തൃശൂര്‍: നഗരത്തെ മാലിന്യവിമുക്തമാക്കുന്നതിനുള്ള വിവിധ പദ്ധതികള്‍ക്ക്് പ്രാധാന്യം നല്‍കി ഡെപ്യൂട്ടി മേയര്‍ എം.എല്‍.റോസി തൃശൂര്‍ കോര്‍പറേഷന്റെ
2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു. മേയര്‍ എം.കെ.വര്‍ഗീസിന്റെ അധ്യക്ഷതയിലായിരുന്നു ബജറ്റ് അവതരണം.
ആദ്യം ജനറല്‍ ബജറ്റും തുടര്‍ന്ന് വൈദ്യുതി വിഭാഗം ബജറ്റും അവതരിപ്പിച്ചു.
സീറോ വേസ്റ്റ് കോര്‍പ്പറേഷനാക്കുന്നതിനുള്ള വിവിധ പദ്ധതികള്‍ക്കായി 141.7 കോടി നീക്കിവെച്ചു. സംസ്ഥാനത്തെ ആദ്യ സീറോ വേസ്റ്റ് കോര്‍പ്പറേഷനാക്കുന്നതിന്റെ ഭാഗമായി 86,000 വീടുകളിലേയ്ക്ക് സൗജന്യബയോബിന്‍, വളമാക്കാന്‍ കഴിയാത്ത ജൈവമാലിന്യങ്ങള്‍ ശേഖരിച്ച് ബയോ സി.എന്‍.ജി. ആക്കുന്നതിന് സി.എന്‍.ജി പ്ലാന്റ്, നിര്‍മ്മാണം പൂര്‍ത്തീകരിച്ച മാറ്റാംപുറത്തെ എഫ്.എസ്.ടി.പി. പ്ലാന്റ്, കോര്‍പ്പറേഷന്‍ ജനറല്‍ ആശുപത്രിയുടെ സ്വീവേജ് പ്ലാന്റ്, പുതിയതായി കൊക്കാലെ വഞ്ചിക്കുളത്ത് 2.5 എം.എല്‍.ഡി.യുടെ 75 കോടി രൂപ ചെലവു ചെയ്ത് നിര്‍മ്മിക്കുന്ന സ്വീവേജ് പ്ലാന്റ്, അനുയോജ്യമായ 10 സ്ഥലങ്ങളില്‍ ടേക്ക് എ ബ്രെയ്ക്ക് ഉള്‍പ്പെടെയാണ് 141.7 കോടി രൂപയുടെ പദ്ധതികള്‍.
ബജറ്റില്‍ ആദ്യമായാണ് തൃശൂര്‍ പൂരത്തിന് പൂരക്കമ്മിറ്റിക്ക് 5 ലക്ഷം രൂപ വകയിരുത്തിയത്. പൂരം എക്‌സിബിഷനില്‍ കോര്‍പ്പറേഷന്റെ സ്റ്റാളിനായി 25 ലക്ഷം രൂപ വകയിരുത്തി.
സ്വരാജ് റൗണ്ട്, ഇക്കണ്ടവാര്യര്‍ റോഡ്, ഷൊര്‍ണ്ണൂര്‍ റോഡ്, അഴീക്കോടന്‍ രാഘവന്‍ റോഡ് തുടങ്ങിയ നഗരത്തിലെ 4 പ്രധാനപ്പെട്ട റോഡുകള്‍ ബി.എം.ബി.സി. ആക്കും. കുറുപ്പം റോഡു മുതല്‍ കൂര്‍ക്കഞ്ചേരി വരെ കോണ്‍ക്രീറ്റ് ചെയ്യും. ഓരോ സോണലിലെയും പ്രധാനപ്പെട്ട 2 റോഡുകള്‍ ബി.എം.ബി.സി. ആക്കുന്നതിനും, സ്‌പോട്ട് ഹോള്‍ പാച്ചിംഗ് മെഷീനും ട്രാക്ടറും അനുബന്ധഉപകരണങ്ങളും സജ്ജീകരിക്കുന്നതിനും ഫണ്ട് വകയിരുത്തി.
കോര്‍പ്പറേഷന്‍ ഡിവിഷന്‍ തല ഫണ്ട് 60 ലക്ഷത്തില്‍ നിന്നും 70 ലക്ഷമാക്കി വര്‍ദ്ധിപ്പിക്കും. ടാഗോര്‍ ഉള്‍പ്പെടെ കോര്‍പ്പറേഷന്റെ കീഴിലുള്ള നിര്‍മ്മാണത്തിലിരിക്കുന്ന എല്ലാ കല്ല്യാണമണ്ഡപങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കും. സംസ്ഥാനത്ത് ആദ്യമായി അനിമല്‍ ക്രമിറ്റോറിയത്തിന് 1 കോടി രൂപ വകയിരുത്തും. ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ ഉന്നതിയിലെത്തിക്കുന്നതിനായി അവര്‍ക്കായി സഹകരണ സംഘം രൂപീകരിക്കുന്നതിനും ഫിസിയോതെറാപ്പി കേന്ദ്രം, പകല്‍ പരിപാലന കേന്ദ്രം, വിവാഹ ബ്യൂറോ എന്നിവ ആരംഭിക്കുന്നതിനും ട്രാന്‍സ്‌ജെന്‍ഡറിന്റെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനായി അവരുടെ അഭിരുചിക്കനുസരിച്ചിട്ടുള്ള പുതിയ തൊഴില്‍ പദ്ധതികള്‍ രൂപീകരിക്കുന്നതിനും പദ്ധതികള്‍ക്ക് രൂപം നല്‍കി.
ഐ.ടി. രംഗത്തെ വിദഗ്ധരെയും ഐ.ടി കമ്പനികളുടെയും സഹായത്തോടെ ഐ.ടി ഹബ്ബിനുവേണ്ട നടപടികള്‍ ആരംഭിക്കുന്നതിനും സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതി പൂര്‍ത്തീകരിക്കുന്നതിനും ബജറ്റില്‍ തുക വകയിരുത്തി.