Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

വ്യാജരേഖ ചമച്ച കേസ്: ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം. വിദ്യക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി

കൊച്ചി: ഗസ്റ്റ് ലെക്ചറർ ജോലിക്കായി  മഹാരാജാസ് കോളേജിന്റെ  പേരില്‍ വ്യാജരേഖ ചമച്ച കേസില്‍ മുന്‍ എസ്.എഫ്.ഐ നേതാവ് കെ. വിദ്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ഏഴുവര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റങ്ങളാണ് കാസര്‍കോട് തൃക്കരിപ്പൂര്‍ മണിയനോടി സ്വദേശിനി വിദ്യക്കെതിരെ ചുമത്തിയിട്ടുള്ളത്. കുറ്റകൃത്യം നടന്നത് പാലക്കാട് അഗളി സ്റ്റേഷന്‍ പരിധിയിലായതിനാല്‍, കേസ് അഗളി പൊലീസിന് കൈമാറും.

വ്യാജരേഖ ചമച്ചതിന് മൂന്ന് കുറ്റങ്ങള്‍ ഇവര്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്. എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസെടുത്തിരിക്കുന്നത്. കോളേജ് അധികാരികള്‍ വിദ്യക്കെതിരെ പരാതി നല്‍കിയിരുന്നു. മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു.

വിദ്യ എറണാകുളം മഹാരാജാസില്‍ മലയാളം വിഭാഗത്തില്‍ 2018-19, 2020-21 കാലയളവില്‍ ഗെസ്റ്റ് ലെക്ചറായിരുന്നു എന്ന വ്യാജ സര്‍ട്ടിഫിക്കറ്റാണുണ്ടാക്കിയത്. ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് പാലക്കാട്ടെ സര്‍ക്കാര്‍ കോളേജില്‍ മലയാളം വിഭാഗത്തില്‍ 2021-22 അധ്യയന വര്‍ഷത്തില്‍ ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെ ഗെസ്റ്റ് ലെക്ചറായി ജോലി ചെയ്തു. ഇത്തവണ എറണാകുളത്തെ മറ്റൊരു കോളേജില്‍ ഗെസ്റ്റ് ലെക്ചറര്‍ അഭിമുഖത്തിന് ചെന്നെങ്കിലും മഹാരാജാസിലെ അധ്യാപിക അഭിമുഖ പാനലില്‍ ഉണ്ടായിരുന്നതിനാല്‍ വ്യാജ രേഖ ഹാജരാക്കാനായില്ല. ഇതിന് ശേഷമാണ് അട്ടപ്പാടി ഗവ. കോളേജില്‍ അഭിമുഖത്തിന് ചെല്ലുന്നത്. പത്തുവര്‍ഷമായി മഹാരാജാസ് കോളേജില്‍ മലയാളം വിഭാഗത്തില്‍ ഗെസ്റ്റ് ലെക്ചറര്‍ നിയമനം നടന്നിട്ടേയില്ലെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. സര്‍ട്ടിഫിക്കറ്റിലെ കോളജിന്റെ  എംബ്ലവും സീലും വ്യാജമാണ്.

വിദ്യ കരിന്തളം ഗവ. കോളജില്‍ ജോലി നേടിയതും വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ്. 2022 ജൂണ്‍ മുതല്‍ 2023 മാര്‍ച്ച് വരെ ഗെസ്റ്റ് ലക്ചറര്‍ ആയാണ് ജോലി ചെയ്തത്.

കാലടി സര്‍വകലാശാല യൂണിയന്‍ ജനറല്‍ സെക്രട്ടറിയായിരുന്നു വിദ്യ.  മുന്‍ എസ്.എഫ്.ഐ നേതാവ് കൂടിയായ വിദ്യക്ക് കാലടി സര്‍വകലാശാലയില്‍ പി.എച്ച്.ഡിക്ക് പ്രവേശനം ലഭിക്കാന്‍ മന്ത്രി പി. രാജീവ് ഇടപെട്ടു എന്ന ആരോപണത്തിലും സി.പി.എമ്മിന് മറുപടി പറയേണ്ടിവരും.

മഹാരാജാസ് കോളേജിലേക്ക് കെ.എസ്.വിന്റെ പ്രതിഷേധ മാര്‍ച്ച്

മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ രേഖ ചമച്ച കേസിലും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയുടെ വ്യാജ മാര്‍ക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതിലും പ്രതിഷേധം ശക്തമാക്കി കെ.എസ്.യു. എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഹാരാജാസ് കോളജിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് കെ.എസ്.യു നേതാക്കള്‍ അറിയിച്ചു.

മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജരേഖ ചമയ്ക്കാന്‍ വിദ്യയെ സഹായിച്ചത് പി.എം. ആര്‍ഷോ ആണെന്നാണ് കെ.എസ്.യുവിന്റെ ആരോപണം. കോളേജിന്റെ വ്യാജ സീല്‍ ഇവരുടെ പക്കല്‍ ഉണ്ടെന്നും അവര്‍ ആരോപിക്കുന്നു.

