തൃശൂര്‍: തൃശൂര്‍ പൂരം സുരക്ഷാക്രമീകരണത്തിന്റെ ഭാഗമായി 3,200 പോലീസ് ഉദ്യോഗസ്ഥരെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി വിന്യസിപ്പിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകന്‍ അറിയിച്ചു. 60 ഡിവൈ.എസ്.പിമാരെയും ഡ്യൂട്ടിക്ക് നിയോഗിക്കും. വെടിക്കെട്ടിന് പെസോ നിയന്ത്രണമനുസരിച്ച് സ്വരാജ് റൗണ്ടില്‍ ചില ഭാഗങ്ങളില്‍ മാത്രമെ കാണികളെ പ്രവേശിപ്പിക്കാന്‍ കഴിയൂവെന്നും അദ്ദേഹം അറിയിച്ചു. പോലീസ് കണ്‍ട്രോള്‍ റൂമിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുമായി നാനൂറോളം സിസി ടിവി ക്യാമറകള്‍ സജ്ജീകരിച്ചിട്ടുണ്ട്.
ഏകീകൃത കണ്‍ട്രോള്‍ റൂമിന് പുറമെ റൗണ്ടിന് ചുറ്റുമായി പൂരദിവസം മിനി കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക സുരക്ഷ ഒരുക്കും. ആനകളുടെ മുന്നില്‍ ആറ് മീറ്റര്‍ ഒഴിച്ചിടുമെന്നും അദ്ദേഹം അറിയിച്ചു.