തൃശൂര്‍: തമിഴ്‌നാട്ടിലെ ശിവകാശി വിരുതനഗര്‍ കേന്ദ്രീകരിച്ച് ആയിരത്തോളം പടക്ക നിര്‍മാണശാലകളുണ്ട്. ഇതില്‍ മിക്കവയും ലൈസന്‍സില്ലാത്തവയാണെന്ന് പറയപ്പെടുന്നു. എട്ടരലക്ഷത്തോളം പേര്‍ക്ക് ഉപജീവനമാണ് പടക്കനിര്‍മാണവും, വില്‍പനയും. ദീപാവലി സീസണില്‍ മാത്രം 2,500 കോടിയുടെ പടക്കം വിറ്റുപോകുന്നു.
മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍ തുടങ്ങി ഉത്തരേന്ത്യയിലെ സംസ്ഥാനങ്ങളിലേക്കുള്ള പടക്കം ശിവകാശിയില്‍ നിന്നാണ്. രാജ്യത്ത് പടക്കവില്‍പനയുടെ തൊണ്ണുറ് ശതമാനവും ശിവകാശി കേന്ദ്രീകരിച്ചാണ് നടക്കുന്നത്.
പൊട്ടിത്തെറിയും, മരണവും പതിവെങ്കിലും ഇവിടെ കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളുടെ നിയന്ത്രണങ്ങള്‍ക്ക് പുല്ലുവിലയാണ്. പടക്കനിര്‍മാണലോബിയുടെ സ്വാധീനവലയത്തിലാണിവിടെ ജനപ്രതിനിധികള്‍. കേരളത്തില്‍ 2016-ല്‍ വെടിക്കെട്ട് നിയന്ത്രണം കര്‍ശനമാക്കിയ ശേഷമാണ് ശിവകാശിയില്‍ നിന്ന് കോടികളുടെ പടക്കങ്ങള്‍ കേരളത്തില്‍ വിറ്റുപോയത്. ഉന്നതതല സമ്മര്‍ദ്ദത്താല്‍ കേരളത്തിലെ വെടിക്കെട്ടുകരാറുകാരുടെ ലൈസസും റദ്ദാക്കപ്പെട്ടു. പേരിന് ചിലര്‍ക്ക് മാത്രമാണിപ്പോള്‍ കേരളത്തില്‍ വെടിക്കെട്ടിന് ലൈസന്‍സുള്ളത്.