 എസ്.എഫ്.ഐ നേതാവ് പരീക്ഷ എഴുതാതെ പാസ്, സാങ്കേതിക പിഴവെന്ന് അധികൃതര്‍

എസ്.എഫ്.ഐ സംസ്ഥാന നേതാവ് പി.എം. ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ച് മഹാരാജാസ് കോളേജ് അധികൃതര്‍. അന്വേഷണത്തിന് ശേഷം ശേഷം കൂടുതല്‍ വിവരം പറയാമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ആര്‍ഷോയുടെ മാത്രമല്ല, മറ്റ് കുട്ടികളുടെയും മാര്‍ക്ക് ലിസ്റ്റില്‍ സമാനമായ പിഴവുകള്‍ സംഭവിച്ചിട്ടുണ്ട്. ഇതെല്ലാം സാങ്കേതിക പിഴവാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഉന്നത വിദ്യാഭ്യസ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ടെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി

എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ ഡിഗ്രി മൂന്നാം സെമസ്റ്റര്‍ പരീക്ഷ എഴുതിയില്ല. പരീക്ഷാ ദിവസങ്ങളില്‍ ജയിലിലായിരുന്നു. എങ്കിലും പാസാക്കിയെന്നാണ് പരാതി. സംഭവം വിവാദമായതോടെ വൈകുന്നേരത്തോടെ ആര്‍ഷോ തോറ്റെന്ന് രേഖപ്പെടുത്തി പുനഃപ്രസിദ്ധീകരിച്ചു. ആര്‍ക്കിയോളജി ആന്‍ഡ് മെറ്റീരിയല്‍ സ്റ്റഡീസിന്റെ 2022 ഡിസംബറില്‍ നടന്ന മൂന്നാം സെമസ്റ്റര്‍ പരീക്ഷയുടെ മാര്‍ക്ക് പട്ടികയാണ് വിവാദത്തിലായത്. ഇപ്പോള്‍ ആറാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിയാണ് ആര്‍ഷോ. രണ്ട് മാസം മുമ്പേ വന്ന റിസള്‍ട്ടാണിത്. അഞ്ച് പേപ്പറുകളില്‍ ഒന്നുപോലും ആര്‍ഷോ എഴുതിയിരുന്നില്ല. ഈരാറ്റുപേട്ട സ്വദേശി വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസില്‍ ആര്‍ഷോ അന്ന് റിമാന്‍ഡിലായിരുന്നു.പട്ടികയില്‍ മാര്‍ക്ക് പൂജ്യമാണെങ്കിലും സെമസ്റ്റര്‍ റിസള്‍ട്ടില്‍ ‘പാസ്ഡ് ‘ എന്ന് രേഖപ്പെടുത്തി. ശരാശരിയോ ഗ്രേഡോ രേഖപ്പെടുത്തിയിരുന്നുമില്ല. 23 വിദ്യാര്‍ത്ഥികളില്‍ ആര്‍ഷോയുടെ പേര് ആദ്യത്തേതാണ്. എട്ടുപേര്‍ മാത്രമാണ് വിജയിച്ചത്.

ആര്‍ഷോയുടെ വാദങ്ങള്‍ തള്ളി പരീക്ഷാഭവന്‍

എസ്.എഫ.്ഐ സംസ്ഥാന സെക്രട്ടറിയുടെ വാദങ്ങള്‍ തള്ളി  മഹാരാജാസ് കോളേജിലെ പരീക്ഷാവിഭാഗം. നാലാം സെമസ്റ്ററില്‍ പുനഃപ്രവേശനം നേടിയെന്ന പി.എം. ആര്‍ഷയുടെ വാദം തെറ്റെന്ന് റിപ്പോര്‍ട്ട്.   മൂന്നാം സെമസ്റ്ററില്‍ പുനഃപ്രവേശനം നേടുകയും  പരീക്ഷയ്ക്ക് റജിസ്റ്റര്‍ ചെയ്യുകയും ചെയ്‌തെന്ന് പരീക്ഷാകണ്‍ട്രോളറുടെ പ്രാഥമിക റിപ്പോര്‍ട്ടിലുണ്ട്.  ജൂനിയര്‍ വിദ്യാര്‍ഥികള്‍ക്കൊപ്പമുള്ള ഫലം ക്രമക്കേടെന്നാണ് ആര്‍ഷോ വാദിച്ചത്.  

