തൃശൂര്‍: തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച 300 കോടി രൂപയുടെ വികസന പദ്ധതി ഈ വര്‍ഷം ആരംഭിക്കുമെന്ന് കേന്ദ്ര ടൂറിസം-പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി അറിയിച്ചു.
തൃശ്ശൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ 75-ാംവാര്‍ഷിക ആഘോഷങ്ങളുടെ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരമ്പരാഗത വാസ്തുശില്പരീതിയിലും,വിമാനത്താവള മാതൃകയിലുമുള്ള
ബൃഹത്തായ രണ്ടു മാസ്റ്റര്‍ പ്ലാനുകളാണ് രണ്ട് നിലകളിലുള്ള തൃശൂര്‍ റെയില്‍വേ സ്റ്റേഷനായി പരിഗണിക്കുന്നത്. ത്രിഡി സംവിധാനത്തിലുള്ള മാസ്റ്റര്‍ പ്ലാന്‍ മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികള്‍ക്ക് മുന്നില്‍ ഈ മാസം തന്നെ പ്രദര്‍ശിപ്പിക്കും. തുടര്‍ന്ന് ഏത് രീതിയിലുള്ള മാസ്റ്റര്‍ പ്ലാന്‍ വേണമെന്ന് തീരുമാനമെടുക്കും. രണ്ടര വര്‍ഷം കൊണ്ട് റെയില്‍വേ സ്റ്റേഷന്റെ പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.
തൃശ്ശൂരിനായി 25- 50 വര്‍ഷങ്ങള്‍ മുന്നില്‍ക്കണ്ടുള്ള പദ്ധതികള്‍ അവതരിപ്പിച്ചപ്പോള്‍ ഭാവിയില്‍ 100 വര്‍ഷത്തേക്കുള്ള പദ്ധതികള്‍ മുന്‍കൂട്ടി കണ്ട് തയ്യാറാക്കുവാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദേശിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു.
തീരദേശമായ എങ്ങണ്ടിയൂരില്‍ ടൂറിസവും ആയുര്‍വേദവും സമന്വയിപ്പിച്ചുള്ള ഒരു വലിയ പദ്ധതി നടപ്പിലാക്കും. കൊച്ചി മെട്രോ കോയമ്പത്തൂര്‍ വരെ നീട്ടുന്നതിനായുള്ള പദ്ധതിക്കായി ശ്രമങ്ങള്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹിക്ക് മാത്രമായി സൃഷ്ടിച്ച ഡല്‍ഹി മെട്രോ ഇപ്പോള്‍ ഹരിയാനയിലും, ഉത്തര്‍പ്രദേശിലും എത്തി.. അതേ മാതൃക കൊച്ചി മെട്രോക്കും പിന്തുടരാം. സോഫ്റ്റ്വെയര്‍ സിറ്റി എന്നൊരു പദ്ധതി കേരളത്തിനായി ആലോചനയിലുണ്ട്. ഇരിങ്ങാലക്കുട – ഗുരുവായൂര്‍ – പൊന്നാനി – തിരൂര്‍ പാതയ്ക്കായുള്ള പദ്ധതിയുടെ സര്‍വ്വേ നടത്തുവാനായി കേന്ദ്ര അനുമതി ലഭിച്ചതായും അദ്ദേഹം പറഞ്ഞു.
പുത്തൂരിലെ അന്താരാഷ്ട്ര സുവോളജിക്കല്‍ പാര്‍ക്ക് പദ്ധതിയോടൊപ്പം രണ്ട് അന്താരാഷ്ട്ര നിലവാരത്തിലുള്ള ടൂറിസം പദ്ധതികളും നടപ്പാക്കാന്‍ ശ്രമിക്കുമെന്നും അതില്‍ ഒന്നിന്റെ പേര് വിസ്ഡം സിറ്റി എന്നായിരിക്കും എന്നും സുരേഷ് ഗോപി പറഞ്ഞു.
തൃശ്ശൂര്‍ – പൊന്നാനി സ്റ്റേറ്റ് ഹൈവേയില്‍ നടപ്പാക്കി കൊണ്ടിരിക്കുന്ന കോണ്‍ക്രീറ്റ് റോഡ് പദ്ധതിക്കായി കേന്ദ്രസര്‍ക്കാര്‍ പണം നല്‍കി കഴിഞ്ഞിട്ടും കോണ്‍ട്രാക്ടര്‍മാര്‍ എന്തുകൊണ്ട് പണികള്‍ നിര്‍ത്തിവയ്ക്കുന്നു എം.എല്‍.എയും സംസ്ഥാ സര്‍ക്കാരും ചര്‍ച്ചചെയ്ത് തീരുമാനിക്കട്ടെ എന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
റവന്യൂ മന്ത്രി കെ.രാജന്‍, എം.എല്‍.എ പി.ബാലചന്ദ്രന്‍, തൃശ്ശൂര്‍ മേയര്‍ എം കെ വര്‍ഗീസ്, ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് സജീവ് മഞ്ഞില, പ്ലാറ്റിനം ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ടി എസ് പട്ടാഭിരാമന്‍, ചേംബര്‍ ഓഫ് കൊമേഴ്‌സ് സെക്രട്ടറി പി കെ ഹാരിഫ്, ട്രഷറര്‍ കെ എം ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.
12 വിവിധ മേഖലയിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് തിരഞ്ഞെടുത്ത വ്യക്തികള്‍ക്ക് ചടങ്ങില്‍ അവാര്‍ഡ് സമ്മാനിച്ചു.