Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ജാതിമത വ്യത്യാസമില്ലാതെ സമൂഹത്തിന്റെ മുഴുവൻ കണ്ണീരൊപ്പാൻ അമൃതശ്രീ കൂട്ടായ്മയിലൂടെ കഴിയുന്നു ; മന്ത്രി കെ.രാജൻ

തൃശൂർ: ജാതിമത വ്യത്യാസങ്ങൾ ഇല്ലാതെ സമൂഹത്തിലെ എല്ലാവരുടെയും കണ്ണീരൊപ്പാൻ അമൃതശ്രീ കൂട്ടായ്മയ്ക്കും ഇതിന് നേതൃത്വം കൊടുക്കുന്ന അമൃതാനന്ദമയീമഠത്തിനും കഴിയുന്നുണ്ടെന്ന് റവന്യൂ മന്ത്രി കെ.രാജൻ പറഞ്ഞു. വനിതകളുടെ ഉന്നമനം ലക്ഷ്യമിട്ട് മാതാ അമൃതാനന്ദമയീദേവി ആഹ്വാനം ചെയ്ത അമൃതശ്രീ (അമൃത സ്വാശ്രയ സംഘം) പദ്ധതിയുടെ ഭാഗമായി തൃശൂർ മേഖലയിലെ അമൃതശ്രീ അംഗങ്ങൾക്കും പ്രളയബാധിതർക്കുമുള്ള ഭക്ഷ്യ,വസ്ത്ര,ധന സഹായങ്ങളുടെ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുസമൂഹത്തിന്റെ സംരക്ഷണത്തിനും നൻമയ്ക്കും വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ അമൃതശ്രീ വഹിക്കുന്ന പങ്ക് വളരെ ശ്രദ്ധേയമാണെന്നും കെ.രാജൻ പറഞ്ഞു. അയ്യന്തോൾ അമൃത വിദ്യാലയത്തിൽ നടന്ന ചടങ്ങിൽ ടി.എൻ പ്രതാപൻ എം.പി അധ്യക്ഷത വഹിച്ചു. 

സംസ്ഥാനത്ത്  സുനാമിയും, ഓഖിയും, പ്രളയങ്ങളുമെല്ലാം ഉണ്ടായപ്പോൾ എല്ലാം നഷ്ടപ്പെട്ട ലക്ഷക്കണക്കിന് ആളുകൾക്ക് കൈത്താങ്ങായി മാതാ അമൃതാനന്ദമയിയും മഠവും മുന്നോട്ടു വന്നത് ഒരിക്കലും മറക്കാനാകില്ല. അർഹരായ ആളുകളിലേക്ക് നേരിട്ട് സഹായമെത്തിക്കുന്ന അമൃതശ്രീ പദ്ധതി വളരെ മഹത്തരമായ സ്‌നേഹസന്ദേശമാണ് നൽകുന്നതെന്നും ടി.എൻ പ്രതാപൻ പറഞ്ഞു. ചടങ്ങിൽ ബ്രഹ്‌മചാരി അമോഘാമൃത ചൈതന്യ അനുഗ്രഹപ്രഭാഷണം നടത്തി. ബി.ജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി ഗോപാലകൃഷ്ണൻ, അമൃതശ്രീ  കോ-ഓർഡിനേറ്റർ രംഗനാഥൻ എന്നിവർ സംസാരിച്ചു. തൃശൂർ മേഖലയിൽ 6000  കുടുംബങ്ങൾക്കാണ് സഹായങ്ങൾ വിതരണം ചെയ്തത്. 

അമൃതശ്രീ സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങൾക്കും വെള്ളപ്പൊക്കത്തിലും മഴക്കെടുതിയിലും ദുരിതമനുഭവിച്ച കുടുംബങ്ങൾക്കുമായി 35 കോടി രൂപയുടെ സഹായങ്ങളാണ് അമൃതാനന്ദമയീമഠം നൽകുന്നത്. കോവിഡ് മഹാമാരി ആരംഭിച്ചതുമുതൽ വിവിധ സഹായപദ്ധതികൾക്കായി ആകെ 85 കോടി രൂപയുടെ ധനസഹായം അമൃതാനന്ദമയീ മഠം നൽകിയിരുന്നു. അമൃതശ്രീ പദ്ധതി 17 വർഷം  പിന്നിടുന്നതിനോടനുബന്ധിച്ച് ധനസഹായത്തിന് പുറമെ, ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും എല്ലാ ജില്ലകളിലും വിതരണം ചെയ്ത് വരുകയാണ്. ഇതിനു പുറമേ തൊഴിൽരഹിതർക്കും, സാമ്പത്തികമായി ദുർബലരായ സ്ത്രീകൾക്കുമായുള്ള സാമ്പത്തിക സഹായങ്ങടക്കമുള്ള നിരവധി പദ്ധതികളാണ് നടപ്പാക്കിവരുന്നത്.

Leave a Comment

Your email address will not be published. Required fields are marked *