയുടെ വില നിയന്ത്രിക്കുന്നതിന് അനുകൂല സാഹചര്യം സൃഷ്ടിക്കപ്പെടുമെന്നു മന്ത്രി പറഞ്ഞു. പ്രഭാത ഭക്ഷണത്തിന് കേരളത്തിലെ ഭൂരിപക്ഷം പേരും പച്ചരി ഉപയോഗിച്ചുള്ള വിഭവങ്ങളെയാണ് ഉപയോഗിക്കുന്നത് എന്നതിനാൽ ഈ തീരുമാനം കുടുംബങ്ങൾക്കും വലിയ ആശ്വാസം നൽകും.
നിലവിൽ എഫ്.സി.ഐയിൽനിന്നു പൊതുവിതരണത്തിനു ലഭ്യമാക്കുന്ന സോണാ മസൂരി അരി ഇനത്തിനു പകരം സംസ്ഥാനത്തു കൂടുതലായി ഉപയോഗിക്കുന്ന ആന്ധ്ര ജയ, സുരേഖ, ബോണ്ടാലു തുടങ്ങിയ ഇനങ്ങളിലെ അരിയുടെ സ്റ്റോക്ക് എല്ലാ വിഭാഗത്തിനും ലഭ്യമാക്കാൻ എഫ്.സി.ഐയുമായി ധാരണയായിട്ടുണ്ട്. എഫ്.സി.ഐയിൽനിന്നു വിഹിതം വിട്ടെടുക്കുന്നതിനു മുൻപു കൂടുതൽ പരിശോധനയും കൃത്യതയും ഉറപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഇതു സംബന്ധിച്ച ധാരണാപത്രത്തിൽ കൂട്ടിച്ചേർത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Photo Credit: Twitter