തൃശൂര്‍ നഗരം വെളിയിട മലമൂത്രവിസര്‍ജ്ജന നിരോധിതമേഖല
തൃശൂര്‍: തൃശൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ പൊതു ഇടങ്ങളില്‍ മലമൂത്രവിസര്‍ജനം നടത്തുന്നവര്‍ക്ക് പിഴ 500 രൂപ. കേരള മുനിസിപ്പാലിറ്റി ആക്റ്റ് പ്രകാരമാണ് പിഴ ഈടാക്കുന്നത്. സീറോ വേസ്റ്റ് കോര്‍പ്പറേഷന്‍ ആക്കുന്നതിന്റെ ഭാഗമായുള്ള ഇത്തരം പ്രവര്‍ത്തനങ്ങളുമായി ജനങ്ങള്‍ സഹകരിക്കണമെന്ന് മേയര്‍ എം.കെ. വര്‍ഗ്ഗീസ് അഭ്യര്‍ത്ഥിച്ചു. കോര്‍പ്പറേഷന്‍ പ്രദേശം വെളിയിട മലമൂത്ര വിസര്‍ജ്ജന നിരോധിത മേഖലയായി കഴിഞ്ഞ കൗണ്‍സിലില്‍ പ്രഖ്യാപിച്ചിരുന്നു. നഗരത്തില്‍ വൃത്തിയുള്ള പൊതുശൗചാലയങ്ങള്‍ ഇതുവരെയും കോര്‍പറേഷന്‍ സ്ഥാപിച്ചിട്ടില്ല. ശക്തനിലെ മത്സ്യമാര്‍ക്കറ്റിലെയും, ജയഹിന്ദ് മാര്‍ക്കറ്റിലെയും ശൗചാലയങ്ങളുടെ സ്ഥിതി ദയനീയമാണ്. പലയിടത്തും സ്ഥാപിച്ചിരുന്ന ഇ-ടോയ്‌ലറ്റുകള്‍ നാശമായിട്ട് വര്‍ഷങ്ങളായി. നഗരത്തില്‍ കൂടുതല്‍ ശൗചാലയങ്ങള്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ശക്തമായ സമരം നടത്തുമെന്ന് നഗരാസൂത്രണ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോണ്‍ ഡാനിയല്‍ അറിയിച്ചു.