അതേസമയം, പുനഃപ്രവേശനം നേടിയത് നാലാം സെമസ്റ്ററില്‍ തന്നെയെന്ന് ആര്‍ഷോ. 2020 ബാച്ചില്‍ മൂന്നാം സെമസ്റ്റര്‍ പരീക്ഷ ഫീസ് അടച്ച് റജിസ്റ്റര്‍ ചെയ്തിരുന്നു. ഫീസ് അടച്ച രേഖ ഉള്‍പ്പെടെ എല്ലാം കോളേജില്‍ ലഭ്യമാവണം. മൂന്നാം സെമസ്റ്ററില്‍ ഇയര്‍ ഔട്ടായാല്‍ എങ്ങനെ റഗുലര്‍ പരീക്ഷ എഴുതാനാവും. വകുപ്പ് മേധാവിക്ക്  ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും ആര്‍ഷോ ആരോപിച്ചു.

എസ്എഫ്‌ഐ നേതാവിന്റെ ആള്‍മാറാട്ടക്കേസില്‍ അന്വേഷണം ദുര്‍ബലം

കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ ആള്‍മാറാട്ടക്കേസില്‍ അന്വേഷണം നിശ്ചലം. യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ആള്‍മാറാട്ടം നടത്തിയ എസ്.എഫ്.ഐ. ഏരിയ സെക്രട്ടറി വിശാഖിനെ കസ്റ്റഡിയില്‍ എടുക്കാതെ പോലീസ്. യു.യു.സിയായി ജയിച്ച അനഘയുടെ മൊഴി രേഖപ്പെടുത്തുന്നതിലും പോലീസ് ഇരുട്ടില്‍ത്തപ്പുന്നു.

യു.യു.സി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകള്‍ പോലീസ് ശേഖരിച്ചു. ഇവ പരിശോധിച്ചുവരികയാണെന്നാണ് നല്‍കുന്ന വിശദീകരണം. നിലവില്‍ വിശാഖ് ഒളിവിലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ആള്‍മാറാട്ടക്കേസില്‍ വിശാഖിന്റേയും പ്രിന്‍സിപ്പല്‍ ചുമതലയുണ്ടായിരുന്ന ഷൈജുവിന്റേയും അറസ്റ്റ് ഉടന്‍ ഉണ്ടാകും എന്നാണ് പോലീസ് പറഞ്ഞു കൊണ്ടിരിക്കുന്നത്. കേസില്‍ രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറായി ജയിച്ച അനഘ എന്ന പെണ്‍കുട്ടിക്ക് പകരം എസ്.എഫ്.ഐ. ഏരിയാ സെക്രട്ടറി വിശാഖിന്റെ പേരാണ് പ്രിന്‍സിപ്പല്‍ സര്‍വകലാശാലയ്ക്ക് അയച്ചത്. കോളേജില്‍നിന്ന് സര്‍വകലാശാലയ്ക്ക് നല്‍കിയ പട്ടികയില്‍ വൈശാഖിന്റെ ചിത്രമുണ്ട്. ഇവര്‍ രണ്ടുപേരും ഈ കത്തില്‍ ഒപ്പിട്ടിട്ടുമുണ്ട്.

സംഭവത്തില്‍ ആള്‍മാറാട്ടം, വിശ്വാസവഞ്ചന, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍ എന്നിവയില്‍ അന്വേഷണം നടത്താന്‍ സംസ്ഥാന പോലീസ് മേധാവിക്കും ജില്ലാ പോലീസ് മേധാവിക്കും കാട്ടാക്കട പോലീസിനും കേരള സര്‍വകലാശാല രജിസ്ട്രാര്‍ പരാതി നല്‍കിയിട്ടുണ്ട്. യു.യു.സി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങളാണ് സര്‍വകലാശാലയ്ക്ക് നല്‍കിയിരിക്കുന്നതെന്നും ഇത് കോളേജിന്റെയും സര്‍വകലാശാലയുടെയും പ്രതിച്ഛായയ്ക്കും അന്തസിനും കോട്ടമുണ്ടാക്കിയതായി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

എസ്എഫ്‌ഐക്കെതിരെ  വലിയ ഗൂഢാലോചനയെന്ന്: എം.വി. ഗോവിന്ദന്‍

എസ്.എഫ്.ഐക്കെതിരായ പുതിയ വിവാദത്തില്‍ പ്രതികരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ രംഗത്ത്. എസ്.എഫ്.ഐക്കെതിരെ വലിയ ഗൂഢാലോചന നടക്കുന്നു. വിഷയത്തെക്കുറിച്ച് വിശദമായി അന്വേഷിക്കണം. പരിക്ഷ എഴുതാത്ത ആള്‍ എങ്ങിനെ ജയിച്ചു എന്നത് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എസ്.എഫ്‌.െഎ നേതാവ് കെ. വിദ്യ മഹാരാജാസ് കോളേജിലെ വ്യാജ പ്രവൃത്തി പരിചയരേഖ ഹാജാരാക്കി അട്ടപ്പാടി കോളേജില്‍ ജോലിക്ക് ശ്രമിച്ചെന്ന ആരോപണത്തില്‍ അന്വേഷണം നടക്കട്ടെയെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. വിഷയത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ആരേയും സംരക്ഷിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *