പരിശീലനം പൂര്‍ത്തിയാക്കിയ വനിതാ പോലീസില്‍ പ്രതിഭകള്‍ നിരവധി;
6 പേര്‍ എം.ടെക്ക്, 57 പേര്‍ ബി.ടെക്ക്് ബിരുദധാരികള്‍, ബിരുദാനന്തര ബിരുദക്കാര്‍ 120 പേര്‍
തൃശൂര്‍: ഉയര്‍ന്ന വിഭ്യാഭ്യാസം നേടിയ വനിതകള്‍ പോലീസ് സേനയില്‍ ചേരുന്നത് സേനയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാമവര്‍മ്മപുരം പോലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ വനിതാ പോലീസ് കോണ്‍സ്റ്റബിള്‍മാരുടെ പാസിംഗ് ഔട്ട് പരേഡ് അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 446 വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍ മാരുടെ പാസിങ് ഔട്ട് പരേഡാണ് നടന്നത്. ഇത്തരത്തിലുള്ള പരേഡുകള്‍ സ്ത്രീ ശാക്തീകരണത്തിന്റെ സന്ദേശമാണ് നല്‍കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
യൂണിഫോം സര്‍വീസില്‍ സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രഫഷണല്‍ കോഴ്‌സിലടക്കം റാങ്ക് നേടിയവര്‍ സേനയിലുണ്ടാകുന്നത് അഭിമാനം നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പോലീസ് സേനയില്‍ തെറ്റായ ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ നടക്കുന്നുണ്ട്. ഇത് മാതൃകയാക്കരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 4 കമ്പനിയിലെ 16 പ്ലട്ടൂണുകളിലായി പരിശീലനം നേടിയ സേനാംഗങ്ങള്‍ പരേഡില്‍ അണിനിരുന്നു. ചടങ്ങില്‍ ഡി.ജി.പി അനില്‍കാന്ത്.ഐ.പി.എസ്, എ.ഡി.ജി.പി ട്രെയിനിംഗ് ആന്റ് കേരള പോലീസ് അക്കാദമി ഡയറക്ടര്‍ ബല്‍റാം കുമാര്‍ ഉപാധ്യായ ഐ.പി.എസ്, ഐ.ജി. ട്രെയിനിംഗ് കെ.പി.ഫിലിപ്പ് ഐ.പി.എസ്, അസി.ഡയറക്ടര്‍മാരായ അജി.കെ.കെ., പി.എ.മുഹമ്മദ് ആരിഫ്, എല്‍.സോളമന്‍, നജീബ്.എസ് എന്നിവര്‍ പങ്കെടുത്തു. പരിശീലനത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചവര്‍ക്ക് ട്രോഫി സമ്മാനിച്ചു.
പരിശീലനം പൂര്‍ത്തിയാക്കിയ 446 പേരുടെ വനിതാ പോലീസ് ബറ്റാലിയന്‍ മൂന്നാം ബാച്ചില്‍ ഉന്നത വി്ദ്യാഭ്യാസം കരസ്ഥമാക്കിയവര്‍ നിരവധി. 2 പേര്‍ എം.സി.എയും, 6 പേര്‍ വീതം എം.ബി.എയും എം.ടെക്കും നേടിയവരാണ്. ബി.ടെക്കുകാര്‍ 57 പേരുണ്ട്്, ബിരുദാനന്തരബിരുദം നേടിയ 120 പേരും, ബിരുദം നേടിയ 184 പേരും പരിശീലനം പൂര്‍ത്തിയാക്കിയവരിലുണ്ട്. വിവിധ സര്‍ക്കാര്‍ സര്‍വീസുകളില്‍ നിന്ന് രാജിവെച്ച് 19 പേര്‍ സേനയിലെത്തി.
പരിശീലനത്തില്‍ ബെസ്റ്റ് ഇന്‍ഡോറായി കൊല്ലം കരിക്കോട് കൃഷ്ണാഞ്ജനം വീട്ടില്‍ വര്‍ഷ.എ, ബെസ്റ്റ് ഔട്ട് ഡോറായി പരേഡ് കമാന്‍ഡര്‍ കൂടിയായ കോട്ടയം ജില്ലയിലെ വൈക്കം പടിഞ്ഞാറേക്കര പുതുക്കാട്ട് വീട്ടില്‍ ദിവ്യ.പി.ജെ, ബെസ്റ്റ് ഷൂട്ടര്‍ വൈക്കം കൃഷ്ണപിള്ള റോഡ് ആലവേലില്‍ വീട്ടില്‍ ഗീതു.കെ.എസ്് എന്നിവരെ തിരഞ്ഞെടുത്തു.
പരീശീലന കാലയളവില്‍ എല്ലാ മേഖലയിലും മികവ് പുലര്‍ത്തിയതിന് ബെസ്റ്റ് ഓള്‍ റൗണ്ടറായി തിരുവനന്തപുരം പാറശ്ശാല മുറിയങ്കര തെക്കേചിറ്റാറ്റ് വിള വീട്ടില്‍ എസ്.ഐശ്വര്യയെ തിരഞ്ഞെടുത്തു. മികവ് തെളിച്ചവര്‍ക്കെല്ലാം ചടങ്ങില്‍ ട്രോഫി സമ്മാനിച്ചു. എം.ടെക് കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് സിസ്റ്റം എഞ്ചിനീയറിംഗില്‍ ഒന്നാം റാങ്കുകാരിയാണ് ഐശ്വര്യ.